മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെ ആദ്യ സിനിമ എന്നതുകൊണ്ട് തന്നെ പ്രഖ്യാപനം മുതൽ മലൈക്കോട്ടൈ വാലിബൻ വലിയ ഹൈപ്പ് കിട്ടിയ സിനിമയാണ്. മണിക്കൂറുകൾക്ക് മുമ്പ് സിനിമയുടെ ടീസർ പുറത്തുവന്നിരുന്നു. മോഹൻലാലാണ് ടീസറിൽ നിറഞ്ഞുനിൽക്കുന്നത്. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. നൂറ്റി മുപ്പത് ദിവസങ്ങളിലായി രാജസ്ഥാന്, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്.
ടീസർ പുറത്ത് വന്നതോടെ അറുപത്തിമൂന്നുകാരനായ മോഹൻലാലിന്റെ ഫിറ്റ്നസാണ് ചർച്ചയാകുന്നത്. ടീസറിൽ ഒരു ഷോട്ടിൽ തന്റെ ബൈസെപ്സ് മോഹൻലാൽ വിടർത്തി കാണിക്കുന്നുണ്ട്. സിനിമയിൽ ഗുസ്തിക്കാരനായാണ് മോഹൻലാൽ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമയുടെ പോസ്റ്ററുകൾ പുറത്തിറങ്ങിയപ്പോൾ മസിലൊക്കെ ഫേക്കും എഡിറ്റഡുമാണെന്നും ജിമ്മിൽ മോഹൻലാൽ പോകുന്നത് ഫോട്ടോ എടുക്കാൻ വേണ്ടി മാത്രമാണെന്നും അല്ലാതെ ഇതിലൊന്നും വലിയ കാര്യമില്ലെന്നും ഒരു വിഭാഗം താരത്തെ പരിഹസിച്ചിരുന്നു. പുതിയ ടീസറിലെ ബൈസെപ്സ് ഉയർത്തി കാണിക്കുന്ന രംഗത്തിലൂടെ മോഹൻലാൽ തന്റെ ഹേറ്റേഴ്സിന് കുറിക്കുകൊള്ളുന്ന മറുപടി നൽകി കഴിഞ്ഞുവെന്നാണ് ആരാധകരുടെ പക്ഷം. ഈ പ്രായത്തിലും കഥാപാത്രത്തിന് വേണ്ടി മോഹൻലാൽ എടുത്ത പ്രയത്നത്തേയും അഭിനന്ദിച്ച് ആളുകൾ എത്തുന്നുണ്ട്.
വാലിബനാൽ തകർക്കപ്പെടാൻ പോകുന്നത് മലയാള ബോക്സ് ഓഫീസായിരിക്കും, ഈ സബ്ജെക്ട് ചിലപ്പോൾ എല്ലാർക്കും ദാഹിച്ചെന്ന് വരില്ലെന്ന് തോനുന്നു. നാടക സ്റ്റൈലുണ്ട്, തല വെട്ടിക്കയറ്റിയതാണെന്ന് പറഞ്ഞ് നടന്നവർക്ക് ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം, എന്തുവാടെ ഇത് എന്റെ പൊന്നോ ജിമ്മൻ... ഒരു രക്ഷയുമില്ല പൊളിച്ചു ലാലേട്ടാ, പോസ്റ്റർ കണ്ടിട്ട് മസിൽസൊക്കെ ഫേക്കാണ് എഡിറ്റഡാണ് എന്നൊക്കെ പറഞ്ഞ് കളിയാക്കിയ ചിലർക്കുള്ള മറുപടിയാണ് പുതിയ ടീസർ എന്നിങ്ങനെയെല്ലാമാണ് കമന്റുകൾ.