Latest News

കെജിഎഫ് 2 ഒരുങ്ങുന്നത് ഹോളിവുഡ് നിലവാരത്തില്‍;മാസ്റ്റര്‍ പ്രൈം എന്ന ലെന്‍സ് ഉപയോഗിക്കുന്നത് പ്രധാന സബ്ജക്ടിനെ മാത്രം ഫോക്കസ് ചെയ്യാന്‍; ഛായാഗ്രാഹകന്‍ ഭുവന്‍ ഗൗഡ വിശദീകരിക്കുന്നു

Malayalilife
 കെജിഎഫ് 2 ഒരുങ്ങുന്നത് ഹോളിവുഡ് നിലവാരത്തില്‍;മാസ്റ്റര്‍ പ്രൈം എന്ന ലെന്‍സ് ഉപയോഗിക്കുന്നത് പ്രധാന സബ്ജക്ടിനെ മാത്രം ഫോക്കസ് ചെയ്യാന്‍; ഛായാഗ്രാഹകന്‍ ഭുവന്‍ ഗൗഡ വിശദീകരിക്കുന്നു

ഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് ആഗോള ബോക്സ്ഓഫീസില്‍ ചുരുങ്ങിയ ദിനങ്ങളില്‍ 100 കോടിയും പിന്നിട്ട് മുന്നേറ്റം തുടരുകയാണ്.കന്നഡ സിനിമയുടെ ചരിത്രത്തില്‍ ഒരു പക്ഷേ ആദ്യമായാണ് ഒരു ചിത്രം ഭാഷാപരമായ അതിര്‍ത്തികള്‍ക്കപ്പുറത്ത് ഇന്ത്യന്‍ സിനിമാപ്രേമികളാല്‍ വരവേല്‍ക്കപ്പെടുന്നത്.  മലയാളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ പതിപ്പുകള്‍ക്കും ഹിന്ദി പതിപ്പിനുമൊക്കെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

സാന്‍ഡല്‍വുഡിലെ എക്കാലത്തെയും ഉയര്‍ന്ന ബജറ്റിലെത്തിയ കെജിഎഫ് സാങ്കേതികപരമായും ദൃശ്യപരമായും ശ്രദ്ധ നേടിയ സിനിമയാണ്. കെജിഎഫിന്റെ ഔട്ട്ഡോര്‍ ചിത്രീകരണത്തില്‍ കൃത്രിമ വെളിച്ചങ്ങള്‍ക്ക് പകരം തീയാണ് ഉപയോഗിച്ചതെന്ന് പറയുന്നു ചിത്രത്തിന്റെ സിനിമാറ്റോഗ്രഫര്‍ ഭുവന്‍ ഗൗഡ. ഇതുള്‍പ്പെടെ കെജിഎഫ് ചിത്രീകരണവുമായി ബന്ധപ്പെട്ട കൗതുകകരമായ കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ഭുവന്‍ ഗൗഡ, ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍.

മാസ്റ്റര്‍ പ്രൈം എന്ന ലെന്‍സാണ് കെജിഎഫില്‍ ഞാന്‍ ഉപയോഗിച്ചത്. പ്രധാന സബ്ജക്ടിനെ മാത്രം ഫോക്കസ് ചെയ്ത് മറ്റുള്ളവയെ ബ്ലര്‍ ചെയ്യുന്ന ലെന്‍സാണ് അത്. ലൈറ്റിംഗ് ആയിരുന്നു ഞങ്ങള്‍ ആഗ്രഹിച്ച തരത്തിലുള്ള ദൃശ്യങ്ങള്‍ ലഭിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരുന്ന മറ്റൊരു പ്രധാന സംഗതി. ഔട്ട്ഡോര്‍ ചിത്രീകരണത്തില്‍ കൃത്രിമ വെളിച്ചങ്ങളൊന്നും ഉപയോഗിച്ചില്ല, അത് രാത്രിയാണെങ്കില്‍ പോലും. രാത്രിയിലെ ഔട്ട്ഡോര്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തീയാണ് ഉപയോഗിച്ചത്. കൂറ്റന്‍ സെറ്റുകളിലായിരുന്നു ചിത്രീകരണം എന്നതിനാല്‍ പലപ്പോഴും ഒരു വലിയ പ്രദേശത്ത് തീയിടേണ്ടി വന്നിട്ടുണ്ട്. ക്യാമറ മിക്കപ്പോഴും ഞാന്‍ തോളിലാണ് എടുത്തത്. അതുകൊണ്ടാണ് 40 ശതമാനം ദൃശ്യങ്ങളിലും ഒരു ചലനമുള്ളത്. 

ദൃശ്യപരമായി കെജിഎഫ് ആദ്യഭാഗത്തേക്കാള്‍ മുകളില്‍ നില്‍ക്കുന്നതാവും രണ്ടാം ഭാഗമെന്നും  ചിത്രം ഹോളിവുഡ് നിലവാരത്തിലാവും പുറത്തെത്തുകയെന്നും പറയുന്നു ഭുവന്‍ ഗൗഡ. ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് അപ്പുറത്തുള്ള പ്രതികരണമാണ് ആദ്യഭാഗത്തിന് കിട്ടിയത്. അതിനാല്‍ത്തന്നെ രണ്ടാംഭാഗത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ആദ്യഭാഗത്തിന്റെ ചിത്രീകരണത്തിനിടെ രണ്ടാംഭാഗത്തിനായുള്ള അഞ്ച് ശതമാനം രംഗങ്ങളേ ഷൂട്ട് ചെയ്തിട്ടുള്ളൂ. 95 ശതമാനം ചിത്രീകരണം ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്, ഭുവന്‍ ഗൗഡ പറഞ്ഞവസാനിപ്പിക്കുന്നു.

cinematographer-bhuvan-gowda-say about-kgf

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES