ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന എല്‍&ടി മേധാവിയുടെ പ്രതികരണത്തെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് നടി ദീപിക പദുകോണ്‍. എസ്.എന്‍ സുബ്രമണ്യന്റെ പ്രസ്താവനയേയും പിന്നീട് അത് വിശദീകരിച്ചുള്ള എല്‍&ടിയുടെ കുറിപ്പിനെ സംബന്ധിച്ചുമാണ് ദീപികയുടെ പ്രതികരണം. മുതിര്‍ന്ന സ്ഥാനങ്ങളിലിരുന്ന് ചിലര്‍ ഇത്തരം പ്രസ്താവന നടത്തുന്നത് ഞെട്ടലുണ്ടാക്കുന്ന സംഭവമാണെന്നും മാനസികാരോഗ്യമെന്നത് പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നും ദീപിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സുബ്രമണ്യന്റെ പ്രസ്താവനയെ വിശദീകരിച്ച് എല്‍&ടി പുറത്തിറക്കിയ കുറിപ്പിലും ദീപിക പ്രതികരിച്ചു. വിഷയം കൂടുതല്‍ മോശമാക്കുകയാണ് എല്‍&ടി ചെയ്തതെന്നായിരുന്നു ദീപികയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ആഴ്ചയില്‍ 90 മണിക്കൂര്‍ സമയം ജോലി ചെയ്യണമെന്ന നിര്‍ദേശവുമായി ലാര്‍സന്‍ ആന്‍ഡ് ടോബ്രോ ചെയര്‍മാന്‍ എസ്.എന്‍. സുബ്രഹ്മണ്യന്‍ രംഗത്തെത്തിയിരുന്നു. ആവശ്യമെങ്കില്‍ ഞായറാഴ്ചത്തെ അവധി പോലും ഒഴിവാക്കി ജീവനക്കാര്‍ ജോലിക്കെത്തണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.
ഞായറാഴ്ചകളില്‍ നിങ്ങള്‍ക്ക് ജോലി ചെയ്യിക്കാന്‍ സാധിക്കാത്തതില്‍ ഞാന്‍ ഖേദിക്കുന്നു. അതിന് സാധിച്ചാല്‍ ഞാന്‍ കൂടുതല്‍ സന്തോഷിക്കും. കാരണം, ഞാന്‍ ഞായറാഴ്ചകളില്‍ ജോലി ചെയ്യുന്നുണ്ട്. വീട്ടിലിരുന്ന് നിങ്ങള്‍ എന്താണ് ചെയ്യുന്നത്. എത്രനേരം നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ നോക്കിനില്‍ക്കും. ഓഫിസില്‍ വന്ന് ജോലി തുടങ്ങൂ...''-എന്നാണ് സുബ്രഹ്മണ്യന്‍ ജീവനക്കാരോട് പറഞ്ഞത്. രാഷ്ട്രനിര്‍മ്മാണമാണ് ഞങ്ങളുടെ ദൗത്യത്തിന്റെ കാതല്‍. എട്ട് പതിറ്റാണ്ടിലേറെയായി, ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖല, വ്യവസായങ്ങള്‍, സാങ്കേതിക മേഖല എന്നിവ വികസിപ്പിക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നു.
ഇത് ഇന്ത്യയുടെ ദശകമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. പുരോഗതി കൈവരിക്കുന്നതിനും വികസിത രാഷ്ട്രമായി മാറുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും കൂട്ടായ സമര്‍പ്പണവും പരിശ്രമവും ആവശ്യമുള്ള സമയമാണിത്. അസാധാരണമായ ഫലങ്ങള്‍ക്ക് അസാധാരണമായ പരിശ്രമം ആവശ്യമാണെന്ന് ഊന്നിപ്പറയുന്ന ചെയര്‍മാന്റെ പരാമര്‍ശങ്ങള്‍ ഈ വലിയ അഭിലാഷത്തെ പ്രതിഫലിപ്പിക്കുന്നുവെന്നായിരുന്നു ഇതുസംബന്ധിച്ച് എല്‍&ടി നല്‍കുന്ന വിശദീകരണം.