ബോളിവുഡിൽ ശ്രദ്ധേയായ താരമാണ് ഭാഗ്യശ്രീ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച താരം ഇപ്പോൾ സൽമാൻ ഖാനൊപ്പം അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം മേനേ പ്യാർ കിയായുടെ സെറ്റിൽ നടന്ന സംഭവം വെളിപ്പെടുത്തി കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. ഭാഗ്യശ്രീ ആദ്യമായി വേഷമിട്ട ചിത്രമായിരുന്നു മേനെ പ്യാർ കിയാ. ഈ ചിത്രത്തിന് വേണ്ടി ആ കാലത്തെ പ്രമുഖ ഫോട്ടോഗ്രാഫർ ഫോട്ടോഷൂട്ടിനായി സൽമാനോട് പറഞ്ഞതും അതിന് സൽമാൻ ഖാന്റെ മറുപടിയുമാണ് താരം ഇപ്പോൾ ആരാധകരുമായി പങ്കുവയ്ക്കുന്നത്.
‘ആ സമയത്തെ ഏറ്റവും പ്രശസ്തനായ ഫോട്ടോഗ്രാഫറായിരുന്നു ഞങ്ങളുടെ ഫോട്ടോഷൂട്ടിന് എത്തിയത്. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന് ഞങ്ങളുടെ ഹോട്ട് ചിത്രമായിരുന്നു ആവശ്യം. അത് സൽമാനോട് ആവശ്യപ്പെടുകയും ചെയ്തു.
‘താൻ ക്യാമറയുമായി തയാറായിക്കഴിഞ്ഞാൽ താങ്കൾ ഭാഗ്യശ്രീയെ വാരിയെടുത്ത് ചുംബിക്കണം. ഇതായിരുന്നു ആ ഫോട്ടോഗ്രാഫർ സൽമാനോട് ആവശ്യപ്പെട്ടത്. തന്നോടു പറയാതെയായിരുന്നു ഈ സംഭാഷണമെന്ന് ഭാഗ്യശ്രീ പറയുന്നു.
‘അവിചാരിതമായാണ് ഞാൻ ഈ സംഭാഷണം കേട്ടത്. സൽമാൻ അന്ന് വലിയ താരമായി കഴിഞ്ഞിരുന്നു. ഞങ്ങളെല്ലാവരും അഭിനയരംഗത്ത് പുതിയ ആളുകളായിരുന്നു. ഇങ്ങനെയൊക്കെ ചെയ്യാനുള്ള പ്രത്യേക അവകാശം തനിക്കുണ്ടെന്നായിരുന്നു ആ ഫോട്ടോഗ്രാഫറുടെ ധാരണ. ഫോട്ടോഗ്രാഫറുടെ ആവശ്യം കേട്ട ഞാൻ ഞെട്ടിത്തരിച്ചു പോയി.
‘എന്നാൽ സൽമാന്റെ മറുപടി അദ്ദേഹത്തോടുള്ള ബഹുമാനം ഇരട്ടിയാക്കി. ഞാൻ അങ്ങനെയൊന്നും ചെയ്യാൻ പോകുന്നില്ലെന്നും, നിങ്ങൾക്ക് അത്തരം ഫോട്ടോ ആവശ്യമുണ്ടെങ്കിൽ ആദ്യം പോയി ഭാഗ്യശ്രീയോട് ചോദിക്കണം എന്നുമായിരുന്നു സൽമാന്റെ മറുപടി’. സൽമാന്റെ മറുപടി കേട്ടതോടെയാണ് താൻ സുരക്ഷിതമായ ഇടത്താണ് ഉള്ളതെന്ന വിശ്വാസം വന്നതെന്നും ഭാഗ്യശ്രീ പറയുന്നു.