മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലൂടെ വമ്പന്‍ കരിയര്‍ ബ്രേക്ക് ലഭിച്ച സംവിധായകനാണ് ചിദംബരം. മലയാള സിനിമയില്‍ നിലവിലെ ഏറ്റവും വലിയ ഹിറ്റ് ആയ ചിത്രം ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബിലെത്തിയ ഒരേയൊരു മോളിവുഡ് ചിത്രവുമാണ്. മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും വലിയ ചര്‍ച്ചാ വിഷയമായിരുന്ന സിനിമ തമിഴ്നാട്ടില്‍ റെക്കോര്‍ഡ് വിജയവുമാണ് നേടിയത്.
ഇപ്പോളിതാ മഞ്ഞുമ്മല്‍ ബോയ്സിനുശേഷം സംവിധായകന് ചിദംബരം ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഫാന്റം സ്റ്റുഡിയോസ് ആണ് നിര്‍മ്മാണം.
ലൂട്ടേര, ക്വീന്‍, അഗ്ളി, മാസാന്, ഉഡ്താ പഞ്ചാബ്, രാമന് രാഘവ് 2 തുടങ്ങി നിരവധി ചിത്രങ്ങളും സേക്രഡ് ഗെയിംസ് ഉള്‍പ്പെടെ നിരവധി വെബ് സീരീസുകളും നിര്‍മ്മിച്ച ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയാണ് ഫാന്റം സ്റ്റുഡിയോസ്.
സോഷ്യല്‍ മീഡിയയിലൂടെ നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അനന്യമായ വീക്ഷണവും കഥപറയല്‍ ശേഷിയും കൊണ്ട് തെന്നിന്ത്യയില്‍ ഇതിനകം മുദ്ര പതിപ്പിച്ച ചിദംബരത്തിനൊപ്പം, അദ്ദേഹത്തിന്റെ ഹിന്ദി സിനിമാ അരങ്ങേറ്റത്തില്‍ കൂടെച്ചേരാന്‍ ഏറെ ആവേശമുണ്ടെന്ന് ഫാന്റം സ്റ്റുഡിയോസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതേസമയം ചിത്രം സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം ചിദംബരത്തിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. 2021 ല്‍ പുറത്തെത്തിയ ജാന്‍.എ.മന് ആയിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം. ഈ ചിത്രവും മികച്ച വിജയമായിരുന്നെങ്കിലും മറുഭാഷാ പ്രേക്ഷകര്‍ക്കും ചിദംബരത്തെ പരിചയപ്പെടുത്തിയത് മഞ്ഞുമ്മല്‍ ബോയ്സ് ആണ്.