തൂവാനത്തുമ്പികളും സുഖമോ ദേവിയും മാളൂട്ടിയും നൊമ്പരത്തിപ്പൂവും മണിവത്തൂരിലെ ആയിരം ശിവരാത്രികളും ഇരകളും പിന്നെ പത്താമുദയവും; എൺപതുകളിലെ സൂപ്പർഹിറ്റ് നിർമ്മാതാവ്; ഗാന്ധിമതി ബാലൻ അന്തരിച്ചു

Malayalilife
തൂവാനത്തുമ്പികളും സുഖമോ ദേവിയും മാളൂട്ടിയും നൊമ്പരത്തിപ്പൂവും മണിവത്തൂരിലെ ആയിരം ശിവരാത്രികളും ഇരകളും പിന്നെ പത്താമുദയവും; എൺപതുകളിലെ സൂപ്പർഹിറ്റ് നിർമ്മാതാവ്; ഗാന്ധിമതി ബാലൻ അന്തരിച്ചു

പ്രശസ്ത സിനിമാ നിർമ്മാതാവുമായ ഗാന്ധിമതി ബാലൻ (66) അന്തരിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളസിനിമയുടെ ക്‌ളാസിക്കുകൾ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒട്ടേറെ സിനിമകൾ നിർമ്മിച്ചത് ഗാന്ധിമതി ബാലനായിരുന്നു.

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലൂടെ നിർമ്മാണ രംഗത്ത് എത്തിയ ഗാന്ധിമതി ബാലൻ പിന്നീട് ആദാമിന്റെ വാരിയെല്ല്, പഞ്ചവടി പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികൾ, സുഖമോ ദേവി, മാളൂട്ടി, നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, ഇരകൾ, പത്താമുദയം തുടങ്ങി 30 ൽ പരം സിനിമകളുടെ നിർമ്മാണവും വിതരണവും നടത്തി.

സ്ഫടികം, കിലുക്കം എന്നിവയുടെ നിർമ്മാണ ചുമതലകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം തിരുവനന്തപുരത്തെ ധന്യ, രമ്യ തിയേറ്റർ ഉടമ കൂടിയായിരുന്നു. ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നൽകിയ പേരായിരുന്നു ഗാന്ധിമതി എന്നത്. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നിൽ ചേർത്തായിരുന്നു ബാലൻ തന്റെ പ്രവൃത്തിമണ്ഡലം വിപുലീകരിച്ചത്.

മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്. 2015 നാഷനൽ ഗെയിംസ് ചീഫ് ഓർഗനൈസർ കൂടിയായിരുന്നു ഗാന്ധിമതി ബാലൻ.

63 വയസിൽ മകൾക്കൊപ്പം ആലിബൈ എന്ന പേരിൽ സൈബർ ഫോറെൻസിക് സ്റ്റാർട്ട്അപ്പ് കമ്പനി സ്ഥാപിച്ച് രാജ്യത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്ഥാപനം ആയി വളർത്തി.

gandhimathi balan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES