നടി തൃഷയ്ക്കെതിരായ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ ദ്വയാര്‍ഥ പ്രയോഗത്തെ അപലപിച്ച് നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു സുന്ദറും ഗായിക ചിന്മയി ശ്രീപദയും. ഉദയനിധിയുടെ വാക്കുകള്‍ നിന്ദ്യവും വിലകുറഞ്ഞതും വൃത്തികേടുമാണെന്ന് ഖുശ്ബു സുന്ദര്‍ എക്സില്‍ കുറിച്ചു.അണികളോട് മാന്യമായി പെരുമാറാന്‍ നിര്‍ദേശം നല്‍കേണ്ടിയിരുന്ന ഉദയനിധി അതിലും ഹീനമായ പരാമര്‍ശം നടത്തുകയാണ് ഉണ്ടായതെന്ന് ചിന്മയി ആരോപിച്ചു.
ഉദയനിധി സ്റ്റാലിന്റെ പ്രസംഗം കേട്ടു. വൃത്തികേടും വിലകുറഞ്ഞതും നിന്ദ്യവുമായ വാക്കുകളായിരുന്നു അത്. അദ്ദേഹം പിന്തുടരാന്‍ കാത്തിരിക്കുന്ന രാഷ്ട്രീയ സംസ്‌കാരത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നത്', ഖുശ്ബു കുറ്റപ്പെടുത്തി.
ഇത്തരം ചിന്താഗതിയുള്ളവരാണ് നാളെ സംസ്ഥാനം ഭരിക്കാനും രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നയിക്കാനും ആഗ്രഹിക്കുന്നതെങ്കില്‍ ദൈവം നമ്മെ രക്ഷിക്കട്ടെ. സ്ത്രീകളെ അധിക്ഷേപിക്കുന്നതും അവഹേളിക്കുന്നതും രാഷ്ട്രീയ നാടകമാക്കി മാറ്റി അണികളുടെ കൈയടിയും വിസിലും വാങ്ങി ആസ്വദിക്കുന്നവരില്‍ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്', അവര്‍ പ്രതികരിച്ചു.
'സ്ത്രീകള്‍ക്കെതിരായ ഇത്തരം വാക്കുകളെ സ്വാഭാവികവത്രിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം; സ്ത്രീകളുടെ അന്തസ്സ് രാഷ്ട്രീയ തര്‍ക്കങ്ങളില്‍ ബലികഴിക്കപ്പെടുമ്പോള്‍ നിങ്ങളുടെ സ്വന്തം കുടുംബം ഉള്‍പ്പെടെയുള്ള ഒരാളും ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ പോകുന്നില്ല. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ എന്തുതന്നെയായാലും പൊതു സംവാദങ്ങള്‍ക്ക് ചില അതിരുകള്‍ ഉണ്ടാകണം. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കളിക്കാനുള്ള പാവകളായി സ്ത്രീകളെ കണക്കാക്കരുത്', അവര്‍ അഭിപ്രായപ്പെട്ടു.
'രാഷ്ട്രീയ എതിരാളികളുടെ പ്രകടനത്തോടും കാഴ്ചപ്പാടിനോടും നേതൃപാടവത്തോടും മത്സരിക്കാന്‍ കഴിയാതെ വരുമ്പോള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീലങ്ങളും ഉന്നയിക്കുക എന്നത് എളുപ്പവഴിയായി മാറുകയാണ്. ഉദയനിധി സ്റ്റാലിനും പിതാവ് എം.കെ. സ്റ്റാലിനും വര്‍ഷങ്ങളായി നിരവധി വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ടെങ്കിലും അത് ഒരിക്കലും പൊതുജീവിതത്തിന്റെ മാനദണ്ഡമാകരുത്. പൊതുവേദിയില്‍ തൃഷയെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ് ഉദയനിധി ഉപാധികളില്ലാതെ പരസ്യമായി മാപ്പുപറയാന്‍ തയ്യാറാകണം', ഖുശ്ബു ആവശ്യപ്പെട്ടു.
രാഷ്ട്രീയ തര്‍ക്കങ്ങളില്‍ യാതൊരു ബന്ധവുമില്ലാത്ത സ്ത്രീകളെ വലിച്ചിഴയ്ക്കാതെ ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രാഷ്ട്രീയക്കാര്‍ തയ്യാറാകണമെന്ന് ചിന്മയി ആവശ്യപ്പെട്ടു. ഡി.എം.കെ. നേതാവ് ശിവാജി കൃഷ്ണമൂര്‍ത്തിയെപ്പോലെ, അധിക്ഷേപകരമായി സംസാരിക്കുന്ന ആളുകള്‍ക്ക് രാഷ്ട്രീയ വേദികളില്‍ ഇത്തരം അശ്ലീലമായ പരാമര്‍ശങ്ങള്‍ നടത്താന്‍ കഴിഞ്ഞത് പാര്‍ട്ടി പലവട്ടം പുറത്താക്കുന്നത് നിരന്തരം പ്രോത്സാഹിപ്പിക്കപ്പെട്ടത് കൊണ്ടാണെന്ന് ചിന്മയി കുറ്റപ്പെടുത്തി.
തമിഴ്‌നാട് പ്രതിപക്ഷ നേതാവ് പറഞ്ഞതിന്റെ യഥാര്‍ഥ അര്‍ഥം എന്താണെന്ന് തനിക്ക് ആദ്യം മനസ്സിലായില്ല. കുടിവെള്ള കണക്ഷനെക്കുറിച്ചാണ് സംസാരിച്ചതെന്നാണ് കരുതിയത്. സുഹൃത്തുക്കളാണ് അതിലെ ഉള്ളടക്കം വിശദീകരിച്ചു തന്നത്. ഭൂരിഭാഗം സ്ത്രീകള്‍ക്കും അത് മനസ്സിലായിരുന്നില്ല. അണികളെ നിയന്ത്രിക്കുകയോ മാന്യമായി പെരുമാറാന്‍ ആവശ്യപ്പെടുകയോ ചെയ്യുന്നതിന് പകരം അതിലും മോശമായ പരാമര്‍ശം നടത്തുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തത്. അശ്ലീല വ്യാഖ്യാനം നല്‍കിയത് നിങ്ങളാണെന്നും ചിന്താഗതിയുടെ കുഴപ്പമാണെന്നും എളുപ്പം ന്യായീകരിക്കാം. എന്നാല്‍ അവരെ എനിക്ക് ജയലളിതയാണ് ഓര്‍മിപ്പിക്കാനുള്ളതെന്നും ചിന്മയി കുറിച്ചു.
മുന്‍തലമുറയിലെ രാഷ്ട്രീയക്കാരുടെ അധിക്ഷേപ വാക്കുകള്‍ സ്വാഭാവികവല്‍ക്കരിക്കപ്പെട്ടിരുന്നു. എന്നാല്‍ പുതിയ തലമുറയിലെ ഒരാളില്‍ നിന്ന് കൂടുതല്‍ മെച്ചപ്പെട്ട പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നത്, അല്ലാതെ അതിലും മോശമായ ഒന്നല്ല. ഇത് വലിയ നിരാശയുണ്ടാക്കുന്നതാണെന്ന് അവര്‍ വ്യക്തമാക്കി.
സംഭവത്തില്‍ സ്ത്രീകള്‍ വേണ്ടത്ര പ്രതിഷേധിക്കുന്നില്ലെന്ന് ചിന്മയി പരാതിപ്പെട്ടു. തൃഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ഗായിക കടുത്ത അമര്‍ഷവും രോഷവും രേഖപ്പെടുത്തി.
ദ്വയാര്‍ഥ പ്രയോഗം നടത്തിയ ഉദയനിധിയെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലെത്തി തഞ്ചാവൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിലാണ് നടപടി.