ആരാധകരുടെ പ്രതീക്ഷകള്‍ക്ക് പുതു തലം നല്‍കി മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ തിയേറ്ററുകളില്‍. ആറ് മണിക്ക് ആദ്യ പ്രദര്‍ശനം ആരംഭിച്ചു. ഇങ്ങനെ ഒരു സ്വീകരണം മലയാള സിനിമ ചരിത്രത്തില്‍ താനെന്ന മറ്റൊരു സിനിമക്കും കിട്ടിയിട്ടില്ല. ഈ ഒരു ആവേശവും സ്നേഹവും സിനിമ കഴിഞ്ഞിറങ്ങുമ്പോഴും ഉണ്ടാകട്ടെ എന്നാണ് അണിയറപ്രവര്‍ത്തകര്‍ ഓരോരുത്തരും ആശംസിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കിടിലന്‍ പടമാണെന്നും ഫസ്റ്റ് ഹാഫ് തകര്‍ത്തെന്നും ഉഗ്രന്‍പടമെന്നും അടിപൊളി പടമെന്നുമെല്ലാമാണ് പ്രേക്ഷകരും പ്രതികരിക്കുന്നത്.
മലയാള സിനിമയുടെ ജാതകം മാറ്റിയെഴുതിയ ദിവസമായി മാറട്ടെയെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായ എമ്പുരാന്‍, ആരാധകര്‍ക്ക് ആവേശക്കാഴ്ചയായിക്കഴിഞ്ഞു. മലയാള സിനിമയില്‍ പുതു പ്രകാശമായി എമ്പുരാന്‍ മാറുമെന്നാണ് പ്രതീക്ഷ.
കൊച്ചിയില്‍ കവിത തിയേറ്ററില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും, പൃഥ്വിരാജും, നിര്‍മാതാവ് ഗോകുലം ഗോപാലനുമടക്കം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എത്തി. ചിത്രത്തിന്റെ തീമായ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ തിയേറ്ററില്‍ എത്തിയത്. വലിയ പ്രതീക്ഷയുണ്ടെന്നും മലയാള സിനിമ ചരിത്രത്തിലെ ഒരു പുതിയ അധ്യായം ഇന്ന് പിറക്കുമെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. നാല് വര്‍ഷത്തെ പ്രയത്‌നമാണെന്നും ഇതുവരെ കാണത്ത സ്വീകരണമമാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിന് അദ്ദേഹം പ്രേക്ഷകരോട് നന്ദിയും പറഞ്ഞു. ഇന്ന് ആഘോഷത്തിന്റെ ദിനമെന്നും എമ്പുരാന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. എല്ലാം നിയോഗമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. കറുപ്പ്.. കുറ്റമല്ല.. പ്രകാശമാണ്.... ആ സന്ദേശവുമായാണ് തിയേറ്ററിലേക്ക് ലാലും കൂട്ടരും ആവേശം എത്തിക്കുന്നത്. തമ്പുരാനും ദൈവത്തിനും ഇടയില്‍ നില്‍ക്കുന്ന ഒരു എന്റ്‌റിറ്റി' എന്നാണ് 'എമ്പുരാന്‍' എന്ന പേരിന് സംവിധായകന്‍ പൃഥ്വിരാജും എഴുത്തുകാരന്‍ മുരളി ഗോപിയും നല്‍കുന്ന വ്യാഖ്യാനം. 'താരേ തീയേ നെഞ്ചില്‍ കത്തും കാവല്‍ നാളമേ... ഈ ആളും കാറ്റിന്‍ കണ്ണില്‍ വാഴും മായാമന്ത്രമേ... മാരിപ്പേയേ, കാണാക്കരയെ, ആഴിത്തിര നീയേ... ഇരുളിന്‍ വാനില്‍ നീറും നീറാ സൂര്യനേ... എതിരി ആയിരം, എരിയും മാനിടം. അതിരിടങ്ങളോ അടര്‍ക്കളം... തേടുന്നു, നോറ്റുന്നു, കാക്കുന്നു, വാഴ്ത്തുന്നു... താരാധിപന്മാര്‍ നിന്നെ...എമ്പുരാനേ..' എന്ന് ലൂസിഫറിന്റെ തീം ഗാനത്തിലും എമ്പുരാന്‍ നിറയുകയാണ്.
സ്റ്റീഫന്‍ നെടുമ്പിള്ളിയെ 'ലൂസിഫര്‍' എന്ന ബിബ്ലിക്കല്‍ പേരിലേക്ക് കണക്ട് ചെയ്തതു പോലെ 'എമ്പുരാനി'ലേക്ക് എബ്രഹാം ഖുറേഷിയെ മുരളി ഗോപിയും പൃഥ്വിരാജും കണക്റ്റ് ചെയ്തെടുക്കുന്നത് സൂപ്പറാണെന്നാണ് ആദ്യ മിനിറ്റുകളില്‍ തിയേറ്ററുകളില്‍ നിന്നുള്ള ആവേശ സന്ദേശം. വലിയ ആവേശത്തോടെയാണ് ആരാധകര്‍ തീയേറ്റര്‍ ആദ്യ ഷോയില്‍ ഒരു പൂരപ്പറമ്പാക്കി മാറ്റിയത്. നാല് വര്‍ഷത്തെ പ്രയക്തമാണ്, നമ്മള്‍ ഇതുവരെ കാണാത്ത അത്ര സ്വീകരണമാണിത്, നന്ദി' എന്നുപറഞ്ഞുകൊണ്ടാണ് ആന്റണി പെരുമ്പാവൂര്‍ തീയേറ്ററിലേക്ക് എത്തിയത്.
കവിത തീയറ്ററില്‍ ആണ് ലാലേട്ടനും കുടുംബവും പൃഥ്വിയും കുടുംബവും ഒക്കെയും ചിത്രം കാണാന്‍ എത്തിയത്. മരുമകള്‍ പൂര്‍ണ്ണിമക്കും കൊച്ചുമക്കള്‍ക്കും ഒപ്പം ആണ് മല്ലിക സുകുമാരന്‍ വന്നത്. സുചിത്ര പ്രണവിന് ഒപ്പം എത്തിയപ്പോള്‍ ആന്റണി പെരുമ്പാവൂരും മേജര്‍ രവിയും കുടുംബത്തിന് ഒപ്പമാണ് സിനിമ കാണാന്‍ എത്തി. ആശിര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് 'എമ്പുരാന്‍' നിര്‍മിച്ചിരിക്കുന്നത്. 'എമ്പുരാന്‍' സിനിമ കര്‍ണാടകയില്‍ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിര്‍മാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോര്‍ത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനില്‍ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസും.
കേരളത്തില്‍ മാത്രം 750 സ്‌ക്രീനുകളിലാണ് 'എമ്പുരാന്‍' പ്രദര്‍ശിപ്പിക്കുന്നത്. 2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ രചിച്ചിരിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.
അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ആദ്യ ദിനം 50 കോടി ക്ലബിലെത്തിക്കഴിഞ്ഞു ചിത്രം. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. ആദ്യ വീക്കെന്‍ഡിലെ ഗ്ലോബല്‍ കലക്ഷന്‍ 80 കോടി കടക്കുമെന്നാണ് റിപ്പോര്‍ട്ട്.
എമ്പുരാന്‍ ചരിത്ര വിജയമാകാന്‍ എല്ലാ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍; അതിര്‍ത്തികള്‍ ഭേദിച്ച് മലയാള സിനിമയുടെ അഭിമാനമാകട്ടെ, പ്രിയ ലാലിനും പൃഥ്വിക്കുമൊപ്പം'; എമ്പുരാന്‍ ടീമിന് ആശംസ അറിയിച്ചു മമ്മൂട്ടി
എമ്പുരാന്‍ ടീമിനെ തേടി ഒരു സ്പെഷ്യല്‍ ആശംസയും എത്തി. സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്ന് നടന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് രംഗത്തുവന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം എമ്പുരാന്‍ ടീമിന് ആശംസ അറിയിച്ചത്. 'എമ്പുരാന്‍ ചരിത്ര വിജയമാകാന്‍ എല്ലാ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍. അതിര്‍ത്തികള്‍ ഭേദിച്ച് സിനിമ മലയാള സിനിമയുടെ അഭിമാനമാകട്ടെ. പ്രിയ ലാലിനും പൃഥ്വിക്കുമൊപ്പം', എന്നാണ് മമ്മൂട്ടി കുറിച്ചത്.