ആശ' സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ മലയാളത്തില്‍ സംസാരിക്കാന്‍ നടി ഉര്‍വശി ആവശ്യപ്പെട്ട സംഭവത്തില്‍, നടിയുടെ പുതിയ വിശദീകരണം തന്നെ കൂടുതല്‍ വേദനിപ്പിച്ചതായി അവതാരക ദക്ഷ രവീന്ദ്രനാഥ്. സംഭവം തന്റെ മാനസികാ രോഗ്യത്തെയും കഠിനാധ്വാനം ചെയ്ത് കെട്ടിപ്പടുത്ത കരിയറിനെയും ബാധിക്കുമെന്ന ആശങ്കയിലാണ് മറുപടി വിഡിയോയുമായി രംഗത്തെത്തിയതെന്ന് ദക്ഷ വ്യക്തമാക്കി.
ആശ സിനിമയുടെ പ്രീ ലോഞ്ച് ഇവന്റിന്റെ ഭാഗമായി നടന്ന ഒരു സംഭവത്തിന്റെ പല ഭാഗങ്ങളും പല വളച്ചൊടിക്കലുകളുമൊക്കെ സമൂഹ മാധ്യമങ്ങളില്‍ ഇങ്ങനെ വന്നുകൊണ്ടിരിക്കുകയാണ്. അത് എന്റെ മെന്റല്‍ ഹെല്‍ത്തിനെയും ഞാന്‍ ഇത്രയും വര്‍ഷമായി ഉണ്ടാക്കിയെടുത്ത കരിയറിനെയും ബാധിക്കുമോ എന്ന പേടി കൊണ്ടാണ് ഇപ്പോള്‍ ഞാന്‍ ഈ വിഡിയോ ചെയ്യുന്നത്. ഇതുവരെ ഈ സംഭവത്തെ അനുകൂലിച്ചും തമാശയായുമൊക്കെയാണ് കണ്ടിരുന്നതും പ്രതികരിച്ചിരുന്നതും.
അതിനു പ്രധാന കാരണം തൊട്ടപ്പുറത്ത് നില്‍ക്കുന്നത് ഇതിഹാസ നടിയായ ഉര്‍വശി ചേച്ചിയാണെന്നതു തന്നെയാണ്. എല്ലാവരെയും പോലെ ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന നടിയാണ് ഉര്‍വശി ചേച്ചി. മാത്രമല്ല ഒരു സിനിമയുടെ റിലീസ് സമയത്ത് ഇതുപോലുള്ള വിവാദങ്ങള്‍ കൂടുതലായി ഉണ്ടാകാറുമുണ്ട്. അനാവശ്യമായ ഡ്രാമകള്‍ വേണ്ടെന്നു വച്ചിരുന്നു. പക്ഷേ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ ഉര്‍വശി ചേച്ചി പറഞ്ഞ ചില കാര്യങ്ങള്‍ എന്നെ വല്ലാതെ വിഷമിപ്പിച്ചു' - ദക്ഷ പറഞ്ഞു.
സദസ്സിലുണ്ടായിരുന്ന ഒരു സ്ത്രീ മലയാളത്തില്‍ പറയാന്‍ ആംഗ്യം കാണിച്ചതുകൊണ്ടാണ് താന്‍ അങ്ങനെ പറഞ്ഞതെന്നായിരുന്നു ഉര്‍വശിയുടെ അഭിമുഖത്തിലെ വിശദീകരണം. എന്നാല്‍ ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ദക്ഷ ചൂണ്ടിക്കാട്ടി. 'സ്റ്റേജില്‍ നിന്നും ബാരിക്കേഡ് കെട്ടി തിരിച്ചിടത്താണ് ആളുകള്‍ നിന്നിരുന്നത്. അവിടെ നിന്ന് ഒരാള്‍ വാ കൊണ്ട് അങ്ങനെയൊരു ആക്ഷന്‍ കാണിച്ചാല്‍ സ്റ്റേജില്‍ നില്‍ക്കുന്ന ആള്‍ക്ക് അത് കാണാന്‍ കഴിയുമോ എന്ന് എനിക്കറിയില്ല.
പക്ഷേ സോഷ്യല്‍ മീഡിയയിലൂടെ ഈ ഇവന്റിന്റെ ഫുള്‍ വിഡിയോ കണ്ടു നോക്കുമ്പോള്‍ അത്തരത്തിലുള്ള ഒരു ഓഡിയന്‍സിന്റെ അപേക്ഷയോട് ചേച്ചി പ്രതികരിക്കുന്നതായി ഒരിടത്തും കാണാന്‍ സാധിക്കുന്നില്ല. പോട്ടെ ഇനി അങ്ങനെയൊരമ്മ ഇതുപോലെ അപേക്ഷിച്ചുവെന്നു തന്നെയിരിക്കട്ടെ. അങ്ങനെയാണെങ്കില്‍ തന്നെ ഉര്‍വശിച്ചേച്ചിക്ക് എന്നെ കൈ കാണിച്ചൊന്ന് വിളിച്ചാല്‍ മതിയായിരുന്നു.
ഉര്‍വശി ചേച്ചിയ്‌ക്കോ പരിപാടിയുടെ ഓര്‍ഗനൈസേഴ്സില്‍ ആര്‍ക്കെങ്കിലുമോ എന്നോട് അത് അടുത്തേക്ക് വിളിച്ച് പറഞ്ഞ് മലയാളത്തില്‍ പറയാന്‍ നിര്‍ദേശിച്ചു കഴിഞ്ഞാല്‍ തീരാവുന്ന ഒരു പ്രശ്‌നമേ ഉണ്ടായിരുന്നൊള്ളൂ' - ദക്ഷ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഇംഗ്ലീഷ് ഉപയോഗിച്ചതിനും ദക്ഷ വ്യക്തമായ കാരണങ്ങള്‍ നിരത്തി. '
ആശ' അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസ് ചെയ്യുന്ന ചിത്രമാണെന്നതും, പരിപാടി നടന്ന ലുലു മാളില്‍ കേരളത്തിന് പുറത്തുനിന്നുള്ളവരും സദസ്സിലുണ്ടാകാറുള്ളതും പ്രധാന കാരണമാണ്. ഇതിനെല്ലാം ഉപരി സംഘാടകര്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി സംസാരിക്കാന്‍ നിര്‍ദേശിച്ചതുകൊണ്ടാണ് അങ്ങനെ അവതരിപ്പിച്ചതെന്നും ദക്ഷ പറഞ്ഞു.
ദക്ഷയുടെ പോസ്റ്റ്: https://www.instagram.com/reel/Dda2pW2hVyB/?utm_source=ig_web_button_share_sheet
സന്ദര്‍ഭത്തില്‍ എന്തുകൊണ്ട് ഉടന്‍ പ്രതികരിച്ചില്ല എന്ന ചോദ്യത്തിനും ദക്ഷ മറുപടി നല്‍കി: 'ആ സന്ദര്‍ഭത്തില്‍ മറ്റെന്താണ് എനിക്ക് ചെയ്യാനാവുക എന്നാണ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി കഠിനാധ്വാനവും ദൈവാനുഗ്രഹവും കൊണ്ട് ആയിരത്തിലധികം പരിപാടികള്‍ക്ക് ആങ്കര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ എക്‌സ്പീരിയന്‍സില്‍ നിന്നും എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ള കാര്യം നമ്മുടെ വ്യക്തിപരമായ വികാരങ്ങള്‍ക്ക് സ്റ്റേജില്‍ പ്രസക്തിയില്ല എന്നാണ്. പ്രോഗ്രാം ആദ്യാവസാനം ഏറ്റവും മനോഹരമായി ആ പരിപാടി അവതരിപ്പിച്ച് വിജയിപ്പിക്കുക എന്നതാണ് ഒരു ആങ്കറുടെ ജോലി എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതുകൊണ്ടാണ് ആ സമയത്ത് കൂളായി പ്രതികരിക്കാന്‍ ശ്രമിച്ചത്.
ചില അഭിമുഖങ്ങളില്‍ ഉര്‍വശിച്ചേച്ചി എന്നെക്കുറിച്ച് നന്നായി പറയുന്നതും കണ്ടു. ചിലതില്‍ ആശങ്കപ്പെടുത്തുന്നതുമായ പ്രസ്താവനകള്‍ കണ്ടു. സോഷ്യല്‍മീഡിയയില്‍ വര്‍ക്ക് ചെയ്തിരുന്ന ഒരാളാണ് ഞാനും. എനിക്കറിയാം അതിലുള്ളവരുടെ മൈന്‍ഡ് സെറ്റ്. അതുകൊണ്ട് മനഃപൂര്‍വം ഇങ്ങനെ ചിത്രീകരിക്കുന്നതാണോ എന്നും മനസ്സിലാകുന്നില്ല. പക്ഷേ ഈ കരിയര്‍ എന്റെ വരുമാന മാര്‍ഗം കൂടിയാണ്. അതിനെ കൂടി ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നതിനാലാണ് ഇപ്പോള്‍ ഇങ്ങനെ പ്രതികരിച്ചത്. സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ച എല്ലാവര്‍ക്കും നന്ദി'- ദക്ഷ രവീന്ദ്രനാഥ് പറഞ്ഞു.