ഡാകു മഹാരാജിന്റെ വിജയത്തിന് പിന്നാലെ സംഗീത സംവിധായകന്‍ തമന്‍ എസിന് പോര്‍ഷെ കാര്‍; നടന്‍ നന്ദമൂരി ബാലകൃഷ്ണ സമ്മാനിച്ചത് രണ്ട് കോടി രൂപയുടെ ആഡംബര കാര്‍

Malayalilife
 ഡാകു മഹാരാജിന്റെ വിജയത്തിന് പിന്നാലെ സംഗീത സംവിധായകന്‍ തമന്‍ എസിന് പോര്‍ഷെ കാര്‍; നടന്‍ നന്ദമൂരി ബാലകൃഷ്ണ സമ്മാനിച്ചത് രണ്ട് കോടി രൂപയുടെ ആഡംബര കാര്‍

ഡാകു മഹാരാജിന്റെ വിജയത്തിന് പിന്നാലെ സംഗീത സംവിധായകന്‍ തമന്‍ എസിന് പോര്‍ഷെ കാര്‍ സമ്മാനിച്ച് നടന്‍ ബാലകൃഷ്ണ. പോര്‍ഷെയുടെ ഏറ്റവും പുതിയ മോഡലായ കയാനെയാണ് ബാലകൃഷ്ണ തമന് സമ്മാനിച്ചത്. ബാലകൃഷ്ണയുടെ സോഷ്യല്‍ മീഡിയ ടീമാണ് സമ്മാനം കൈമാറുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. 1.27 മുതല്‍ 1.93 കോടി രൂപ വരെയാണ് ഈ വാഹനത്തിന്റെ ഓണ്‍റോഡ് വില.

ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നിരവധിപ്പേര്‍ കമന്റുകള്‍ പങ്കുവെക്കുന്നുണ്ട്. ഒരുകാലത്ത് ബാലകൃഷ്ണയെ ട്രോള്‍ ചെയ്തവര്‍ പോലും നടനായി ഇപ്പോള്‍ കൈയ്യടിക്കുന്നുണ്ടെങ്കില്‍ അതിന് തമന്റെ സംഗീതവും ഒരു കാരണമാണ് എന്ന് പലരും കുറിക്കുന്നുണ്ട്. ഡാക്കു മഹാരാജയ്ക്ക് പുറമെ അഖണ്ഡ, വീര സിംഹ റെഡ്ഡി എന്നീ ചിത്രങ്ങളുടെ സംഗീതം നിര്‍വഹിച്ചതും തമന്‍ തന്നെയായിരുന്നു. ഈ സിനിമകളില്‍ തമന്‍ ബാലകൃഷ്ണയ്ക്ക് നല്‍കിയ പശ്ചാത്തല സംഗീതത്തിന് വലിയ കൈയ്യടിയാണ് ലഭിച്ചതും.

അതേസമയം ഡാകു മഹാരാജിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 21 മുതല്‍ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രമെത്തുക. ഡാകു മഹാരാജ് ആഗോളതലത്തില്‍ 156 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. തുടര്‍ച്ചയായി 100 കോടി ക്ലബ്ബില്‍ എത്തുന്ന ബാലകൃഷ്ണയുടെ നാലാമത്തെ സിനിമയാണ് ഡാക്കു മഹാരാജ്.

പ്രഗ്യ ജെയ്‌സ്വാള്‍, ശ്രദ്ധ ശ്രീനാഥ്, ചാന്ദിനി ചൗധരി, റിഷി, നിതിന്‍ മേഹ്ത, ആടുകളം നരേന്‍, ഷൈന്‍ ടോം ചാക്കോ, രവി കിഷന്‍, സച്ചിന്‍ ഖേദേകര്‍, വിവിവി ഗണേഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിലെ ബാലകൃഷ്ണയും ഉര്‍വശി റൗട്ടേലയും ഉള്ള ഒരു ഗാനരംഗം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഗാനത്തിന്റെ കൊറിയോഗ്രഫിയെ ചൂണ്ടികാണിച്ചായിരുന്നു വിമര്‍ശനം. കെ.ചക്രവര്‍ത്തി റെഡ്ഡി, ഹരി മോഹന കൃഷ്ണ, വിനീത് പോട്‌ലൂരി എന്നിവരാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്.

balakrishna surprises daaku maharaaj

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES