Latest News

മദ്യപിച്ചിരുന്ന രഞ്ജിത്ത് ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കരണത്തടിച്ചു; ആറാം തമ്പുരാന്റെ ഷൂട്ടിങ് ലൊക്കേഷനിലെ നടന്നത് കൊടിയ പാപമെന്ന് യുട്യൂബിലൂടെ പങ്ക് വച്ചു ആലപ്പി അഷ്‌റഫ്; സബ്സ്‌ക്രൈബേഴ്സിനെ കൂട്ടാനുള്ള തറവേലയെന്ന് തിരിച്ചടിച്ച് പദ്മകുമാര്‍ 

Malayalilife
 മദ്യപിച്ചിരുന്ന രഞ്ജിത്ത് ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കരണത്തടിച്ചു; ആറാം തമ്പുരാന്റെ ഷൂട്ടിങ് ലൊക്കേഷനിലെ നടന്നത് കൊടിയ പാപമെന്ന് യുട്യൂബിലൂടെ പങ്ക് വച്ചു ആലപ്പി അഷ്‌റഫ്; സബ്സ്‌ക്രൈബേഴ്സിനെ കൂട്ടാനുള്ള തറവേലയെന്ന് തിരിച്ചടിച്ച് പദ്മകുമാര്‍ 

സംവിധായകന്‍ രഞ്ജിത്ത് അന്തരിച്ച നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണനെ മര്‍ദിച്ചു എന്ന ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തല്‍ വലിയ വാര്‍ത്തയായിരുന്നു. ആറാംതമ്പുരാന്‍ സെറ്റില്‍ വച്ച് താന്‍ സാക്ഷിയായ ഒരു സംഭവത്തേക്കുറിച്ചാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ആലപ്പി അഷ്റഫ് പറഞ്ഞത്. ഇപ്പോള്‍ ആലപ്പി അഷ്റഫിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എം പദ്മകുമാര്‍. സബ്സ്‌ക്രൈബേഴ്സിനെ കൂട്ടാനുള്ള തറവേലയാണ് ഇത് എന്നാണ് പദ്മകുമാര്‍ വിമര്‍ശിച്ചത്. ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയ ചെറിയ സംഭവമായിരുന്നു അത് എന്നാണ് ആറാംതമ്പുരാന്‍ സിനിമയിലെ അസോസിയേറ്റ് ഡയറക്ടറായിരുന്ന പദ്മകുമാര്‍ പറയുന്നത്. 

എം പദ്മകുമാറിന്റെ കുറിപ്പ് 
ഞാന്‍ എം പത്മകുമാര്‍, ഒരു മലയാള ചലച്ചിത്ര സംവിധായകന്‍ എന്നറിയപ്പെടുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരു പാടു പേരുടെ പിന്തുണയും ആശംസകളും അകമഴിഞ്ഞ സ്നേഹവും ഉണ്ട്. ബാലകൃഷ്ണനും ഹരിഹരന്‍ സാറും ശശിയേട്ടനും ഷാജിയേട്ടനും രഞ്ജിയും ഉള്‍പ്പെടെ. രഞ്ജി എന്നു ഞങ്ങള്‍ വിളിക്കുന്നത് രഞ്ജിത്തിനെയാണ്. മലയാള സിനിമയിലെ എന്റെ ഗുരുവും സുഹൃത്തും സഹോദരനും എല്ലാമാണ് രഞ്ജി. അത് ഏത് ദുരാരോപണങ്ങള്‍ക്ക് അദ്ദേഹം ഇരയായാലും അങ്ങനെ തന്നെയാണ്. പിന്നിട്ട കാലങ്ങളെ മറക്കാം, മായ്ച്ചു കളയാനാവില്ലല്ലോ. 

രഞ്ജിത്ത് എന്ന സംവിധായകനുമേല്‍, എഴുത്തുകാരനു മേല്‍ ഉന്നയിക്കപ്പെട്ട കുറ്റച്ചാര്‍ത്തുകള്‍ കോടതികളുടെ പരിഗണനയിലാണ്. അതിന്റെ ശരിതെറ്റുകള്‍ കോടതിയും കാലവും തെളിയിക്കട്ടെ,നമുക്ക് കാത്തിരിക്കാം... പക്ഷെ ഇപ്പോള്‍ ഏറ്റവും ഒടുവില്‍ നികൃഷ്ടമായ മറ്റൊരു കുറ്റകൃത്യം കൂടെ ഇതാ രഞ്ജിത്തില്‍ ആരോപിക്കപ്പെട്ടിരിക്കുന്നു. അത് ഞാന്‍ ബഹുമാനിക്കുന്ന സംവിധായകന്‍ ശ്രീ ആലപ്പി അഷറഫില്‍ നിന്നാണ്. അദ്ദേഹത്തിന്റെ സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം അത് ലോകത്തെ അറിയിച്ചത്. 

'ആറാം തമ്പുരാന്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായിരുന്ന കുറച്ചു സമയത്ത് അദ്ദേഹം സാക്ഷിയായ ഞെട്ടിക്കുന്ന ഒരു സംഭവമാണ് വിഷയം. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന കലാകാരനെ തിരക്കഥാകൃത്തായ രഞ്ജിത്ത് മര്‍ദ്ദിക്കുന്നു; രോഗിയായ ഒടുവില്‍ താഴെ വീഴുന്നു, കരയുന്നു. നൂറ്റി ഇരുപതിലധികം വരുന്ന യൂനിറ്റ് മൊത്തം അത് കണ്ട് നിഷ്‌ക്രിയരായി നില്‍ക്കുന്നു,ഇദ്ദേഹം ഉള്‍പ്പെടെ... ഇതാണ് ശ്രീ ആലപ്പി അഷറഫിന്റെ സാക്ഷിമൊഴി. 1996 ല്‍ നടന്ന ഈ സംഭവത്തില്‍ പ്രതികരിക്കാന്‍ ശ്രീ അഷറഫിന് സ്വന്തം യൂട്യൂബ് ചാനല്‍ തുടങ്ങുന്ന 2024 വരെ കാത്തിരിക്കേണ്ടി വന്നു! 

ശ്രീ അഷറഫ് കുറച്ചു സമയം ഉണ്ടായിരുന്ന 'ആറാം തമ്പുരാന്‍'എന്ന സിനിമയില്‍ മുഴുവന്‍ സമയം ഉണ്ടായിരുന്ന അസ്സോസിയേറ്റ് ഡയറക്ടറായിരുന്നു, ഞാന്‍. ശ്രീ അഷറഫ് പറഞ്ഞ പ്രസ്തുത സംഭവം, സിനിമകള്‍ ഇല്ലാതായി കഴിയുമ്പോള്‍ വാര്‍ത്തകളുടെ ലൈം ലൈറ്റില്‍ തുടരാന്‍ വേണ്ടി ചില സിനിമാ പ്രവര്‍ത്തകര്‍ നടത്തിപ്പോരുന്ന യൂട്യൂബ് ചാനലുകള്‍ക്ക് സബസ്‌ക്രൈബേഴ്സിനെ കൂട്ടിക്കിട്ടാനുള്ള ഏതാനും തറവേലകളില്‍ ഒന്നു മാത്രമാണ്. ആറാം തമ്പുരാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഏറെ സ്നേഹത്തോടെയും സൗഹൃദത്തോടെയും പരസ്പര ബഹുമാനത്തോടെയും കഴിഞ്ഞു പോന്ന രണ്ടു പേരാണ് ഒടുവിലും രഞ്ജിത്തും. ഷൂട്ടിംഗില്ലാത്ത ഇടവേളകളില്‍ സംഭവിക്കുന്ന സൗഹൃദസദസ്സുകളിലൊന്നില്‍ ഉണ്ടായ ക്ഷണികമായ ഒരു കൊമ്പു കോര്‍ക്കലും ഒടുവിലിന്റെ വാക്കുകള്‍ സഭ്യതയുടെ അതിരു കടക്കുന്നു എന്നു തോന്നിയപ്പോള്‍ രഞ്ജിത്ത് അതു തിരുത്തിയതും അതു ചെറിയ ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയതും അല്പസമയത്തിനകം എല്ലാം മറക്കുകയും പരസ്പരം ക്ഷമിക്കുകയും ചെയ്ത ഒരു ചെറിയ സംഭവമാണ് സാംസ്‌കാരിക കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്ഫോടകാത്മക വാര്‍ത്തയായി ശ്രീ അഷറഫ് അവതരിപ്പിക്കുന്നത്... അതും 28 വര്‍ഷങ്ങള്‍ക്കു ശേഷം! അന്ന് ആ സെറ്റില്‍ ഉണ്ടായിരുന്ന ലാലേട്ടനും നിര്‍മ്മാതാവ് സുരേഷ്‌കുമാറും സംവിധായകന്‍ ഷാജി കൈലാസും ഉള്‍പ്പെടെ ഈ അധമവൃത്തിക്കെതിരെ പ്രതികരിച്ചില്ല! എന്തിന് ശ്രീ അഷറഫ് പോലും! 

അവസരങ്ങള്‍ക്കു വേണ്ടി മുട്ടുമടക്കാത്ത, തലകുനിക്കാത്ത കലാകാരന്‍മാരെ അഹങ്കാരികള്‍ എന്ന് സിനിമാലോകത്ത് വിശേഷിപ്പിക്കാറുണ്ട്. ആ വിശേഷണത്തെ സ്വന്തം തൊപ്പിയിലെ ഒരു തൂവലായി കൊണ്ടു നടക്കുന്നവരില്‍ ഒരാളായിട്ടാണ് രഞ്ജിത്തിനെ വ്യക്തിപരമായി ഞാന്‍ കണ്ടിട്ടുള്ളത്... തെറ്റുകള്‍ പറ്റാം,കുറവുകള്‍ കണ്ടെത്താം... വിമര്‍ശിക്കാം... പക്ഷെ അവാസ്തവങ്ങള്‍ പ്രചരിപ്പിച്ച് ആള്‍ക്കൂട്ടക്കയ്യടി വാങ്ങി ഇല്ലാതാക്കാം എന്നു വിചാരിക്കരുത്.ചാനലിന്റെ റേറ്റിംഗ് കൂട്ടാന്‍ കുറച്ചു കൂടി മ്ലേച്ഛമായ മറ്റു വഴികള്‍ നമുക്ക് കണ്ടെത്താവുന്നതേ ഉള്ളു


ആലപ്പി അഷ്റഫിന്റെ വാക്കുകള്‍

താന്‍ ആദ്യം കാണുന്ന സമയത്ത് വളരെ സ്നേഹവും പരസ്പര ബഹുമാനവുമുള്ള ചെറുപ്പക്കാരനായിരുന്നു രഞ്ജിത്ത്. വിജയത്തിന്റെ പടികള്‍ ചവിട്ടിക്കയറാന്‍ തുടങ്ങിയതോടെ രഞ്ജിത്തിന്റെ സ്വഭാവത്തിലും മാറ്റങ്ങളുണ്ടായി. പിന്നീട് മറ്റുള്ളവരെ പുച്ഛത്തോടെ കാണുകയും ഞാന്‍ മാത്രമാണ് ശരിയെന്ന മനോഭാവത്തിലേക്ക് കടന്നു. താനാണ് സിനിമ എന്നാണ് രഞ്ജിത്ത് ചിന്തിക്കുന്നത്. ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ ആയതോടെ വരിക്കാശ്ശേരി മനയുടെ തമ്പ്രാനായി രഞ്ജിത്ത് മാറി.

ആറാം തമ്പുരാന്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ കുറച്ചുനാള്‍ ഞാന്‍ ഉണ്ടായിരുന്നു. അതില്‍ ചെറിയ വേഷവും ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അന്തരിച്ച പ്രമുഖ നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ രഞ്ജിത്തിനോട് എന്തോ തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്കു പിടിച്ചു നിന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഉടന്‍ ആ വയോവൃദ്ധന്റെ ചെവിക്കല്ല് നോക്കി ഒരൊറ്റ അടി. ആ അടികൊണ്ട് ഒടിവിലുണ്ണികൃഷ്ണന്‍ കറങ്ങി നിലത്തുവീണു. നിരവധി രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്ന ആരോഗ്യം ക്ഷയിച്ച ഒടുവിലുണ്ണികൃഷ്ണനെ എല്ലാവരും കൂടി പിടിച്ച് എഴുന്നേല്‍പ്പിച്ചു. ആ സമയത്ത് അദ്ദേഹം നിറകണ്ണുകളോടെ നില്‍ക്കുകയാണ്. ഇത് എല്ലാവര്‍ക്കും ഷോക്കായി. പലരും രഞ്ജിത്തിന്റെ പ്രവൃത്തിയെ എതിര്‍ത്തെങ്കിലും അദ്ദേഹം അത് ഗൗനിച്ചില്ല. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തനിക്കേറ്റ അടിയുടെ ആഘാതത്തില്‍ മാനസികമായി തകര്‍ന്നുപോയി. പിന്നീടുള്ള അദ്ദേഹത്തിന്റെ ദിവസത്തില്‍ കളിയും ചിരിയുമെല്ലാം മാഞ്ഞിരുന്നു. മ്ലാനതയിലായിരുന്നു അദ്ദേഹം. അടിയോടൊപ്പം അദ്ദേഹത്തിന്റെ ഹൃദയവും തകര്‍ന്നുപോയി. സെറ്റില്‍ വന്നാല്‍ എല്ലാവരെയും രസിപ്പിക്കുന്ന ആളായിരുന്നു അദ്ദേഹം. എന്നാല്‍ പിന്നീട് ഞാന്‍ അതൊന്നും കണ്ടിട്ടില്ല. അതില്‍ നിന്ന് മോചിതനാവാന്‍ ഏറെ നാളെടുത്തു.

director ranjith slapped actor oduvil unnikrishnan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES