വ്യത്യസ്തമായ ശബ്ദവും ഗാനാലാപനവും കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് ജി വേണുഗോപാല്‍. മലയാള സിനിമയില്‍ ഒരു താരാട്ട് പാട്ട് പാടികൊണ്ടാണ് ജി.വേണുഗോപാല്‍ എന്ന ഗായകന്റെ കടന്നുവരവ്. മൂന്ന് തവണ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരമടക്കം അദ്ദേഹം നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവമായ ഗായകന്‍ ഇപ്പോഴിതാ, തന്റെ മരണവാര്‍ത്തയുമായാണ് രംഗത്തു വന്നിരിക്കുന്നത്. ഇനി ഞാന്‍ ഉടനെയൊന്നും മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്രസമ്മേളനം നടത്തണോ എന്ന ചോദ്യവുമായി നടന്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
'അങ്ങനെ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാന്‍. ഇപ്പോള്‍, കാഷ്മീരിലെ സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ്, പെഹല്‍ഗാം എന്നിവിടങ്ങളില്‍ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറില്‍ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാര്‍ത്ത എന്റെ മോഡല്‍ സ്‌കൂള്‍ ഗ്രൂപ്പിലെ സുഹൃത്തുക്കള്‍ 'ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താല്‍ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്....' എന്ന ശീര്‍ഷകത്തോടെ അയച്ച് തന്നത്. ഇനി ഞാന്‍ ഉടനെയൊന്നും മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങള്‍ ഉപദേശിക്കണേ.... VG.' എന്നാണ് ഗായകന്‍ കുറിച്ചിരിക്കുന്നത്.
കൃത്യം ഒരുമാസം മുമ്പ് കാന്‍സര്‍ ബാധിച്ച് തനിക്ക് പ്രിയപ്പെട്ടവനായ ഒരു കുഞ്ഞുമോന്‍ വിടവാങ്ങിയ സങ്കടം വേണുഗോപാല്‍ വേദനയോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വേണുഗോപാലിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന 'സസ്നേഹം ജി.വേണുഗോപാല്‍' എന്ന സന്നദ്ധ ഫൗണ്ടേഷന്‍ ചികിത്സാ സഹായം നല്‍കുന്ന ആദിത്യന്‍ എന്ന വിദ്യാര്‍ത്ഥിയുടെ മരണമാണ് വേണുഗോപാല്‍ പങ്കുവച്ചത്. അന്ന് നടനിട്ട കുറിപ്പുകളിലെ വാക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് ഒരു യൂട്യൂബ് ചാനലില്‍ ഒരു മാസത്തിനിപ്പുറം ജി വേണുഗോപാലിന്റെ മരണമെന്നോണം വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. തമ്പ് നെയിലിലെ മരണം കീഴടക്കി.. കണ്ണീരായി ഗായകന്‍ ജി വേണുഗോപാല്‍ എന്ന വാക്കുകളാണ് തെറ്റിദ്ധാരണ പടര്‍ത്തിയത്. അതേസമയം ടൈറ്റിലില്‍ അര്‍ബുദം കവര്‍ന്നെടുത്തു.. കണ്ണീരോടെ ജി വേണുഗോപാല്‍ എന്നുമാണ് നല്‍കിയിരിക്കുന്നത്.
ഇത്തരത്തില്‍ പല പ്രമുഖ വ്യക്തികളുടെയും വ്യാജമരണവാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കാറുണ്ട്. നേരത്തേ സുകുമാര്‍ അഴീക്കോട്, ഇന്നസെന്റ്, സലിംകുമാര്‍, നടി കനക, എന്നിവരുടെ പേരിലും ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ ഉണ്ടായിട്ടുണ്ട്.