വെള്ളിത്തിരയിലെ സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും. മലയാള സിനിമയ്ക്ക് ഒട്ടനവധി ഹിറ്റുകള്‍ നല്‍കിയ കൂട്ടുകെട്ട്. 1986ല്‍ ടി പി ബാലഗോപാലന്‍ എംഎ മുതല്‍ 2018ല്‍ റിലീസായ ഞാന്‍ പ്രകാശനില്‍ വരെ എത്തി നില്‍ക്കുന്നു ഇവരുടെ വിജയഗാഥ.
ഇപ്പോഴിതാ, ശ്രീനിവാസനും സത്യന്‍ അന്തിക്കാടും കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുകയാണ് സത്യന്‍ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യന്‍. ശ്രീനിവാസന്റെ കൊച്ചിയിലെ വീട്ടിലെത്തിയായിരുന്നു സത്യനും മകന്‍ അനൂപും കൂടിക്കാഴ്ച നടത്തിയത്.
ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിന്റെ വിജയത്തിനു പിന്നിലെ രഹസ്യം പറയാതെ പറയുകയാണ് ചിത്രത്തിനൊപ്പമുളള കുറിപ്പില്‍ അനൂപ്. ശ്രീനിവാസനൊപ്പമുള്ള സംഭാഷണത്തിന്റെ അല്‍പ ഭാഗങ്ങളും അനൂപ് തന്റെ പോസ്റ്റിനൊപ്പം കുറിച്ചു.
ശ്രീനി അങ്കിള്‍: ഞാന്‍ ഇപ്പോള്‍ ടാഗോറിന്റെ ചെറുകഥകള്‍ വായിക്കുകയാണ്. ഞാന്‍: കൊള്ളാം. അങ്കിള്‍ എന്തെങ്കിലും
പ്രചോദനം തേടുകയാണോ?
ശ്രീനി അങ്കിള്‍: അങ്ങനെയല്ല. ഇത് ഒരു ഗൃഹപാഠം പോലെയാണ്. 'സത്യജിത് റേ' എങ്ങനെയാണ് ഈ കഥകളില്‍ ചിലത് മനോഹരമായ സിനിമകളിലേക്ക് സ്വീകരിച്ചത് എന്നറിയുന്നതിനാണ് ഈ വായന.''
ആരോഗ്യം കൂടുതല്‍ മെച്ചപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് ഇപ്പോള്‍ മൂര്‍ച്ചയേറിയെന്നും അനൂപ് സത്യന്‍ പറഞ്ഞു. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.
2018 ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശനാണ് ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ഒന്നിച്ച് പ്രവര്‍ത്തിച്ച അവസാന ചിത്രം. ഫഹദ് ഫാസില്‍ നായകനായ സിനിമയുടെ തിരക്കഥ ശ്രീനിവാസന്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മകള്‍' എന്ന ചിത്രത്തില്‍ അതിഥിവേഷത്തില്‍ ശ്രീനിവാസന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.