സംഗീതം എന്ന മൂന്നക്ഷരം ജീവവായുവായി കൊണ്ടുനടന്ന ബാലഭാസ്‌കറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ആറാണ്ട്. വയലിന്‍ കമ്പികള്‍ക്കൊണ്ട് മാന്ത്രിക സംഗീതത്തിന്റെ അനന്തവിഹായസ്സിലേക്ക് ചിറക് വിടര്‍ത്തിയ പകരക്കാരനില്ലാത്ത പ്രതിഭ. പുതുതലമുറയിലെ സംഗീത പ്രേമികള്‍ക്ക് വയലിന്‍ എന്നാല്‍ ബാലഭാസ്‌കര്‍ എന്നൊരു നിര്‍വചനം കൂടിയുണ്ടായിരുന്നു. കാരണം ബാലഭാസ്‌കര്‍ എന്ന ഓര്‍മ്മ തന്നെ വയലിനുമായി നില്‍ക്കുന്ന ബാലഭാസ്‌കറിന്റെ മുഖമാണ്. മുന്നാം വയസില്‍ ബാലുവിന് കളിപ്പാട്ടമായിരുന്നു വയലിന്‍. പിന്നീട് അത് ജീവിതത്തിന്റെ ഭാഗമായി. വേദികളില്‍ ബാലു വയലിന്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ക്കുമ്പോള്‍ അതില്‍ ലയിച്ച് നിര്‍വൃതിക്കൊണ്ടിരിക്കുന്ന മുഖങ്ങള്‍ പതിവ് കാഴ്ചയായിരുന്നു. എത്ര സങ്കീര്‍ണമായ സംഗീതവും നിഷ്പ്രയാസം എന്ന് തോന്നിപ്പിക്കുന്ന ഭാവത്തോടെയാണ് ബാലഭാസ്‌കര്‍ അവതരിപ്പിച്ചിരുന്നത്. അതിന് അദ്ദേഹം കാരണമായി പറയുന്നത് വയലിനെ തനിക്ക് പേടിയില്ല എന്നാണ്.
മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകന്‍ എന്ന വിശേഷണവും ബാലഭാസ്‌കറിനു സ്വന്തമായതും ആ അനായാസഭാവം കൊണ്ടായിരിക്കാം. 'മംഗല്യപ്പല്ലക്ക്' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുമ്പോള്‍ ബാലുവിന് പ്രായം 17! ഈസ്റ്റ് കോസ്റ്റിനുവേണ്ടി ഹിറ്റ് റൊമാന്റിക് ആല്‍ബങ്ങള്‍ ഒരുക്കി. എന്നാല്‍ വെള്ളിത്തിര ഒരിക്കലും ബാലഭാസ്‌കറിനെ ഭ്രമിപ്പിച്ചില്ല. വയലിനിലെ അനന്തസാധ്യതകള്‍ തന്നെയായിരുന്നു ബാലുവിന്റെ സ്വപ്നം. കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ശിവമണി, കലാമണ്ഡലം ഹൈദരലി തുടങ്ങി പ്രമുഖര്‍ക്കൊപ്പം ഇന്ത്യയ്ക്കകത്തും പുറത്തുമായി അനേകം സ്റ്റേജ് ഷോകളില്‍ ബാലുവിന്റെ വയലിന്‍ നാദം ഉയര്‍ന്നു കേട്ടു. 40 വയസിനുള്ളില്‍ ഒരു കലാകാരന്‍ എത്തിപ്പിടിക്കാവുന്ന ഉയരങ്ങള്‍ എല്ലാം കീഴടക്കി മുന്നേറുകയായിരുന്നു ബാലഭാസ്‌കര്‍.
പതിനേഴാമത്തെ വയസില്‍ മംഗല്ല്യപ്പല്ലക്ക് എന്ന സിനിമയുടെ സംഗീത സംവിധാനത്തിലൂടെ സിനിമാ രംഗത്തേക്ക്. ഇലക്ട്രിക് വയലിനിലൂടെ യുവതലമുറയെ ഉന്മത്തരാക്കുക മാത്രമല്ല ശാസ്ത്രീയ സംഗീതക്കച്ചേരികളില്‍ ചിട്ടയായ ശുദ്ധസംഗീതത്തിനൊപ്പം ചമ്രംപടിഞ്ഞിരിക്കാനും തനിക്ക് കഴിയുമെന്ന് ബാലഭാസ്‌കര്‍ തെളിയിച്ചിട്ടുണ്ട്. മാന്ത്രിക സംഗീതമൊഴുക്കിയ പ്രതിഭ മലയാള സിനിമാ ഗാനങ്ങള്‍ വയലിന്‍ തന്ത്രികളിലൂടെ പകര്‍ന്ന് ആസ്വാദകരെ കൈയിലെടുത്തു. ബാലഭാസ്‌കര്‍ എന്ന സൗമ്യനായ കലാകാരന്റെ പ്രണയവും മകള്‍ക്കുവേണ്ടിയുള്ള ഒന്നര പതിറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പും ഒക്കെ ആ സ്‌നേഹത്തെ അടയാളപ്പെടുത്തുന്നു.
കണ്ണുകള്‍ പൂട്ടി ചെറുചിരിയോടെ ബാലഭാസ്‌കര്‍ വേദിയില്‍ സംഗീതത്തിന്റെ മായാലോകം തീര്‍ക്കുന്നത് കാണാന്‍ തന്നെ എന്തൊരു ഭംഗിയെന്ന് ലോകമൊട്ടുമുള്ള പാട്ടാസ്വാദകര്‍ പറഞ്ഞുകൊണ്ടേയിരുന്നു. വേദികളിലും അഭിമുഖങ്ങളിലുമൊക്കെ ലാളിത്യം നിറഞ്ഞ ഭാവമായിരുന്നു ബാലഭാസ്‌കറിന്. പക്ഷേ പറയാനുള്ളത് പലതും തുറന്നു പറയുകയും ചെയ്തിരുന്നു. വ്യക്തിപരമായും കലാരംഗത്തും നേരിടേണ്ടിവന്ന പലതിനെ പറ്റിയും ബാലഭാസ്‌കര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെ ആനന്ദിപ്പിച്ച, അമ്പരപ്പിച്ച കലാകാരനാണ് അറിയുന്ന ഓരോരുത്തരുടെയും മനസ്സില്‍ നോവായി മടങ്ങിയത്. മരണശേഷമാണ് ഓരോ മലയാളിക്കും അദ്ദേഹം എത്രമാത്രം പ്രിയങ്കരനായിരുന്നു എന്ന് കേരളം തിരിച്ചറിയുന്നത്.
ഇപ്പോള്‍ ആ വയലിന്‍ സംഗീതം കേള്‍ക്കുമ്പോള്‍ ഉള്ളൊന്നു പിടയാത്ത, കണ്ണൊന്നു നിറയാത്തവരായി ആരുമുണ്ടാകില്ല. ഉയരങ്ങളില്‍ നിന്നുയരങ്ങളിലേക്കുള്ള യാത്ര അവസാനിപ്പിച്ച് വയലിന്‍ മാറോടണച്ച് ബാലഭാസ്‌കര്‍ മടങ്ങിയപ്പോള്‍ മുറിവേറ്റത് അനേകായിരം ഹൃദയങ്ങളിലാണ്. 2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറും കുടുംബവും തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തില്‍പ്പെട്ടത്. ഈണവും താളവും മുറിയാതെ ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കേരളം കാത്തിരുന്നെങ്കിലും പ്രാര്‍ഥനകള്‍ വിഫലമാക്കി ഒക്ടോബര്‍ രണ്ടിന് നാടിനെ കണ്ണീരണിയിച്ചുകൊണ്ട് ബാലഭാസ്‌കര്‍ വിടവാങ്ങുകയായിരുന്നു.