നിഷ സാരംഗിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സുരേഷ് ഉണ്ണിക്കൃഷ്ണന്‍ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്ന 'എഴുത്തോല' നാളെ (5 ജൂണ്‍ 2024) മുതല്‍ തിയറ്ററുകളിലെത്തും.
സുന്ദര്‍ബന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നരേറ്റീവ് ഫീച്ചര്‍, മികച്ച നവാഗത സംവിധായകന്‍, മികച്ച പശ്ചാത്തല സംഗീതം, മികച്ച വിദ്യാഭ്യാസ ചിത്രം എന്നീ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ഈ ചിത്രം കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വരുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ സാധാരണക്കാരായ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സാഹചര്യങ്ങളാണ് ദൃശ്യാവിഷ്‌കരിക്കുന്നത്. പാറുക്കുട്ടി ആശാതിയുടെയും ഭര്‍ത്താവ് കൃഷ്ണന്‍ ആശാന്റെയും ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം ടി ശങ്കറും സതീഷ് ഷേണായിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
പഴയ അര്‍ദ്ധ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിലെ സ്ത്രീ അധ്യാപികയെയാണ് ആശാതി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. പുരുഷ അധ്യാപകനെ ആശാന്‍ എന്നും വിളിക്കുന്നു. ആശാതിയുടെ മുതിര്‍ന്ന വിദ്യാര്‍ത്ഥിയായ നന്ദന്‍ കുടുംബത്തോടൊപ്പം വിദേശത്ത് സ്ഥിരതാമസമാക്കിയ ശേഷം മകളുടെ ആദ്യാക്ഷരം എഴുതിക്കുന്നതിനായ് നാട്ടിലെത്തിയപ്പോള്‍ ആശാന്റെയും ആശാത്തിയുടെയും ദുഃഖകരമായ വിയോഗത്തെക്കുറിച്ചും അവരുടെ ദുരിതപൂര്‍ണവും ദാരുണവുമായ അവസാന നാളുകളെക്കുറിച്ചും അറിയുന്നു. തുടര്‍ന്ന് നന്ദന്‍ അവര്‍ക്കായ് നടത്തുന്ന പോരാട്ടമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.
ശങ്കര്‍, കൃഷ്ണ പ്രസാദ്, ഹേമന്ദ് മേനോന്‍ എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന 'എഴുത്തോല'യിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ ഗോപന്‍ മങ്കാട്ട്, സുന്ദര പാണ്ഡ്യന്‍, ജയകൃഷ്ണന്‍, പ്രഭു, അനുപമ, സ്വപ്ന പിള്ള, പോളി വല്‍സന്‍, രഞ്ജിത്ത് കലാഭവന്‍, മാസ്റ്റര്‍ ജെറാമി, മാസ്റ്റര്‍ ശ്രീയാന്‍ഷ്, എല്ല മരിയ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഒളപ്പമണ്ണ, ബിലു വി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിതാരയും പ്രശാന്ത് കര്‍മ്മയും ചേര്‍ന്ന് സംഗീതം ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങള്‍ മധു ബാലകൃഷ്ണന്‍, നയന നായര്‍, ശ്രേയ ജയദീപ്, അഭിജിത്ത് വിജയന്‍ എന്നിവരാണ് ആലപിക്കുന്നത്.
ഛായാഗ്രഹണം: ശ്രീജിത്ത് പാച്ചേനി, ചിത്രസംയോജനം: ഹരീഷ് മോഹന്‍, കലാസംവിധാനം: സതീഷ് നെല്ലായ, വസ്ത്രാലങ്കാരം: കുമാര്‍ എടപ്പാള്‍, മേക്കപ്പ്: മനോജ് അങ്കമാലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു കടവൂര്‍