ആരോഗ്യ വിവരങ്ങള്‍ പങ്കുവച്ച് ഗായിക ബോംബെ ജയശ്രീ. ആരോഗ്യം വീണ്ടെടുത്തു വരികയാണെന്നും സുഖമായിരിക്കുന്നുവെന്നും ഗായിക സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 'നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഫലിച്ചു, ഞാന്‍ ജീവിതത്തിലേക്ക് മടങ്ങി വരുകയാണ്' എന്നാണ് കുറിപ്പില്‍ പറഞ്ഞത്.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മാര്‍ച്ച് 24നാണ് പ്രശസ്ത കര്‍ണാട്ടിക് സംഗീതജ്ഞയും പിന്നണി ഗായികയുമായ ബോംബേ ജയശ്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തസ്രാവമായിരുന്നു അസുഖ കാരണം. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു.
ലണ്ടനിലെ ടങ്ക് ഓഡിറ്റേറിയത്തില്‍ കച്ചേരി അവതരിപ്പിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ആശുപത്രി വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിരവധിപേരാണ് ഗായികയ്ക്ക് വേണ്ടി പ്രാര്‍ത്ഥനകളറിയിച്ച് കമന്റ് ബോക്സില്‍ എത്തിയത്. പുതിയ വിവരം സന്തോഷം നല്‍കുന്നുവെന്നും ആരാധകര്‍ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ ആരോഗ്യം എങ്ങനെയുണ്ടെന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു. ഒരുപാട് സന്തോഷം ദൈവം വലിയവനാണ് തുടങ്ങിയ ആരാധക കമന്റുകളും പോസ്റ്റിനു താഴെ നിറയുന്നുണ്ട്.