മലയാളത്തിലൂടെ സിനിമയിലെത്തി പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളില്‍ മുന്‍നിര നായികയായി തിളങ്ങിയ താരമാണ് നടി സ്‌നേഹ. തെന്നിന്ത്യന്‍ സിനിമയുടെ 'പുന്നഗൈ അരസി' എന്നറിയപ്പെടുന്ന പ്രിയനടി സ്‌നേഹ യുടെ പിറന്നാള്‍ ആയിരുന്നു ഇന്നലെ.
തന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയില്‍, താരത്തിന്റെ സിനിമാജീവിതവും ആസ്തി വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയാണ്. സിനിമാപ്രവര്‍ത്തകരും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.
സ്‌നേഹയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഭര്‍ത്താവ് പ്രസന്ന പങ്കുവെച്ച കുറിപ്പും ചിത്രങ്ങളുമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
'ഞാന്‍ എടുത്ത നിന്റെ ഓരോ ചിത്രത്തിലും നീ എത്ര അത്ഭുതകരമായ ഒരു സ്ത്രീയെന്നതിനുള്ള സ്‌നേഹവും ആരാധനയും നിറഞ്ഞുനില്‍ക്കുന്നുണ്ട്. ക്ഷീണം വകവെക്കാതെ നീ കഠിനാധ്വാനം ചെയ്യുന്നതും സ്വപ്നങ്ങള്‍ക്ക് പിന്നാലെ പായുന്നതും ഏറ്റവും സമര്‍പ്പിതയായ ഒരമ്മയായിരിക്കുന്നതും എന്നിട്ടും എന്റെ ഏറ്റവും അടുത്ത സുഹൃത്തും ഏറ്റവും വലിയ ശക്തിയും പ്രിയപ്പെട്ട യാത്രാ പങ്കാളിയുമായി മാറാന്‍ സമയം കണ്ടെത്തുന്നതും ഞാന്‍ അത്ഭുതത്തോടെ നോക്കിനില്‍ക്കാറുണ്ട്.
പക്ഷേ, അതുപോലെ തന്നെ എനിക്ക് മാത്രം കാണാന്‍ കഴിയുന്ന, ആ ഭ്രാന്തമായ തമാശയും കുസൃതിയും നിറഞ്ഞ ചെറിയ പെണ്‍കുട്ടിയെയാണ് ഞാന്‍ ഏറ്റവുമധികം സ്‌നേഹിക്കുന്നത്! എന്നെ ഭ്രാന്ത് പിടിപ്പിക്കുകയും മറ്റാരെയും പോലെ എന്നെ ചിരിപ്പിക്കുകയും ചെയ്യുന്നവള്‍!
നിന്നെ ഞാന്‍ എത്രമാത്രം ആരാധിക്കുന്നുവെന്ന് പലപ്പോഴും പറയാറില്ല, കണ്ണമ്മ. നിന്റെ ശക്തിയും, നിന്റെ സ്‌നേഹനിര്‍ഭരമായ ഹൃദയവും, നീ സ്‌നേഹിക്കുന്ന രീതിയും ഓരോ ദിവസവും നിന്നിലേക്ക് എന്നെ കൂടുതല്‍ അടുപ്പിക്കുന്നു.
ജന്മദിനാശംസകള്‍ എന്റെ പ്രണയമേ! എല്ലാ ജന്മത്തിലും ഞാന്‍ നിന്നെത്തന്നെ തിരഞ്ഞെടുക്കും... വാശികളും കുസൃതികളും അടക്കം! 'എന്നായിരുന്നു പ്രസന്നയുടെ വാക്കുകള്‍. പോസ്റ്റിനു താഴെ 'ലവ് യൂ മോര്‍' എന്നാണ് സ്‌നേഹ കമന്റായി കുറിച്ചത്.
2000-ല്‍ 'ഇങ്ങനെ ഒരു നിലാപക്ഷി' എന്ന മലയാള ചിത്രത്തിലൂടെയാണ് സ്‌നേഹ സിനിമയിലെത്തുന്നത്. തുടര്‍ന്ന് 'എന്നവളേ' എന്ന ചിത്രത്തിലൂടെ തമിഴിലെത്തിയ താരം, 'ആനന്ദം', 'വസൂല്‍ രാജ എം.ബി.ബി.എസ്' തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ മുന്‍നിര നായികയായി ഉയരുകയായിരുന്നു.
വിവാഹശേഷം അഭിനയത്തില്‍ സജീവമായ സ്‌നേഹ, ദളപതി വിജയ് ചിത്രമായ 'ഗോട്ടി'ല്‍ ഉള്‍പ്പെടെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ചിത്രത്തിനായി താരം ഒരു കോടി രൂപയോളം പ്രതിഫലം വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. സിനിമകള്‍ക്കും റിയാലിറ്റി ഷോകള്‍ക്കുമായി തിളങ്ങുന്ന സ്‌നേഹയുടെ ആകെ ആസ്തി 50 കോടിക്കും 70 കോടിക്കും ഇടയിലാണ്. ഭര്‍ത്താവ് പ്രസന്നയുടെ ആസ്തി ഏകദേശം 45 കോടിയോളം വരും. ഇരുവരുടെയും സംയുക്ത ആസ്തി 100 കോടിക്ക് മുകളിലാണ്. ചെന്നൈയിലെ ആഡംബര ബംഗ്ലാവും ഔഡി എ6, മേഴ്‌സിഡസ് ബെന്‍സ് തുടങ്ങിയ വിലകൂടിയ കാറുകളും ഇവരുടെ ആഡംബര ജീവിതത്തിന്റെ മാറ്റുകൂട്ടുന്നു.
സിനിമകളിലും വന്‍കിട പരസ്യങ്ങളിലും സ്റ്റേജുകളിലും ഒരേപോലെ തിളങ്ങുന്ന സ്‌നേഹ, ആഡംബര ജീവിതവും സന്തോഷകരമായ കുടുംബജീവിതവുമായി സോഷ്യല്‍ മീഡിയയിലും സജീവമാണ്. 2009-ല്‍ 'അച്ചമുണ്ട് അച്ചമുണ്ട്' സിനിമയുടെ ഷൂട്ടിംഗിനിടയിലാണ് നടന്‍ പ്രസന്നയും സ്‌നേഹയും തമ്മില്‍ സൗഹൃദത്തിലാകുന്നത്. പിന്നീട് ആ ബന്ധം പ്രണയമായി മാറുകയായിരുന്നു.