മലയാള സിനിമയില്‍ നിന്ന് പാന്‍ ഇന്ത്യന്‍ താരമൂല്യത്തിലേക്ക് കുതിച്ചുയര്‍ന്ന ഫഹദ് ഫാസിലിന്റെ കരിയറിലെ പ്രതിഫലത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാകുന്നു. ഇന്ന് കോടികള്‍ പ്രതിഫലം വാങ്ങുന്ന താരം, തന്റെ രണ്ടാം വരവിലെ ശ്രദ്ധേയ ചിത്രമായ '22 ഫീമെയില്‍ കോട്ടയ'ത്തില്‍ അഭിനയിക്കാന്‍ വാങ്ങിയത് വെറും 4 ലക്ഷം രൂപ മാത്രമായിരുന്നുവെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഒ.ജി. സുനില്‍ വെളിപ്പെടുത്തി.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് 2012-ല്‍ പുറത്തിറങ്ങിയ ഈ ഹിറ്റ് ചിത്രത്തിന്റെ ഓര്‍മ്മകള്‍ സുനില്‍ പങ്കുവെച്ചത്. 'ഫഹദ് ഇന്ന് കോടികളൊക്കെ മേടിക്കുന്നുണ്ടാവാം. അന്ന് ആ ചിത്രത്തിനായി ഞാന്‍ നല്‍കിയത് നാല് ലക്ഷം രൂപയാണ്. ഇന്ന് അദ്ദേഹം 40 കോടി വരെ വാങ്ങുന്നുണ്ടാകുമെന്ന് തോന്നുന്നു. കൃത്യമായി എത്രയാണെന്ന് എനിക്കറിയില്ല,' സുനില്‍ പറഞ്ഞു. ആഷിഖ് അബു സംവിധാനം ചെയ്ത ഈ ചിത്രമായിരുന്നു രണ്ടാം വരവില്‍ ഫഹദ് സോളോ ഹീറോ ആയി തിളങ്ങിയ ആദ്യ സിനിമ.
തൊട്ടുമുന്‍പത്തെ വര്‍ഷം പുറത്തിറങ്ങിയ 'ചാപ്പാ കുരിശി'ല്‍ അഭിനയിക്കാന്‍ ഫഹദിന് നല്‍കിയത് ഒരു ലക്ഷം രൂപയായിരുന്നുവെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അവിടെ നിന്നാണ് പത്ത് വര്‍ഷത്തിപ്പുറം ഫഹദിന്റെ താരമൂല്യം കോടികളിലേക്ക് വളര്‍ന്നത്. നിലവില്‍ പത്ത് കോടി രൂപ വരെയാണ് ഒരു ചിത്രത്തിന് ഫഹദിന്റെ മാര്‍ക്കറ്റ് നിരക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'പുഷ്പ 2' വിനായി താരം എട്ട് കോടി രൂപ പ്രതിഫലം വാങ്ങിയതായും സൂചനകളുണ്ട്.
മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ഫഹദ് പ്രധാന വേഷത്തിലെത്തുന്ന 'പേട്രിയറ്റ്' ആണ് അടുത്ത പ്രധാന റിലീസ്. കൂടാതെ രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയ നിര്‍മ്മിക്കുന്ന 'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' എന്ന തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ താരം. പ്രശസ്ത സംവിധായകന്‍ ഇംതിയാസ് അലിയുടെ ചിത്രത്തിലൂടെ ഫഹദിന്റെ ബോളിവുഡ് അരങ്ങേറ്റവും ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.