ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. കേസില്‍ വിശദമായ അന്വേഷണം നടത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ദിയ അറിയാതെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. പിന്നീട് ജീവനക്കാര്‍ പണം പങ്കിട്ടെടുത്തു. നാല് പ്രതികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്ഥാപനത്തിലെ ജീവനക്കാരികളായ ദിവ്യ, രാധാകുമാരി, വിനീത, വിനീതയുടെ ഭര്‍ത്താവ് ആദര്‍ശ് എന്നിവരാണ് പ്രതികള്‍.
കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. ദിയ കൃഷ്ണ നടത്തുന്ന ആഭരണക്കടയായ 'ഒ ബൈ ഓസി'യിലെ ക്യു ആര്‍ കോഡില്‍ കൃത്രിമം കാണിച്ച് മൂന്ന് ജീവനക്കാരികള്‍ പണം തട്ടിയെടുത്തു എന്നായിരുന്നു കേസ്. ഇതില്‍ കേസെടുത്തതിന് പിന്നാലെ ജീവനക്കാര്‍ കൃഷ്ണകുമാറിനെതിരെയും ദിയക്കെതിരെയും തട്ടിക്കൊണ്ടുപോകല്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കൃഷ്ണകുമാറും ദിയയും സ്ഥാപനത്തിലെ ജീവനക്കാരും രംഗത്തെത്തി. കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ജീവനക്കാര്‍ ഉന്നയിച്ചത്. സംഭവം ചര്‍ച്ചയായതോടെ ജീവനക്കാര്‍ കുറ്റം സമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണകുമാറിന്റെ കുടുംബം ഒരു വീഡിയോ പങ്കുവെച്ചിരുന്നു.
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് രീതി ജീവനക്കാരികള്‍ ക്രൈംബ്രാഞ്ചിനോട് വിവരിക്കുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. ഒ ബൈ ഓസിയിലെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങളാണ് ജീവനക്കാരികളായിരുന്ന വിനീത, രാധകുമാരി എന്നിവര്‍ ക്രൈംബ്രാഞ്ചിനോട് പങ്കുവെച്ചത്. മെഷീന്‍ ഉപയോഗിച്ചുള്ള ക്യൂ ആര്‍ കോഡില്‍ കൃത്രിമം കാണിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇവര്‍ വ്യക്തമാക്കിയത്. ദിയയുടെ സ്ഥാപനത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന ബില്ലില്‍ കസ്റ്റമറുടെ പേരും ഫോണ്‍ നമ്പറും വയ്ക്കാറില്ലെന്നാണ് വീഡിയോയില്‍ ജീവനക്കാരി പറഞ്ഞിരുന്നത്.
ആഭരണങ്ങളുടെ വില നിശ്ചയിക്കുന്നത് ദിയയാണെന്നും കസ്റ്റമര്‍ സെലക്ട് ചെയ്യുന്ന ആഭരണത്തിന്റെ ചിത്രം ദിയയ്ക്ക് അയക്കുമ്പോള്‍ വില നിശ്ചയിച്ച് ദിയ മറുപടി നല്‍കുമെന്നും ജീവനക്കാരി പറയുന്നു. യഥാര്‍ത്ഥ വില അറിയുന്നതിനുള്ള ബാര്‍കോഡ് ബില്ലില്‍ ഉള്‍പ്പെടുത്തില്ലെന്നും ഇവര്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നു.