വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില് തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്ത് കസിന് പ്രിയ വേണുഗോപാല്. കേസില് ഇനിയും ചോദ്യങ്ങള് അവശേഷിക്കുന്ന സാഹചര്യത്തില് കോടതിയുടെ ഉത്തരവ് നിര്ണായകമാണെന്ന നിലപാടാണ് പ്രിയയുടെ പ്രതികരണത്തിലുള്ളത്. 2023ലും സമാനമായ രീതിയില് ഹൈക്കോടതി തങ്ങളുടെ വിശ്വാസവും വിശ്വാസ്യതയും സംരക്ഷിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രിയ, പുതിയ ഉത്തരവില് അന്വേഷണം നടത്തേണ്ട ഉദ്യോഗസ്ഥന്റെ വിശ്വാസ്യതയ്ക്ക് കോടതി പ്രാധാന്യം നല്കിയതും എടുത്തുപറയുന്നു.
'ബഹുമാനപ്പെട്ട ഹൈക്കോടതിക്കു മുന്നില് ഞങ്ങളുടെ അഭിഭാഷകന് ശ്രീ. രാമന് കര്ത്ത പറയേണ്ടത് പറഞ്ഞു, രേഖകള് സമര്പ്പിച്ചു, കോടതി കേട്ടു, ന്യായം പറഞ്ഞു, വിധി പുറപ്പെടുവിച്ചു' എന്നായിരുന്നു പ്രിയ വേണുഗോപാലിന്റെ കുറിപ്പ്. ഇത് ആദ്യത്തെ സംഭവമല്ലെന്നും 2023ലും ഇതുതന്നെയാണ് സംഭവിച്ചതെന്നും അവര് പറയുന്നു.
അന്നും ഇന്നും ഹൈക്കോടതി ഞങ്ങളുടെ വിശ്വാസവും വിശ്വാസ്യതയും കൂടിയാണ് സംരക്ഷിച്ചത്' എന്ന പ്രിയയുടെ വാക്കുകളില് കേസില് നീതി ലഭിക്കുമെന്ന പ്രതീക്ഷയും കോടതിയിലുള്ള വിശ്വാസവും പ്രകടമാണ്. 2023ലെ വിധിയും ഇപ്പോഴത്തെ ഉത്തരവും മനസ്സിലാക്കാനോ അറിയാനോ താല്പ്പര്യമില്ലാതെ വീണ്ടും കഥകള് പറഞ്ഞുവരുന്നവര്ക്കായി ഒരു വാചകത്തില് കാര്യം വ്യക്തമാക്കാമെന്നും പ്രിയ കുറിച്ചു. 'ബാലഭാസ്കര് കേസ് ഇനി വിശ്വാസ്യതയുള്ള സിബിഐ ഉദ്യോഗസ്ഥന് അന്വേഷിക്കണം' എന്നായിരുന്നു ആ വാചകം. ഇനിയും ചോദ്യങ്ങള് അവശേഷിക്കുന്നവര്ക്കായി 'വിശ്വാസ്യത' എന്ന വാക്കിന് ഇന്ന് മറ്റൊന്നിനുമില്ലാത്ത വിലയാണുള്ളതെന്നും അവര് അഭിപ്രായപ്പെട്ടു. 'Thus we rest our case' എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്.
ഹൈക്കോടതിക്ക് നന്ദി അറിയിക്കുകയും ചെയ്തു. പ്രിയയുടെ കുറിപ്പിന്റെ പൂര്ണരൂപം: ബഹു. ഹൈക്കോടതിക്കു മുന്നില് ഞങ്ങളുടെ അഭിഭാഷകന് ശ്രീ. രാമന് കര്ത്ത പറയേണ്ടത് പറഞ്ഞു, രേഖകള് സമര്പ്പിച്ചു, കോടതി കേട്ടു, ന്യായം പറഞ്ഞു, വിധി പുറപ്പെടുവിച്ചു! ഇത് ആദ്യമല്ല എന്ന് ഒരിക്കല്ക്കൂടി എടുത്തുപറയട്ടെ! 2023 ലും സംഭവിച്ചത് ഇതുതന്നെയാണ്.. അന്നും ഇന്നും ഹൈക്കോടതി ഞങ്ങളുടെ വിശ്വാസവും വിശ്വാസ്യതയും കൂടിയാണ് സംരക്ഷിച്ചത്.
2023 ലെ വിധിയും ഇന്നത്തെ വിധിയും മനസ്സിലാക്കാനോ അറിയാനോ കേള്ക്കാനോ താല്പ്പര്യമില്ലാതെ, വീണ്ടും കഥകള് പറഞ്ഞു വരുന്നവര്ക്കായി ഒരൊറ്റവാചകത്തില് പറയാം. ബാലഭാസ്കര് കേസ് ഇനി 'വിശ്വാസ്യതയുള്ള സിബിഐ ഉദ്യോഗസ്ഥന്' അന്വേഷിക്കണം ഇനിയും ചോദ്യങ്ങള് അവശേഷിക്കുന്നവര്ക്കായി - വിശ്വാസ്യത! ഇന്ന് ഈ വാക്കിനുള്ള വില മറ്റൊന്നിനും തോന്നുന്നില്ല! Thus we rest our case???????? നന്ദി ബഹുമാനപ്പെട്ട ഹൈക്കോടതി ???? #Justice4Balabhaskar