Latest News

പ്രശസ്ത സംവിധായകന്‍ ആര്‍. ശരത് അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ; വിട പറഞ്ഞത് നിരവധി അന്താരാഷ്ട്ര -ആഭ്യന്തര സിനിമാ പുരസ്‌ക്കാരങ്ങള്‍ നേടിയ ചലച്ചിത്രകാരന്‍; രാജാ രവിവര്‍മ്മയുടെ ജീവിതം അടിസ്ഥാനമാക്കിയ ഡോക്യൂമെന്ററി സംവിധായകനായി തുടങ്ങി സിനിമാ രംഗത്തെത്തിയ പ്രതിഭ 

Malayalilife
 പ്രശസ്ത സംവിധായകന്‍ ആര്‍. ശരത് അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ; വിട പറഞ്ഞത് നിരവധി അന്താരാഷ്ട്ര -ആഭ്യന്തര സിനിമാ പുരസ്‌ക്കാരങ്ങള്‍ നേടിയ ചലച്ചിത്രകാരന്‍; രാജാ രവിവര്‍മ്മയുടെ ജീവിതം അടിസ്ഥാനമാക്കിയ ഡോക്യൂമെന്ററി സംവിധായകനായി തുടങ്ങി സിനിമാ രംഗത്തെത്തിയ പ്രതിഭ 

മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത സംവിധായകന്‍ ആര്‍. ശരത് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാ രംഗത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. 

സായാഹ്നം, സ്ഥിതി, ശീലാബതി, സ്വയംപറുദീസ, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു തുടങ്ങി നിരൂപകശ്രദ്ധയും ജനപ്രീതിയും നേടിയ നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം. മനുഷ്യബന്ധങ്ങളുടെയും സാമൂഹിക വിഷയങ്ങളുടെയും ആഴത്തിലുള്ള ആവിഷ്‌കാരങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഓരോ സിനിമകളും. 

അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ 'സായാഹ്നം' എന്ന ചിത്രം മികച്ച നിരൂപകപ്രശംസ നേടിയിരുന്നു. വിവിധ വിഭാഗങ്ങളിലായി ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ഈ ഒറ്റ ചിത്രം സ്വന്തമാക്കിയത്. മലയാള സിനിമയിലെ മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായി ഇത് വിലയിരുത്തപ്പെടുന്നു. 

ഒരു ഡോക്യുമെന്ററി സംവിധായകനായിട്ടാണ് ആര്‍. ശരത് തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത്. കലയോടും സംസ്‌കാരത്തോടുമുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള പ്രതിബദ്ധത തുടക്കകാലത്തെ ഡോക്യുമെന്ററികളില്‍ തന്നെ വ്യക്തമായിരുന്നു. രാജാ രവിവര്‍മ്മയുടെ ജീവിതവും ചിത്രകലയും അടിസ്ഥാനമാക്കി അദ്ദേഹം ഒരുക്കിയ 'ദി പെയിന്റഡ് എപ്പിക്സ്' എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടയില്‍, രാജാ രവിവര്‍മ്മയുടെ ഇതുവരെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാത്ത അപൂര്‍വ ചുവര്‍ചിത്രങ്ങള്‍ അദ്ദേഹം കണ്ടെത്തുകയുണ്ടായി. രവിവര്‍മ്മ ചിത്രങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാഴികക്കല്ലുകളിലൊന്നായിരുന്നു ഈ കണ്ടെത്തല്‍. ഈ അപൂര്‍വ്വ ചുമര്‍ചിത്ര ഗവേഷണ മികവിനെ മുന്‍നിര്‍ത്തി 1996-ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സാംസ്‌കാരിക വകുപ്പ് അദ്ദേഹത്തിന് ജൂനിയര്‍ ഫെലോഷിപ്പ് നല്‍കി ആദരിക്കുകയും ചെയ്തു. 

മഹാകവി ഒ.എന്‍.വി. കുറുപ്പിന്റെ പ്രശസ്തമായ കവിതയെ അടിസ്ഥാനമാക്കി പരിസ്ഥിതി-സ്ത്രീത്വ സൗന്ദര്യശാസ്ത്രം പ്രമേയമാക്കി അദ്ദേഹം ഒരുക്കിയ 'ഭൂമിക്ക് ഒരു ചരമഗീതം' എന്ന ഹ്രസ്വചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാവ്യഭംഗിയും ദൃശ്യാവിഷ്‌കാര മികവും ഒത്തുചേര്‍ന്ന ഈ ഹ്രസ്വചിത്രം വലിയ നിരൂപകപ്രശംസ പിടിച്ചുപറ്റി. സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്ന ദമ്പതികളുടെ ജീവിത പശ്ചാത്തലം പ്രമേയമാക്കി ശരത് സംവിധാനം ചെയ്ത ഫീച്ചര്‍ ഫിലിമാണ് 'സ്ഥിതി'. സാധാരണക്കാരുടെ ജീവിതവും മാനസിക സംഘര്‍ഷങ്ങളും തനിമയോടെ അവതരിപ്പിച്ച ഈ ചിത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു. 

പ്രശസ്ത പിന്നണി ഗായകന്‍ ഉണ്ണി മേനോന്‍ ആദ്യമായി നായകനായി അഭിനയിച്ചു എന്ന പ്രത്യേകതയും 'സ്ഥിതി' എന്ന ചിത്രത്തിനുണ്ടായിരുന്നു. സംഗീത ലോകത്ത് നിന്ന് അഭിനയ രംഗത്തേക്കുള്ള ഉണ്ണി മേനോന്റെ അരങ്ങേറ്റം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. ദേശീയ-സംസ്ഥാന തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ചലച്ചിത്രകാരനാണ് ആര്‍. ശരത്. ഒരു സംവിധായകന്റെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ്, മികച്ച മലയാള ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ്, മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച ഹ്രസ്വചിത്രം, മികച്ച കഥ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Read more topics: # ആര്‍. ശരത്
director r sarath passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES