Latest News

ചിരഞ്ജീവിയുടെ പേര്, ചിത്രം, ശബ്ദം അല്ലെങ്കില്‍ മറ്റ് തിരിച്ചറിയാവുന്ന അടയാളങ്ങള്‍ ദുരുപയോഗം ചെയ്യരുത്; നടന്റെ വ്യക്തിത്വവും പ്രചാരണ അവകാശങ്ങളും സംരക്ഷിക്കുന്ന ഇടക്കാല ഉത്തരവ് അനുവദിച്ച് ഹൈദരാബാദ് കോടതി 

Malayalilife
 ചിരഞ്ജീവിയുടെ പേര്, ചിത്രം, ശബ്ദം അല്ലെങ്കില്‍ മറ്റ് തിരിച്ചറിയാവുന്ന അടയാളങ്ങള്‍ ദുരുപയോഗം ചെയ്യരുത്; നടന്റെ വ്യക്തിത്വവും പ്രചാരണ അവകാശങ്ങളും സംരക്ഷിക്കുന്ന ഇടക്കാല ഉത്തരവ് അനുവദിച്ച് ഹൈദരാബാദ് കോടതി 

പ്രശസ്ത നടനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ചിരഞ്ജീവിയുടെ വ്യക്തിത്വവും പ്രചാരണ അവകാശങ്ങളും സംരക്ഷിക്കുന്ന ഇടക്കാല ഉത്തരവ് അനുവദിച്ചു കൊണ്ട് ഹൈദരാബാദ് സിറ്റി സിവില്‍ കോടതി. 2025 സെപ്റ്റംബര്‍ 26 നു പുറത്തു വന്ന കോടതി ഉത്തരവില്‍, ഹൈദരാബാദ് സിറ്റി സിവില്‍ കോടതി,  ചിരഞ്ജീവിയുടെ പേര്, ചിത്രം, ശബ്ദം അല്ലെങ്കില്‍ മറ്റ് തിരിച്ചറിയാവുന്ന അടയാളങ്ങള്‍ എന്നിവയുടെ അനധികൃത വാണിജ്യപരമായ ഉപയോഗത്തില്‍ നിന്ന് ഏതെങ്കിലും വ്യക്തിയേയോ സ്ഥാപനത്തേയോ നിരോധിച്ചു.

നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറുള്ള, ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ വ്യക്തിയും പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവയും നേടിയ ചിരഞ്ജീവി, വ്യാപാര വസ്തുക്കള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍, എഐ ഉള്ളടക്കം എന്നിവയിലുടനീളം തന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് നിയമ പരിരക്ഷ തേടിയിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ വ്യക്തിത്വങ്ങളില്‍ ഒരാളായി അദ്ദേഹത്തെ അംഗീകരിച്ച കോടതി, അദ്ദേഹത്തിന്റെ പേര്, ഫോട്ടോകള്‍, മീമുകള്‍ എന്നിവയുടെ അനധികൃത ഉപയോഗം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍, അദ്ദേഹത്തിന്റെ പ്രശസ്തിക്കും സാമ്പത്തികത്തിനും ഹാനികരമാണെന്ന് നിരീക്ഷിച്ചു. ഡിജിറ്റല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാധ്യമങ്ങള്‍ വഴിയുള്ള ചൂഷണം അദ്ദേഹത്തിന്റെ പ്രശസ്തിക്കും താല്‍പ്പര്യങ്ങള്‍ക്കും ഗുരുതരവും പരിഹരിക്കാനാവാത്തതുമായ ഭീഷണി ഉയര്‍ത്തിയെന്നും അതില്‍ പറയുന്നു.


കൊനിഡെല ചിരഞ്ജീവിയുടെ പേര്, സ്റ്റേജ് ടൈറ്റിലുകള്‍ ('മെഗാ സ്റ്റാര്‍', 'ചിരു', 'അണ്ണയ്യ'), ശബ്ദം, ഇമേജ് അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രത്യേക വ്യക്തിത്വ അടയാളങ്ങള്‍ എന്നിവ, ഏതെങ്കിലും മാധ്യമ ഫോര്‍മാറ്റിലുടനീളം വ്യക്തിപരമോ വാണിജ്യപരമോ ആയ ആവശ്യങ്ങള്‍ക്കായി നേരിട്ടോ അല്ലാതെയോ ഉപയോഗിക്കുന്നതില്‍ നിന്ന് കോടതി വിലക്കി. 2025 ഒക്ടോബര്‍ 27ന് ഈ കേസില്‍ കോടതി അടുത്ത വാദം കേള്‍ക്കും. ഈ ഉത്തരവില്‍ ഏതെങ്കിലും തരത്തിലുള്ള ലംഘനം, അപകീര്‍ത്തിപ്പെടുത്തല്‍ അല്ലെങ്കില്‍ അനധികൃത ചൂഷണം എന്നിവ കര്‍ശനമായ സിവില്‍, ക്രിമിനല്‍ നടപടികള്‍ക്ക് കാരണമാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ടിആര്‍പി അല്ലെങ്കില്‍ വാണിജ്യ നേട്ടത്തിനായി അദ്ദേഹത്തിന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നതിനെതിരെ മാധ്യമ സ്ഥാപനങ്ങള്‍, ടിവി ചാനലുകള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയ്ക്ക് വ്യക്തമായി മുന്നറിയിപ്പ് നല്‍കിയിരുന്നു.

2025 ഒക്ടോബര്‍ 11ന് ചിരഞ്ജീവി ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ സജ്ജനാറിനെ സന്ദര്‍ശിക്കുകയും ഉത്തരവിന്റെ ഒരു പകര്‍പ്പ് വ്യക്തിപരമായി അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുന്നതിനെക്കുറിച്ചും അത്തരം ലംഘനങ്ങള്‍ തടയുന്നതിന് ശിക്ഷാ നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു. ഈ നീക്കം തന്റെ സ്വകാര്യതയും വ്യക്തിത്വ അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള ചിരഞ്ജീവിയുടെ പ്രതിബദ്ധത അടിവരയിട്ടു കാണിക്കുന്ന ഒന്നാണ്. ഈ സുപ്രധാന നിയമ പരിരക്ഷ കൈവരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതില്‍  അഭിഭാഷകനായ ശ്രീ എസ്. നാഗേഷ് റെഡ്ഡിക്കും അദ്ദേഹത്തിന്റെ നിയമ സംഘത്തിനും ചിരഞ്ജീവി ഹൃദയംഗമമായ നന്ദി അറിയിച്ചു.

ചിരഞ്ജീവിയുടെ വ്യക്തിത്വ അവകാശങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള കൂടുതല്‍ അംഗീകാരത്തിനോ വിവരങ്ങള്‍ക്കോ കൊനിഡെല കുടുംബത്തിന്റെ ജനറല്‍ കൌണ്‍സിലും  ചീഫ് ലീഗല്‍ ഓഫീസറും ആയ മിസ്റ്റര്‍ സാര്‍ ചാഗ്ലയുമായി ഇമെയില്‍ വഴി ([email protected]) ബന്ധപെടുക എന്നും പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Read more topics: # ചിരഞ്ജീവി
chiranjeevis names and picture use

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES