'ലോക'യുടെ അടുത്ത ഭാഗങ്ങളില്‍ 'മൂത്തോന്‍' എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് മമ്മൂട്ടി ആയിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ സൂചന നല്‍കിയിരുന്നു. ഇപ്പോള്‍ മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് നടനും മകനുമായ ദുല്‍ഖര്‍ സല്‍മാനും എത്തിയതോടെ ആരാധകരും ആകാംക്ഷയിലാണ്. സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസ് നിര്‍മിച്ച 'ലോക, ചാപ്റ്റര്‍ വണ്‍ ചന്ദ്ര' എന്ന ചിത്രത്തിന്റെ തുടര്‍ ഭാഗങ്ങളിലാണ് മമ്മൂട്ടിയും ദുല്‍ഖര്‍ ഒന്നിക്കുക.
തന്റെ 14 വര്‍ഷത്തെ കഠിനാധ്വാനത്തിന് ശേഷം ലഭിച്ച സുവര്‍ണാവസരമാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്.മകന്‍ ആയതുകൊണ്ട് മാത്രം മമ്മൂട്ടി സിനിമ ചെയ്യാന്‍ തയ്യാറാകില്ലെന്നും കഴിവ് തെളിയിക്കേണ്ടിയിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു.ലോകയുടെ അടുത്ത ഭാഗങ്ങളില്‍ മമ്മൂട്ടി തീര്‍ച്ചയായും ഉണ്ടാകുമെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് അദ്ദേഹത്തെ സമ്മതിപ്പിച്ചതെന്നാണ് ദുല്‍ഖര്‍ പറയുന്നത്. 14 വര്‍ഷമായി താന്‍ അഭിനയിക്കുന്നത്.ആദ്യമായാണ് ഇങ്ങനൊരു സുവര്‍ണാവസരം കിട്ടുന്നതെന്നും ദുല്‍ഖര്‍ പറയുന്നു.
ഇതിഹാസത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടുന്ന ഈ നിമിഷം അഭിമാനകരവും വൈകാരികവുമാണെന്നും' ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു
ലോകയിലെ അടുത്ത ഭാഗങ്ങളില്‍ കാമിയോയായി ദുല്‍ഖറും മമ്മൂട്ടിയും ഒരുമിച്ച് വരാന്‍ ചാന്‍സ് ഉണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. 'തീര്‍ച്ചയായും അത്തരത്തില്‍ പ്ലാനുകള്‍ ഉണ്ട്' എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. അങ്ങനെയെങ്കില്‍ അതാകുമോ നിങ്ങള്‍ ആദ്യമായി ഒരുമിച്ച് അഭിനയിക്കാന്‍ പോകുന്ന സിനിമ? എന്ന ചോദ്യത്തിന് 'അതിന് മുന്‍പ് ഒരു ചാന്‍സ് ഞാന്‍ കാണുന്നില്ല. ലോകയിലെ കാമിയോ തന്നെ ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു സമ്മതിപ്പിച്ചെടുത്തതാണ്', എന്നും ദുല്‍ഖര്‍ മറുപടി നല്‍കി. വാപ്പിച്ചി ഒരുമിച്ച് അഭിനയിക്കാന്‍ ഓക്കെ പറഞ്ഞാല്‍ അത് താന്‍ ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്തതാണെന്നും ദുല്‍ഖര്‍ പറഞ്ഞു.
ലോകയില്‍ മൂത്തോന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയിരുന്നു. ഒരു ഡയലോഗ് മാത്രമുണ്ടായിരുന്ന കാമിയോ റോള്‍ ആയിരുന്നു മൂത്തോന്റേത്. കഥാപാത്രത്തിന്റെ കൈ മാത്രമാണ് കാണിച്ചത്. അതേസമയം, ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ' ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര' തീയേറ്ററുകളില്‍ 75 ദിവസങ്ങള്‍ പിന്നിട്ടു. വൈഡ് റിലീസിന്റെ കാലത്തും മെഗാ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ഒരു ചിത്രം 75 ദിനങ്ങള്‍ തീയേറ്ററുകളില്‍ പിന്നിടുന്ന അപൂര്‍വ നേട്ടമാണ് ലോകയെ തേടിയെത്തിയത്. ഗള്‍ഫിലും, കേരളത്തിലെ പിവിആര്‍ മള്‍ട്ടിപ്‌ളെക്‌സ് സ്‌ക്രീനുകള്‍ ഉള്‍പ്പെടെയുള്ള തീയേറ്ററുകളിലുമാണ് ചിത്രം ഇപ്പോഴും പ്രേക്ഷകരെ ആകര്‍ഷിച്ചു കൊണ്ട് പ്രദര്‍ശനം തുടരുന്നത്.