'എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു' വിവാഹവാര്‍ഷിക ദിനത്തിലെ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ കുറിപ്പിന്റെ തുടക്കം ഇങ്ങനെയായിരുന്നു. ആദ്യ വരി കണ്ട് ഞെട്ടാന്‍ വരട്ടെ. വരനാരാണെന്ന് താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റാരുമല്ല അത് ധര്‍മജന്‍ തന്നെയാണ്. വിവാഹവാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായാണ് ഇരുവരുടേയും 'രണ്ടാം വിവാഹം'. താരത്തിന്റെ പോസ്റ്റ് ഇതിനോടകം വൈറലായിരിക്കുകയാണ്.
എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരന്‍ ഞാന്‍ തന്നെ. മുഹൂര്‍ത്തം 9.30നും 10.30നും ഇടയില്‍. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം.- ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം കുറിച്ചു. പിന്നാലെ താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.
വിവാഹം ഇതുവരെ രജിസ്റ്റര്‍ ചെയ്യാതിരുന്നതു കൊണ്ടാണ് അതൊരു ചടങ്ങായി നടത്താന്‍ താരം തീരുമാനിച്ചത്.പതിനാറ് വര്‍ഷം മുമ്പ് ഒളിച്ചോടിയ ആളുകളാണ്. നാട്ടിലെ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടത്തിയത്. അന്ന് രജിസ്ട്രേഷനെ കുറിച്ച് വലിയ തോന്നല്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് അങ്ങനെയൊരു തോന്നലുണ്ടായത്. കുട്ടികള്‍ ഒരാള്‍ പത്തിലും ഒരാള്‍ ഒമ്പതിലുമായി. അവരുടെ സാന്നിധ്യത്തില്‍ കല്യാണം കഴിച്ചുവെന്ന് മാത്രമല്ല രജിസ്റ്ററും ചെയ്തു.
വിവാഹം കഴിക്കുക, കല്യാണപ്പെണ്ണായി ഒരുങ്ങുക എന്നതൊക്കെ ഒരു പെണ്‍കുട്ടിയുടെ മോഹമാണ്. അന്നൊരു ചുരിദാറുമിട്ട്, വഴിയില്‍ വന്നു നിന്നപ്പോള്‍ അവിടെ നിന്നു തട്ടിക്കൊണ്ടുവന്ന് കല്യാണം കഴിക്കുകയായിരുന്നു. ഇന്ന് ആ സ്വപ്നം ചെറുതായി ഒന്ന് നടന്നു.
കല്യാണം ആയിട്ട് എന്താടാ എന്നെ വിളിക്കാത്തതെന്ന് ചോദിച്ച് രാവിലെ വിളിച്ചത് സംവിധായകന്‍ ബോബന്‍ സാമുവല്‍ ആണ്.പരാതികളുണ്ടാകും, പക്ഷേ ഇതൊരു പബ്ലിസിറ്റിക്ക് വേണ്ടി ചെയ്ത കാര്യമല്ല. പിഷാരടി എന്നെ വിളിച്ച് ചീത്ത പറഞ്ഞു, 'നീ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലേ, ചത്തുപോയാല്‍ അവള്‍ക്ക് ഇന്‍ഷുറന്‍സ് പോലും കിട്ടില്ലെന്ന് പറഞ്ഞു. അതൊക്കെ ഇതില്‍ ബാധകമാണ്' എന്നാണ് ധര്‍മജന്‍ പറയുന്നത്.