മഹേഷ് നാരായണന്‍ ചിത്രത്തില്‍ അഭിനയിക്കാനായി ഫഹദ് ഫാസിലും ശ്രീലങ്കയിലെത്തി. ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള ഫഹദിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ഒന്നിച്ചുള്ള ചിത്രം പുറത്തുവന്നിരുന്നു. അതില്‍ ഫഹദ് ഇല്ലാത്തതിനാല്‍ ഈ പ്രൊജക്ടില്‍ നിന്ന് സൂപ്പര്‍താരം പിന്മാറിയോ എന്ന സംശയത്തിലായിരുന്നു ആരാധകര്‍.
ചിത്രത്തിന്റെ സെറ്റിലെത്തിയ നടനെ സംവിധായകന്‍ ലൊക്കേഷന്‍ ചുറ്റി നടന്ന് കാണിക്കുന്നതും മമ്മൂക്കയ്ക്കും കുഞ്ചാക്കോയ്ക്കും ഒപ്പം തമാശ പറഞ്ഞ് നില്ക്കുന്ന ലൊക്കേഷന്‍ നിമിഷങ്ങളുടെ വീഡിയോയും ശ്രദ്ധ നേടുകയാണ്.
80 കോടിയോളം നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവര്‍ക്കൊപ്പം നയന്‍താരയും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുമെന്ന് കരുതപ്പെടുന്നു. മഹേഷ് നാരായണന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ്. സാമ്രാട്ട് പൃഥ്വിരാജ്, റോക്കി ഓര്‍ റാണി കി പ്രേം കഹാനി, തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് രാജേഷ് കൃഷ്ണ, സി വി സാരഥി. പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍ ഫാന്റം പ്രവീണ്‍.
ശ്രീലങ്കയ്ക്ക് പുറമെ ലണ്ടന്‍, അബുദബി, അസര്‍ബൈജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ദില്ലി, കൊല്ലി എന്നിവിടങ്ങളും ചിത്രത്തിന്റെ ലൊക്കേഷനുകളാണ്. 150 ദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. 2013 ലാണ് മോഹന്‍ലാലും മമ്മൂട്ടിയും ബിഗ് സ്‌ക്രീനില്‍ അവസാനമായി ഒരുമിച്ച് എത്തിയത്. രഞ്ജിത്തിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തില്‍ താനായിത്തന്നെ ഒരു സീനില്‍ മോഹന്‍ലാല്‍ വന്നുപോവുകയായിരുന്നു. എന്നാല്‍ തുല്യ പ്രാധാന്യമുള്ള റോളുകളില്‍ ഇരുവരും അവസാനമെത്തിയത് ജോഷി സംവിധാനം ചെയ്ത ട്വന്റി 20 യില്‍ ആണ്. 2008 ലാണ് ഈ ചിത്രം എത്തിയത്.