കെജിഎഫ് എന്ന മെഗാ ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം യാഷ് നായകനായി എത്തുന്ന 'ടോക്‌സിക്' എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ സംവിധായിക ഗീതു മോഹന്‍ദാസിന് നേരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. ടീസറിലെ ഉള്ളടക്കം 'അശ്ലീലത' നിറഞ്ഞതാണെന്ന് ആരോപണമുയരുമ്പോള്‍, മുന്‍പ് മമ്മൂട്ടി ചിത്രം 'കസബ'യ്ക്കെതിരെ ഗീതു മോഹന്‍ദാസ് സ്വീകരിച്ച നിലപാടുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും വിമര്‍ശനങ്ങള്‍ ശക്തമാകുന്നത്.
യാഷിന്റെ പിറന്നാളിനോട് അനുബന്ധിച്ച് റായ എന്ന കഥാപാത്രത്തിന്റെ ടീസറാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ആക്ഷനും മാസ് രംഗങ്ങള്‍ക്കുമൊപ്പം 'അശ്ലീലത'യും കൂട്ടിച്ചേര്‍ത്താണ് ടീസര്‍ എത്തിയിരിക്കുന്നതെന്നാണ് വിമര്‍ശകരുടെ വാദം. 'കസബ' സിനിമയുമായി ബന്ധപ്പെട്ട് ?ഗീതു മോഹന്‍ദാസ് ഉള്‍പ്പെടെയുള്ളവര്‍ മുന്‍പ് നടത്തിയ പരാമര്‍ശങ്ങള്‍ പലരും ചൂണ്ടിക്കാട്ടുന്നു. 'അന്ന് കസബയ്ക്ക് എതിരെ പറഞ്ഞവരാണ് ഇപ്പോള്‍, സ്ത്രീകളെ മോശമായി ചിത്രീകരിച്ചിരിക്കുന്നത്. ബോര്‍ഡര്‍ കഴിഞ്ഞാല്‍ പ്രശ്‌നമില്ലെന്നാണോ?' എന്ന് ഒരു ഉപയോക്താവ് സമൂഹമാധ്യമത്തില്‍ കുറിച്ചു
'മമ്മൂക്ക കസബയില്‍ എന്തോ ചെയ്തു എന്ന് പറഞ്ഞ് ഇവരൊക്കെ എന്തൊക്കെ പറഞ്ഞതാണ്. എന്നിട്ട് ആണ് ഇമ്മാതിരി ഒരു ഐറ്റം', എന്നും മറ്റൊരു പോസ്റ്റില്‍ വിമര്‍ശനം ഉയര്‍ന്നു. യാഷിന്റെ രൂപകല്‍പ്പന മികച്ചതല്ലെന്നും പശ്ചാത്തല സംഗീതം മാത്രമാണ് ആകെ ആകര്‍ഷകമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. 'ടോക്‌സിക് എന്ന പേരിട്ട് നന്മ പടം എടുക്കില്ലെന്ന് അറിയാം. പക്ഷേ ഇതൊക്കെ കുറച്ചു ഓവര്‍ അല്ലേ ഗീതു മോഹന്‍ദാസ്', എന്നും വിമര്‍ശകര്‍ ചോദ്യമുന്നയിക്കുന്നു.
അതേസമയം, ടീസറിനെ പിന്തുണച്ചും ധാരാളം പേര്‍ എത്തുന്നുണ്ട്.
ഗീതു മോഹന്‍ദാസിനെ പ്രശംസിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ രഗംത്തെത്തി.. സ്ത്രീ ശാക്തീകരണത്തിന്റെ യഥാര്‍ത്ഥ പ്രതീകമാണ് ഗീതു മോഹന്‍ദാസെന്ന് വര്‍മ്മ അഭിപ്രായപ്പെട്ടു. ടീസര്‍ കണ്ടതിന് പിന്നാലെയാണ് രാം ഗോപാല്‍ വര്‍മ്മ ഗീതു മോഹന്‍ദാസിനെ പ്രശംസിച്ച് രംഗത്തെത്തിയത്. 'യഷ് അഭിനയിക്കുന്ന 'ടോക്‌സിക്കി'ന്റെ ട്രെയിലര്‍ കണ്ടതിന് ശേഷം എനിക്ക് ഒരു സംശയവുമില്ല, ഗീതു മോഹന്‍ദാസ് ആണ് സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ പ്രതീകം. ഒരു പുരുഷ സംവിധായകനുമായും ഈ സ്ത്രീയെ താരതമ്യം ചെയ്യാന്‍ കഴിയുന്നില്ല... അവരാണ് ഇത് ചിത്രീകരിച്ചതെന്ന് എനിക്കിപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല' എന്നായിരുന്നു രാം ഗോപാല്‍ വര്‍മ്മയുടെ വാക്കുകള്‍. ഗീതു മോഹന്‍ദാസിനെ ഒരു പുരുഷ സംവിധായകനുമായും താരതമ്യം ചെയ്യാന്‍ പോലും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമ പൂര്‍ണ്ണമായി പുറത്തിറങ്ങുന്നതിന് മുന്‍പ് അനാവശ്യമായി വിമര്‍ശിക്കുന്നത് ശരിയല്ലെന്നും, ടീസറും പോസ്റ്ററുകളും കണ്ട് മാത്രം ഒരു കഥയെ വിലയിരുത്തരുതെന്നും മറ്റ് ചിലര്‍ പറയുന്നു.