.മലയാള സിനിമയുടെ യുവമുഖമായി മാറിയ ദുല്‍ഖര്‍ സല്‍മാനില്‍ പിതാവ് മമ്മൂക്കയില്‍ നിന്നും പകര്‍ന്ന് ലഭിച്ചവയില്‍ അഭിനയത്തിനൊപ്പം കൂട്ടാവുന്ന കാര്യമാണ് വാഹനപ്രേമം. ഏതു വാഹനമായാലും അത് സ്‌റ്റൈലിഷായി കൈകാര്യം ചെയ്യാനും യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡാക്കി മാറ്റാനും ദുല്‍ഖറിനുള്ള കഴിവും ശ്രദ്ധയമാണ്. ആഡംബര വാഹനങ്ങള്‍ മുതല്‍ പഴയവാഹനങ്ങളോടും ദുല്‍ഖറിന് അല്പം ക്രേസ് കൂടുതലാണ്. തുരുമ്പെടുത്ത ഒരു പഴയ ബെന്‍സ് കാര്‍ നന്നാക്കിയെടുത്ത് ഉപയോഗിക്കാന്‍ തുടങ്ങിയെന്ന് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് വളെരെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ വാഹനങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ച് യുവനടന്‍ മനസ് തുറക്കുകയാണ്.
ഇന്ത്യന്‍ എക്‌സ്പ്രസ് എക്‌സ്പ്രസ്സോയില്‍ പങ്കെടുത്തപ്പോഴാണ് ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഹോബികളെക്കുറിച്ചു സംസാരിച്ചത്.കാറുകളോടുള്ള ഇഷ്ടം ജനിതകമായി കിട്ടിയതാണെന്നും ചിത്രത്തില്‍ എന്ത് കാര്‍ ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ചിത്രം തീരുമാനിക്കുന്നത് എന്ന ആരോപണത്തില്‍ അടിസ്ഥാനവുമില്ലെന്നും നടന്‍ വ്യക്തമാക്കി. നടന്‍ എന്ന നിലയില്‍ പലപ്പോഴും ലൊക്കേഷനില്‍ ചെല്ലുമ്പോഴാണ് സിനിമയിലെ പ്രോപര്‍ട്ടികളെക്കുറിച്ച് നമുക്ക് അറിയാന്‍ സാധിക്കുക. എന്റെ സിനിമകളില്‍ പലതിലും കാര്‍, മോട്ടോര്‍ സൈക്കിള്‍, വാന്‍ തുടങ്ങിയ വാഹനങ്ങളുണ്ട്. കാര്‍വാനിലും അത്തരത്തില്‍ ഒരു വാന്‍ ഉണ്ട്. ഇര്‍ഫാന്‍ ഖാന്‍ ഉപയോഗിക്കുന്ന ഒരു വാന്‍ ആണ് അത്ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
അഭിനയത്തിനിടയില്‍ ഒരു ഹോബിയായി കാര്‍ പ്രേമം കൊണ്ട് നടക്കുന്നയാളാണ് താന്‍ എന്നും ഒരു നടന്‍ എന്ന നിലയില്‍ പല തരം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമെന്നും അതെല്ലാം വായിച്ചു ഇന്‍സെക്യൂര്‍ ആവുന്നതിനു പകരം കാറുകളെക്കുറിച്ച് വായിക്കും എന്നും ദുല്‍ഖര്‍ വെളിപ്പെടുത്തി. തന്റെ മനസ്സ് കാറുകളോടാണ് കൂടുതല്‍ ട്യൂണ്‍ഡ് ആയിട്ടുള്ളത്. പുറത്തൊക്കെ പോകുമ്പോള്‍ പെണ്‍കുട്ടികളെക്കാളും കൂടുതല്‍ ശ്രദ്ധിക്കുക കാറുകളെയാണ് എന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു
അപ്പോള്‍ ഭാര്യ ഹാപ്പിയായിരിക്കുമല്ലോഎന്ന ചോദ്യത്തിന് തീര്‍ച്ചയായും, ഒഴിവു വേളകളില്‍ ഒന്നുകില്‍ ഞാന്‍ കാര്‍ ഓടിക്കുകയായിരിക്കും അല്ലെങ്കില്‍ കാറുമായി ബന്ധപ്പെട്ടു തന്നെ എന്തെങ്കിലും ചെയ്യുകയായിരിക്കും. എന്റെ ഒരു സ്‌ക്രൂ ഓഫ് ആണ് എന്ന് പറഞ്ഞ് എന്റെ കൂട്ടുകാര്‍ എന്നെ കളിയാക്കാറുണ്ടെന്നും നടന്‍ പറയുന്നു.