സോഷ്യല്‍ മീഡിയയില്‍ ദിവസങ്ങളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നടി സാമന്ത റൂത്ത് പ്രഭു. താന്‍ ഗര്‍ഭിണിയാണെന്നും സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുക്കുകയാണെന്നും താരം തന്നെയാണ് വെളിപ്പെടുത്തിയത്. 'മാ ഇന്തി ബംഗാരം' എന്ന തെലുങ്ക് ചിത്രത്തിന്റെ വിജയ ആഘോഷച്ചടങ്ങില്‍ വെച്ചാണ് സാമന്ത ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.
ചടങ്ങില്‍ ഭര്‍ത്താവും സംവിധായകനുമായ രാജ് നിദിമൊരുവിനൊപ്പമാണ് സാമന്ത എത്തിയത്. സാമന്തയുടെ വയര്‍ വലുതായിരിക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ താരദമ്പതികള്‍ തങ്ങളുടെ ആദ്യ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
'എന്റെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്ത്, 'മാ ഇന്തി ബംഗാര'ത്തിന് ശേഷം എനിക്ക് ചെറിയൊരു ബ്രേക്ക് ആവശ്യമാണ്. ഇത് എന്റെ പ്രസവാവധിയാണ്. ഇതില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി ഞാന്‍ ആരാധകര്‍ക്ക് മുന്നിലെത്തും,'' എന്നായിരുന്നു സാമന്തയുടെ വാക്കുകള്‍. താരം ഇക്കാര്യം വെളിപ്പെടുത്തിയതോടെ സദസ്സിലുള്ളവര്‍ വലിയ ആവേശത്തോടെയാണ് പ്രതികരിച്ചത്. ഈ ചടങ്ങിന്റെ വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു. ദമ്പതികള്‍ക്ക് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.
2025 ഡിസംബര്‍ ഒന്നിനായിരുന്നു സാമന്തയും സംവിധായകന്‍ രാജ് നിദിമൊരുവും തമ്മിലുള്ള വിവാഹം. ശ്രദ്ധേയമായ വെബ് സീരീസ് 'ഫാമിലി മാന്‍' സംവിധായകരില്‍ ഒരാളാണ് രാജ്. ഈ പരമ്പരയില്‍ സാമന്തയും പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. ചിത്രീകരണത്തിനിടെ ഇരുവരും പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ് രാജ്. നടന്‍ നാഗചൈതന്യ ആയിരുന്നു സാമന്തയുടെ ആദ്യ ഭര്‍ത്താവ്. 2021-ല്‍ ഇരുവരും വേര്‍പിരിഞ്ഞിരുന്നു.