മലയാള സിനിമാ പ്രേമികള്‍ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് 'ബസൂക്ക'. ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏപ്രില്‍ 10 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ഡിനോ ഡെന്നിസ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയ്ക്ക് ഒപ്പം ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. സണ്ണി വെയ്ന്‍, ജഗദീഷ്, ഷറഫുദ്ദിന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ഡീന്‍ ഡെന്നിസ്, സ്ഫടികം ജോര്‍ജ്, ദിവ്യാ പിള്ള, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ബസൂക്കയില്‍ അഭിനയിക്കുന്നുണ്ട്. നിമേഷ് രവി ആണ് ഛായാഗ്രാഹണം. യോഡ്‌ലീ ഫിലിംസും തിയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കുറച്ച് ദിവസങ്ങളിലായി മമ്മൂട്ടിയുടേയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നു. അതിനിടയിലാണ് ബസൂക്കയിലെ മമ്മൂട്ടിയുടെ ഈ കലക്കന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. ആരാധകര്‍ക്ക് ആശ്വാസമായെത്തിയ പോസ്റ്ററിന്റെ കമ്മന്റ് ബോക്സ് നിറയെ മമ്മൂട്ടിയോടുള്ള സ്നേഹത്തിന്റെ പെരുമഴയാണ്.
'കുറച്ചു ദിവസങ്ങളായി മനസിന് വല്ലാത്ത ഒരു മരവിപ്പ് ആയിരുന്നു, ഈ പോസ്റ്റ് കണ്ടപ്പോള്‍ ആശ്വാസം തോന്നുന്നു.. ഒപ്പം സന്തോഷവും' എന്നാണ് ഒരു ആരാധകന്‍ കുറിച്ചിരിക്കുന്നത്. കണ്ണില്ലെങ്കിലേ കണ്ണിന്റെ വില അറിയുള്ളു എന്ന് പറയും പോലെ കുറച്ചു മണിക്കൂറുകള്‍ മലയാള സിനിമ പ്രേക്ഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയെന്നും പറയുന്നവരുണ്ട്. ഇങ്ങനെ ആരാധകരുടെ സ്നേഹം നിറഞ്ഞ വാക്കുകളാണ് സമ്പന്നമാണ് കമ്മന്റ് ബോക്സ്.