സംവിധായകനായും നടനായും സിനിമാപ്രേമികളുടെ സ്‌നേഹബഹുമാനങ്ങള്‍ ഏറെ നേടിയ ചലച്ചിത്രകാരനാണ് ബേസില്‍ ജോസഫ്. മിന്നല്‍ മുരളിയിലൂടെ ഭാഷയ്ക്ക് അതീതമായി പ്രേക്ഷകരുടെ കൈയടി നേടിയ അദ്ദേഹം ഇപ്പോള്‍ നടനായും അത് നേടിക്കൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ ചിത്രം പൊന്‍മാന്‍ തിയറ്റര്‍ റണ്ണിന് പിന്നാലെ ഒടിടിയില്‍ എത്തിയപ്പോഴും വന്‍ പ്രതികരണമാണ് നേടുന്നത്. ബേസിലിന്റെ പ്രകടനത്തിനും വന്‍ കൈയടിയാണ്. ഇപ്പോഴിതാ അദ്ദേഹം ഒരു അഭിനേതാവ് എന്ന നിലയില്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
ശിവകാര്‍ത്തികേയനെ നായകനാക്കി സുധ കൊങ്കര ഒരുക്കുന്ന പരാശക്തി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.ഫോട്ടോയില്‍ രവി മോഹനോടൊപ്പം മാസ്‌ക് ധരിച്ച് ഇരിക്കുന്നത് ബേസിലാണെന്നാണ്
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ശ്രീലങ്കയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഷെഡ്യൂളില്‍ ബേസില്‍ ജോയിന്‍ ചെയ്തെന്നാണ് വിവരം. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ നടനോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സൂരറൈ പോട്ട്രുവിനും പാവ കഥൈകള്‍ക്കും ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് പരാശക്തി. ഒരു പീരീഡ് പശ്ചാത്തലത്തില്‍ ആക്ഷന്‍ ഡ്രാമ സ്വഭാവത്തിലാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് രവി മോഹന്‍ എത്തുന്നത്. അഥര്‍വയും ശ്രീലീലയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
1970കളില്‍ തമിഴ്നാട്ടിലെ കോളേജുകളില്‍ ഹിന്ദി അടിച്ചേല്പിക്കലിനെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് പരാശക്തിയുടെ കഥ നടക്കുന്നത്. വിദ്യാര്‍ത്ഥി നേതാവായാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
അതേസമയം, ബേസില്‍ ജോസഫിന്റേതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം പൊന്മാന്‍ ആയിരുന്നു. മികച്ച അഭിപ്രായമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. ടൊവിനോ തോമസ് നിര്‍മിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന 'മരണമാസ്സ്' എന്ന ചിത്രമാണ് ഇനി ബസിലിന്റേതായി റിലീസിനൊരുങ്ങുന്നത്. വാഴ, ഗുരുവായൂരമ്പലനടയില്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണി ആണ് മരണമാസ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്.