ബോളിവുഡിലെ ശ്രദ്ധേയനായ താരമാണ് നവാസുദ്ദീന്‍ സിദ്ദിഖി. അടുത്തിടെയായിരുന്നു താരത്തിന്റെ കുടുംബത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് ഭാര്യയായ ആലിയ രംഗത്ത് എത്തിയത്. ഇതേ തുടർന്ന് വിവാഹമോചന ഹര്‍ജിയും ആലിയ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹമോചനം വേണ്ടെന്ന തീരുമാനത്തിലാണ് ആലിയ എത്തി നിൽക്കുന്നത്. താന്‍ സിദ്ദിഖിയുമായുള്ള പ്രശ്‌നങ്ങള്‍ കുട്ടികളുടെ ഭാവിക്ക് വേണ്ടി പരിഹരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരപത്നി തുറന്ന് പറഞ്ഞിരിക്കുകയാണ്.
ഞാന്‍ നവാസുദ്ദീനുമായി ഒത്തു തീര്‍പ്പിന് തയ്യാറാണ്. വിവാഹമോചന ഹര്‍ജി പിന്‍വലിക്കും. നവാസുദ്ദീന്റെ സഹോദരന്‍ ഷമാസുമായുള്ള പ്രശ്‌നങ്ങളും പരിഹരിക്കുമെന്നുമാണ് ആലിയ വ്യക്തമാക്കുന്നത്. എനിക്ക് കോവിഡ് വന്നതോടെ മക്കളായ ഷോറയേയും യാനിയേയും നവാസിന്റെ അടുത്താക്കി. അപ്പോള്‍ ലഖ്‌നൗവില്‍ സിനിമ ഷൂട്ടിങ്ങിലായിരുന്നു അദ്ദേഹം. പക്ഷേ കുട്ടികളെ പരിപാലിച്ചത് എന്നെ അത്ഭുതപ്പെടുത്തി. രണ്ടുപേരും നവാസുദ്ദീനൊപ്പം ഹോട്ടല്‍ മുറിയിലാണ് കഴിഞ്ഞത്. രാവിലെ എഴുന്നേല്‍പ്പിച്ച് അവരെ ഓണ്‍ലൈന്‍ ക്ലാസില്‍ ഇരുത്തി. അതിന് ശേഷം ഷൂട്ടിങ് ലൊക്കേഷനിലേക്ക് കൊണ്ടുപോയി. ഇതെല്ലാം അദ്ദേഹം ഒറ്റക്കാണ് ചെയ്തത്. അത് അദ്ദേഹത്തിന്റെ കടമയാണെന്ന് മനസിലാക്കി. ഞാന്‍ അതില്‍ വളരെ അധികം സന്തോഷവതിയാണ്. നവാസുദ്ദീന്റെ സ്വഭാവത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കാണാനുണ്ട്. കുട്ടികളും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തോടൊപ്പം നല്ലൊരു ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നു. ആലിയ പറഞ്ഞു.
ഒരു വര്‍ഷത്തിന് ശേഷം നവാസുദ്ദീനുമായി സംസാരിക്കുന്നത് കോവിഡ് കാലത്താണ്. കുട്ടികളുടെ കാര്യത്തിനായി വാട്‌സ്‌ആപ്പിലൂടെ ബന്ധപ്പെടുക മാത്രമാണ് ഇതുവരെ ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം മെയിലാണ് ആലിയ, സിദ്ദിഖിയ്‌ക്കെതിരേ വിവാഹമോചന കേസ് നല്‍കിയത്. ഗാര്‍ഹിക പീഡനം, പരസ്ത്രീ ബന്ധം തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കുട്ടികളെ കാണാന്‍ പോലും നവാസ് വരാറില്ലായിരുന്നു എന്നും-- ആലിയ പറഞ്ഞിരുന്നു.