Latest News

'രാക്ഷസന്മാരെ മാത്രം പനപോലെ വളര്‍ത്തുന്ന ഒരു രാവണന്‍ കോട്ട'; കാമഭ്രാന്തന്മാര്‍ക്കും സെക്‌സ് റാക്കറ്റിനും അഭയമരുളുന്ന സംഘടന; കുത്സിത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ എത്രയോ കലാകാരന്‍മാര്‍; സംശയമുള്ളവര്‍ക്ക് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കേരളാ ഗവണ്മെന്റിനോട് ആവശ്യപ്പെടാം; അമ്മ'യ്ക്കെതിരെ കുറിപ്പുമായി സനല്‍ കുമാര്‍ ശശിധരന്‍ 

Malayalilife
'രാക്ഷസന്മാരെ മാത്രം പനപോലെ വളര്‍ത്തുന്ന ഒരു രാവണന്‍ കോട്ട'; കാമഭ്രാന്തന്മാര്‍ക്കും സെക്‌സ് റാക്കറ്റിനും അഭയമരുളുന്ന സംഘടന; കുത്സിത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ എത്രയോ കലാകാരന്‍മാര്‍; സംശയമുള്ളവര്‍ക്ക് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കേരളാ ഗവണ്മെന്റിനോട് ആവശ്യപ്പെടാം; അമ്മ'യ്ക്കെതിരെ കുറിപ്പുമായി സനല്‍ കുമാര്‍ ശശിധരന്‍ 

അമ്മ' സംഘടന ഏതാനും വ്യക്തികളെ മാത്രം വളര്‍ത്തുകയും യഥാര്‍ഥ കലാകാരന്മാരെ വെട്ടിയൊതുക്കുകയും ചെയ്തുകൊണ്ട് മലയാള സിനിമാ പ്രസ്ഥാനത്തെ ഒരു രാവണന്‍ കോട്ടയാക്കി മാറ്റിയിട്ട് 32 വര്‍ഷങ്ങള്‍ കഴിഞ്ഞതായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ഈ കാലയളവിനുള്ളില്‍ സംഘടന ശ്വാസം മുട്ടിച്ചും ഹൃദയം ഭേദിച്ചും കൊലപ്പെടുത്തിയ കലാകാരന്മാരുടെ എണ്ണം എടുത്തുപറയാന്‍ കഴിയില്ലെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. 

മലയാള സിനിമയിലെ ആര്‍ജ്ജവത്തിന്റെ പ്രതീകമായിരുന്ന നടന്‍ സുകുമാരന് 'അമ്മ'യുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ ആയുസ്സിന്റെ നല്ലൊരു പങ്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്ന് സനല്‍ കുമാര്‍ ആരോപിക്കുന്നു. അപ്രഖ്യാപിത വിലക്കുകളിലൂടെ അദ്ദേഹത്തെ ചലച്ചിത്ര ജീവിതത്തില്‍ നിന്ന് പുറംതള്ളിയത് 'അമ്മ' എന്ന സംഘടനയും, പിന്നില്‍ നിന്ന് ചരടുവലിച്ച മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ സൂപ്പര്‍ താരങ്ങളുമായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. 

സനല്‍ കുമാര്‍ ശശിധരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:  അമ്മ എന്ന സംഘടന ഏതാനും രാക്ഷസന്മാരെ മാത്രം പനപോലെ വളര്‍ത്തുകയും ഹൃദയവും കലയും ഒരുമിച്ചുള്ള മനുഷ്യരെ വെട്ടിയൊതുക്കുകയും ചെയ്തുകൊണ്ട് മലയാള സിനിമാ പ്രസ്ഥാനത്തെ ഒരു രാവണന്‍ കോട്ടപോലെ ആക്കാന്‍ തുടങ്ങിയിട്ട് 32 വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. ഇക്കാലത്തിനിടയ്ക്ക് ആ പ്രസ്ഥാനം കുല്‍സിതപ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്വാസം മുട്ടിച്ചും ഹൃദയം ഭേദിച്ചും കൊലപ്പെടുത്തിയ കലാകാരന്മാരുടെ എണ്ണമെടുക്കുക എളുപ്പമല്ല. അതില്‍ നടന്മാര്‍ മാത്രമല്ല, നിര്‍മാതാക്കളുണ്ട്, സംവിധായകരുണ്ട്. അതില്‍ ആദ്യത്തെ പേരുകാരന്‍ മലയാള സിനിമയില്‍ ധീരതയുടെയും ആര്‍ജ്ജവത്തിന്റെയും ആള്‍രൂപമായിരുന്ന സുകുമാരന്‍ ആയിരുന്നു. 

അമ്മയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ അദ്ദേഹത്തിന് ആയുസിന്റെ നല്ല പകുതിയില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. അപ്രഖ്യാപിത വിലക്കുകള്‍ കൊണ്ട് അദ്ദേഹത്തിനെ ചലച്ചിത്ര ജീവിതത്തില്‍ നിന്നു പുറംതള്ളിയത് അമ്മ എന്ന സംഘടനയും ഏതാനും മുഖം മൂടികളെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് പിന്നില്‍ നിന്ന് ചരടുവലികള്‍ നടത്തിയിരുന്ന മോഹന്‍ലാല്‍ മമ്മൂട്ടി എന്നീ സൂപ്പര്‍ താരങ്ങളുമായിരുന്നു. താങ്ങാവുന്നതിലധികം ഹൃദയഭാരം കൊണ്ട് സുകുമാരന്‍ മരണത്തിനു കീഴടങ്ങി. പിന്നീടും നിരവധി നിരവധി ''കൊലപാതകങ്ങള്‍'' ഇങ്ങനെ നടന്നു. 

തിലകന്‍ എന്ന നടനെ അദ്ദേഹം തന്റെ കലാപ്രതിഭയുടെ ഊര്‍ജ്ജം ജ്വലിച്ചു നിന്നിരുന്ന കാലത്ത് വെട്ടിയൊതുക്കി മൂലയ്ക്കിരുത്തി. അദ്ദേഹം പിന്നെ പക്ഷാഘാതത്തിന് കീഴടങ്ങി. സത്യം വിളിച്ചുപറഞ്ഞുകൊണ്ട് പതിയെപതിയെ മരണത്തിന് കീഴടങ്ങി. അമ്മ എന്ന മാഫിയാ സംഘടനയെക്കുറിച്ചും ദിലീപ് എന്ന കൊടും വീഷത്തെക്കുറിച്ചും അദ്ദേഹം പലപ്പോഴും വിളിച്ചുപറഞ്ഞിരുന്നു. തന്റെ കലാജീവിതത്തെ ശ്വാസം മുട്ടിച്ചുകൊല്ലുന്നതില്‍ വിഷജന്തുക്കള്‍ വിജയിക്കുമ്പോള്‍ മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ കണ്ണടച്ചു മാറിനില്‍ക്കുകയായിരുന്നു എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. 

എങ്ങനെയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ പദ്മരാജന്‍ മരണത്തിന് കീഴടങ്ങിയതെന്ന് തിരഞ്ഞാല്‍ ഇന്ന് അധികം വിവരങ്ങള്‍ ലഭ്യമല്ല. കോഴിക്കോട്ട് ഒരു ഹോട്ടല്‍ റൂമില്‍ ഉറങ്ങിക്കിടന്നപോലെയുള്ള ശാന്തതയില്‍ ആ മഹാപ്രതിഭ മരിച്ചുകിടന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ ദുരൂഹതകളുണ്ട് എന്ന് അങ്ങിങ്ങ് ഉയര്‍ന്നിരുന്ന ശബ്ദങ്ങള്‍ എല്ലാം ഇല്ലാതായി. ഇന്ന് ഒന്നിന്റെയും വിരലടയാളം പോലും ലഭ്യമല്ല. അന്നദ്ദേഹത്തിന്റെ ശരീരം പോസ്റ്റ് മോര്‍ട്ടം ചെയ്യേണ്ടിയിരുന്ന ഡോക്ടര്‍ ഷെര്‍ലി വാസുവിനെ മാറ്റി ചട്ടവിരുദ്ധമായി പോസ്റ്റ് മോര്‍ട്ടം ചെയ്തത് ഡോക്ടര്‍ ഉമാദത്തന്‍ ആയിരുന്നു. അതിന് കാരണമായി പറഞ്ഞത് പദ്മരാജന്റെ ചലനമറ്റ ശരീരം പോസ്റ്റ് മോര്‍ട്ടം ടേബിളില്‍ കണ്ടപ്പോള്‍ ഡൊക്ടര്‍ ഷെര്‍ലി വാസു പൊട്ടിക്കരഞ്ഞുപോയി എന്നതാണ്.

ഇന്ന് ഉമാദത്തനും ഷെര്‍ലി വാസുവും ഒന്നും ജീവനോടെയില്ല. കോഴിക്കോട് നഗരത്തിലെ ആ രാത്രിയില്‍ എന്തൊക്കെ നടന്നുവെന്ന് ഇന്നും ഓര്‍മയുള്ളവര്‍ ഉണ്ടാകും. ആരൊക്കെയായിരുന്നു ആ രാത്രിയില്‍ ആ നഗരത്തിലുണ്ടായിരുന്നതെന്നും അവരൊക്കെ ഏതൊക്കെ രീതിയില്‍ ആ നിമിഷങ്ങളെ നിയന്ത്രിച്ചിരുന്നുവെന്നും രഹസ്യങ്ങള്‍ മാത്രമായി നിലനില്‍ക്കുന്നു. പക്ഷേ സത്യങ്ങള്‍ സത്യങ്ങള്‍ മാത്രമാണ്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ 45-50 വയസിനുള്ളില്‍ മരിച്ചുപോയ മലയാളത്തിലെ പ്രതിഭകളെ എണ്ണിപ്പറയാന്‍ സാധ്യമല്ല. അവരില്‍ സംവിധായകരുണ്ട്, അഭിനേതാക്കളുണ്ട്, പ്രശസ്തരുണ്ട്, അപ്രശസ്തരുണ്ട്.. പലതിലും ലോജിക്കുകള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കെട്ടുകഥകളുണ്ട്. അമ്മ എന്ന മാഫിയാ സംഘടനയ്ക്ക് ആദ്യമായി മുറിവേല്‍ക്കുന്നത് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ്. പിന്നണിയില്‍ നിന്ന് ചരടുവലിച്ചിരുന്ന 'മഹാരഥന്മാര്‍'' ആ കാലമായപ്പോഴേക്കും മറനീക്കി പുറത്തുവരികയും അമ്മയുടെ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. 

അപ്രതീക്ഷിതമായി ഒരു യുവനടിയുടെ വിവാഹം മുടക്കുന്നതിനായി ക്വട്ടേഷന്‍ നല്‍കി ബലാല്‍സംഗം ചെയ്യിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാനുമുള്ള പദ്ധതി തകര്‍ന്നപ്പോള്‍ അത് അമ്മ എന്ന സംഘടനയെ എങ്ങനെ നേരിട്ട് ബാധിച്ചു എന്ന് നോക്കിയാല്‍ ഈ ക്രിമിനല്‍ പ്രവര്‍ത്തിയില്‍ ആ സംഘടനയ്ക്ക് എങ്ങനെയാണ് പങ്കാളിത്തമുണ്ടായീരുന്നത് എന്ന് മനസിലാക്കാം.  നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു ഗൂഢാലോചന ഉണ്ടെന്ന് വിളിച്ചുപറഞ്ഞ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി wcc എന്ന സംഘടനയ്ക്ക് പിന്നിലെ പോരാളി, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടാവാന്‍ കാരണക്കാരി പൊടുന്നനെ അതില്‍ നിന്നൊക്കെ വേര്‍പെടുകയും അന്ന് സംഘടനയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ പെണ്ണുങ്ങളില്‍ നിന്നും സംഘടനയില്‍ അവശേഷിക്കുന്ന ഏക സ്ത്രീയായി മാറുകയും ചെയ്തത് എങ്ങനെ എന്ന് കാണാന്‍ മലയാളിക്ക് കണ്ണില്ലാതെ പോയി. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം പിന്നീട് അമ്മയുടെ തലപ്പത്ത് വന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ സൂത്രധാരന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ പദ്ധതികള്‍ വന്നു. എതിര്‍പ്പുകള്‍ ഉയര്‍ന്നപ്പോള്‍ അയാള്‍ താനൊന്നും അറിഞ്ഞില്ല എന്ന് കൈമലര്‍ത്തി. 

നടി ആക്രമിക്കപ്പെട്ട കേസ് എങ്ങുമെത്താത്തത് ഈ വിഖ്യാത നടന്റെ വീട്ടില്‍ നിന്നും പിടിച്ച ആനക്കൊമ്പ് കേസിലെ അന്വേഷണം എങ്ങുമെത്താത്തതുപോലെയാണ്. അയാള്‍ക്ക് വലിയ ആരാധകവൃന്ദം ഉള്ളതുകൊണ്ട്, മലയാള സിനിമയില്‍ ഇലയനക്കങ്ങള്‍ പോലും അയാള്‍ നിയന്ത്രിക്കുന്നതുകൊണ്ട്, ഉന്നതരായ രാഷ്ട്രീയക്കാര്‍ക്ക് അയാള്‍ ആശീര്‍വാദങ്ങള്‍കൊണ്ട് ജനപ്രിയത ഉണ്ടാക്കുന്നതുകൊണ്ട് അയാളുമായി ബന്ധപ്പെട്ടതോ അയാള്‍ ബന്ധപ്പെടുന്നതോ ചരടുവലിക്കുന്നതോ ആയ ഒന്നും പുറത്തുവരില്ല. നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡ് കേസ് പോലെ ഒന്നാണ് അമ്മയില്‍ പുകയുന്ന മറ്റൊരു മെമ്മറി കാര്‍ഡ് വിഷയം. അതിന്റെ പേരിലാണ് വനിതാവിപ്ലവം നടത്തി എന്ന് കൊട്ടിഘോഷിച്ചുകൊണ്ടുവന്ന ഒരു ഭരണസമിതിയെ മോഹന്‍ലാലിന്റെ കാര്‍മികത്വത്തില്‍ അട്ടിമറിച്ചിരിക്കുന്നത്. 

മഞ്ജു വാര്യരേയും എന്നെയും പരസ്പരം കാണാന്‍ അനുവദിക്കില്ല എന്ന ശാഠ്യത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന താല്‍പര്യം ഇയാളുടേതാണ് എന്ന് ഞാന്‍ മനസിലാക്കിയതുമുതലാണ് ഇയാള്‍ ഒരു മുഖം മൂടിയാണെന്നും മുഖം മൂടിക്ക് പിന്നിലുള്ളത് ഒരു ക്രിമിനലിന്റെ മനസാണെന്നും ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഏതാനും ഭാഗങ്ങള്‍ പുറത്തുവരും എന്ന് ശ്രുതിയുണ്ടായപ്പോള്‍ തന്നെ ഈ മഹാന്‍ അമ്മ സംഘടനയുടെ പദവി രാജിവെച്ചോടി വയറിളക്കവും പനിയും പിടിച്ച് ആശുപത്രിയില്‍ പോയി കിടന്നത് സമീപകാല ചരിത്രമാണ്. സ്ത്രീ പീഢകരെയും സെക്‌സ് റാക്കറ്റിനേയും സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ ഒരു ലജ്ജയുമില്ലാത്ത പിണറായി വിജയന്‍ സര്‍ക്കാര്‍ ഇയാളെ സഹായിച്ചില്ലായിരുന്നെങ്കില്‍ അന്നുതന്നെ ഇയാള്‍ ആരാണെന്ന് ലോകം തിരിച്ചറിഞ്ഞേനെ. 

 മഞ്ജു വാര്യരുമായി ചേര്‍ന്ന് ഞാന്‍ ചെയ്യാനിരുന്ന തീയാട്ടം എന്ന സിനിമയുടെ തിരക്കഥ ഇയാളുടെ ഗാംഗിലേക്ക് എത്തിയത് മഞ്ജു വാര്യരുടെ മാനേജര്‍ എന്ന വ്യാജേന അവരുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന ക്രിമിനല്‍ ബിനീഷ് ചന്ദ്രന്‍ വഴിയാണ്. ആ സിനിമയുടെ തിരക്കഥ അപ്പടി അടിച്ചുമാറ്റി അയാളുടെ ഹീറോയിസം പൊലിപ്പിച്ച് തുടരും എന്ന സിനിമയാക്കി മാറ്റിയതിനെക്കുറിച്ച് വ്യക്തമായ ആരോപണം ഞാന്‍ ഉന്നയിച്ചിട്ടും അതേക്കുറിച്ച് ഒരു വാചകം പോലും ആ സിനിമയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞിട്ടില്ല. ഇതേക്കുറിച്ച് മഞ്ജു വാര്യര്‍ക്ക് വ്യക്തമായ ധാരണയുള്ളതുകൊണ്ട് ഈ വിഷയത്തില്‍ മഞ്ജു വാര്യര്‍ പ്രതികരിച്ചാല്‍ അതിനൊപ്പം അവര്‍ അനുഭവിക്കുന്ന തടവുജീവിതം ചര്‍ച്ചയാവും എന്നതുകൊണ്ടാണത്. അമ്മ എന്ന സംഘടന മലയാള സിനിമയിലെ ഏതാനും കാമഭ്രാന്തന്മാര്‍ക്കും സെക്‌സ് റാക്കറ്റിനും അഭയമരുളുന്ന ഒരു സ്ഥാപനമായി പതിറ്റാണ്ടുകള്‍ നിലനിന്ന ചരിത്രം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. സെക്‌സ് റാക്കറ്റിനേയും മാഫിയയേയുമൊക്കെ പവര്‍ ഗ്രൂപ്പെന്ന ഓമനപ്പദം കൊണ്ട് വെള്ളം ചേര്‍ത്ത് ലഘൂകരിക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെങ്കിലും തങ്ങള്‍ അനുഭവിച്ച റേപ്പ് ഉള്‍പ്പെടെയുള്ള കൊടിയ പീഢനങ്ങള്‍ പുറത്തുപറഞ്ഞാല്‍ തങ്ങള്‍ക്കും തങ്ങളുടെ ബന്ധുക്കള്‍ക്കും ജീവഹാനിയുണ്ടാകും എന്ന ഭയം വരെ ഇരകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ ഈ പറയുന്നതില്‍ എന്തെങ്കിലും സംശയമുള്ളവര്‍ സംശയനിവാരണത്തിനായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കേരളാ ഗവണ്മെന്റിനോട് ആവശ്യപ്പെടാവുന്നതാണ്. 

ഇനിയെങ്കിലും മുഖം മൂടികളെ തിരിച്ചറിയാനും ക്രിമിനലുകളെ അവര്‍ അര്‍ഹിക്കുന്ന ഇടങ്ങളിലേക്ക് അയക്കാനും കേരളാസമൂഹം തയാറാവേണ്ടതുണ്ട്. അമ്മ എന്ന സംഘടനയില്‍ നിന്നും അപമാനിച്ച് പുറത്താക്കിയ സ്ത്രീകള്‍ക്ക് ആര്‍ജ്ജവമുണ്ടെങ്കില്‍ സത്യത്തിനായുള്ള പോരാട്ടത്തിനൊപ്പം അവര്‍ നിലകൊള്ളേണ്ടതാണ്. അവര്‍ ഒറ്റയ്ക്കല്ലെന്നും സമൂഹത്തിന്റെ അടിത്തട്ടില്‍ നീതിക്കായുള്ള ഒരു ഭൂകമ്പം തന്നെ ഉരുള്‍പൊട്ടിയിട്ടുണ്ടെന്നും എനിക്ക് ഇതിനോടകം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളതിന്റെ വെളിച്ചത്തിലാണ് മലയാള സിനിമയിലെ അനീതി തിന്നുന്ന സ്ത്രീകളായ കലാകാരികളോട് ഞാന്‍ ഈ അഭ്യര്‍ത്ഥന നടത്തുന്നത്. 

director sanal kumar sasidharan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES