ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നാണ് സുരേഷ് ഗോപി ഇത്തവണ പാര്‍ലമെന്റിലേക്ക് വിജയിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും പരാജയമായിരുന്നു ഫലം. സുരേഷ് ഗോപി ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞ വാക്കുകളായിരുന്നു, 'തൃശൂര്‍ ജനത തൃശൂര്‍ എനിക്ക് തരണം, തൃശൂര്‍ ഞാനെടുക്കും. തൃശൂര്‍ എനിക്ക് വേണം' എന്നത്. എന്നാല്‍ രണ്ട് പരാജയങ്ങളിലും സുരേഷ് ഗോപിയുടെ ഈ വാക്കുകള്‍ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. സമാനമായി സിഎഎ സമരത്തിന് ഐക്യദാര്‍ഢ്യവുമായി നടി നിമിഷ സജയന്‍ പറഞ്ഞ വാക്കുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. നാല് വര്‍ഷം മുമ്പ് സിഎഎ സമരത്തിനെതിരെ കൊച്ചിയില്‍ നടന്ന ജനാവലിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് നിമിഷ, 'തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തിട്ടില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്, നമ്മള്‍ കൊടുക്കുമോ? കൊടുക്കൂല്ല. നന്ദി' എന്നാണ് നിമിഷ പറഞ്ഞത്.
എന്നാല്‍ സുരേഷ് ഗോപി വിജയിച്ചതിന് പിന്നാലെ നടിക്കെതിരെ വലിയ സൈബര്‍ അറ്റാക്ക് തന്നെ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഈ വിഷയത്തില്‍ തന്റെ അഭിപ്രായം പറയുകയായിരുന്നു നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ്. മന്ദാകിനി എന്ന സിനിമയുടെ റിലീസ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രതികരണം. 'രാഷ്ട്രീയം എന്ന് പറയുന്നത് ഇങ്ങനെ തന്നെയാണ്. അത്ര ആധികാരികമായി പറയാനുള്ള രാഷ്ട്രീയ അറിവൊന്നും എനിക്ക് ഇല്ല. ഇന്ന് ജയിച്ച് വന്നിട്ടുള്ള എത്രയോ പേര്‍ തോറ്റിട്ട് തന്നെയാണ് എത്തിയിട്ടുള്ളത്. എന്റെ അച്ഛന്‍ 30-40 കൊല്ലമായിട്ട് ജനങ്ങള്‍ക്ക് ഇടയില്‍ ഇത്രയും ജനപ്രീതി ഉള്ള ആളും അറിയാവുന്ന ആളായിട്ട് കൂടിയും അച്ഛനെ അറിഞ്ഞുകൂട എന്ന മട്ടിലായിരുന്നു കഴിഞ്ഞ ഒരു ആറോ എട്ടോ കൊല്ലമായിട്ട്,' ഗോകുല്‍ പറഞ്ഞു.
'അച്ഛന്‍ ബിജെപിയില്‍ വന്നപ്പോള്‍ എന്തോ ആയി. വലിയ നെഗറ്റീവ് ആയിരിക്കും. ഒരു മത വിഭാഗത്തെ അടിച്ച് ഈ രാജ്യത്ത് നിന്ന് കളയും തുടങ്ങിയ കാര്യങ്ങള്‍ നടക്കുകയാണ്. ഇവര്‍ ഒന്നും ഇരുന്ന് ആലോചിക്കാത്തതുകൊണ്ടാണ്. എന്നിട്ടും പുള്ളി ജയിച്ചല്ലോ. അതിന് ജനങ്ങളോട് നന്ദി. ഞങ്ങള്‍ക്ക് അച്ഛനെ കുറച്ചു കൂടി നഷ്ടപ്പെട്ടു. പക്ഷെ നിങ്ങള്‍ക്ക് അച്ഛനെ കുറച്ചു കൂടി കിട്ടി. പെട്ടെന്ന് തന്നെ ഇപ്പോള്‍ ഒരു കിരീടത്തിന്റെ വിഷയമോ അല്ലെങ്കില്‍ ബീഫിന്റെ വിഷയമോ ഒരു പോണ്ടിച്ചേരി രജിസ്‌ട്രേഷന്റെ വിഷയമോ എട്ടോ ഒന്‍പതോ വര്‍ഷം ഞങ്ങളുടെ കൈയ്യില്‍ ഇരുന്ന ഒരു വണ്ടി, ഒന്‍പതാമത്തെ കൊല്ലം ടാക്‌സ് വെട്ടിച്ച വണ്ടിയായി മാറി. ഇങ്ങനൊക്കെ ഉള്ള കുറേ പരിപാടികള്‍ കറങ്ങുന്നുണ്ട്. നിമിഷ ഇത് പറഞ്ഞ സമയത്ത് അന്ന് മീഡിയ ഇത് വൈറല്‍ ആക്കിയതും ഞാന്‍ അന്ന് കണ്ടിരുന്നു. മീഡിയക്കാരുടെ വൈറല്‍ ആക്കാനുള്ള പ്രയത്‌നവും അന്ന് കണ്ടിരുന്നു. തിരിച്ചും അതു പോലെ നടക്കുന്നു. എനിക്ക് ഒട്ടും സുഖം തോന്നുന്നില്ല, നിമിഷ ഇത് കാരണം വിഷമിക്കുന്നുണ്ടെങ്കില്‍ എനിക്കോ അച്ഛനോ അത് ഒട്ടും സന്തോഷം കൂടുതല്‍ തരുന്ന കാര്യമല്ല,' എന്നും ഗോകുല്‍ പറയുന്നു.