യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി എസ്.എന്‍.എസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഹേമലത സുന്ദര്‍രാജ് നിര്‍മിക്കുന്ന 'എന്നൈ സുഡും പനി' എന്ന തമിഴ് ചിത്രം മാര്‍ച്ച് 21ന് തീയേറ്ററുകളില്‍ റിലീസ് ആവുന്നു. എന്‍കാതലി സീന്‍ പോഡുറ, വാഗൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റാം സേവ സംവിധാനം ചെയുന്ന ചിത്രമാണിത്.
നടരാജ് സുന്ദര്‍രാജ് നായകനാവുന്ന ചിത്രത്തില്‍ മലയാളിയായ ധനീഷ് ആണ് പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തില്‍ ഉപാസന ആര്‍സി നായികയാവുന്നു.
എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ ധനീഷ് കഴിഞ്ഞ 11 വര്‍ഷങ്ങളായി സിനിമ മേഖലയില്‍ ഡിജിറ്റല്‍ കണ്‍സല്‍ട്ടന്റ്, മൂവി കണ്‍സല്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ 'ടു സ്റ്റേറ്റ്‌സ് ' എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ അഭിനേതാക്കളുടെ വില്ലന്‍വേഷവും സമാനതകളില്ലാത്ത പ്രകടനങ്ങളും തമിഴ്സിനിമക്കു പുതുമയല്ല.
സൂപ്പര്‍താരങ്ങളോടു കിടപിടിക്കുന്ന ബോളിവുഡ് താരങ്ങളെ വരെ ഇറക്കുമ്പോഴും തമിഴ് ആരാധകര്‍ക്ക് മല്ലുവില്ലന്‍മാരെ ഹൃദയത്തോടു ചേര്‍ത്തു പിടിച്ച ചരിത്രമാണുള്ളത്. അതങ്ങു എം.എന്‍.നമ്പ്യാര്‍ മുതല്‍ രാജന്‍ പി.ദേവും ദേവനും മുരളിയും തുടങ്ങി ലാല്‍, കൊല്ലം തുളസി, സായികുമാര്‍, കലാഭവന്‍ മണി, ഫഹദ് ഫാസില്‍, വിനായകന്‍ വരെയുള്ളവര്‍ ഇതിന് ഉദാഹരണമാണ്.
ചിത്രത്തില്‍ കെ. ഭാഗ്യരാജ്, ചിത്ര ലക്ഷ്മണന്‍, മനോബാല, തലൈവാസല്‍ വിജയ്, മുതുക്കലൈ, സിംഗംപുലി, കൂള്‍ സുരേഷ്, , സുന്ദര്‍രാജ്, ബില്ലി മുരളി, പളനി ശിവപെരുമാള്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഛായാഗ്രഹണം- വെങ്കട്ട്, ചിത്രസംയോജനം- ഇളങ്കോവന്‍, സംഗീത സംവിധാനം- അരുള്‍ ദേവ്, നൃത്ത സംവിധാനം- സാന്‍ഡി & രാധിക തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്