മലയാളത്തിന്റെ സ്വന്തം ആക്ഷന്‍ ഹീറോയാണ് ബാബു ആന്റണി. ആറടിയിലേറെ പൊക്കവും മെലിഞ്ഞ ശരീരവും നീട്ടി വളര്‍ത്തിയ മുടിയുമായി സ്‌ക്രീനില്‍ ബാബു ആന്റണി തീര്‍ത്ത ഓളം ചെറുതല്ല. ആ കാലത്തിലേക്ക് ഓര്‍മകളെ കൂട്ടികൊണ്ടുപോവുന്ന ഒരു ത്രോബാക്ക് ചിത്രമാണ് നടന്‍ ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒപ്പം, പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നെടുത്ത ഒരു ചിത്രവും താരം പങ്കിട്ടിട്ടുണ്ട്.
' 1993ല്‍ ഉപ്പുകണ്ടം ബ്രദേഴ്‌സിന്റെ സമയത്ത് എടുത്ത ചിത്രം, 2025ല്‍ സാഹസം ഷൂട്ടിനിടെ പകര്‍ത്തിയ ചിത്രം' എന്നാണ് അടിക്കുറിപ്പ്. പഴയ പോലെ ആ മുടിയൊന്നു നീട്ടി വളര്‍ത്താവോ എന്നാണ് ഒരു ആരാധകന്റെ ചോദ്യം.
നായകനായും പ്രതിനായകനായും സഹനടനായും മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, സിംഹള തുടങ്ങിയ ഭാഷകളിലെല്ലാം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ബാബു ആന്റണി. സമീപകാലത്ത്, ഹോളിവുഡിലും ബാബു ആന്റണി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. വാരന്‍ ഫോസ്റ്റര്‍ സംവിധാനം ചെയ്യുന്ന 'ബുള്ളറ്റ്‌സ്, ബ്ലേഡ്‌സ്, ബ്ലഡ്' എന്ന അമേരിക്കന്‍ ചിത്രത്തിലാണ് താരം അഭിനയിച്ചത്.
ബാബു ആന്റണിയുടെ മകന്‍ ആര്‍തര്‍ ആന്റണിയും സിനിമ അഭിനയത്തിലേക്ക് കടന്നിരിക്കുകയാണ്. 'ദ ഗ്രേറ്റ് എസ്‌കേപ്പ്' എന്ന ചിത്രത്തിലാണ് ആര്‍തര്‍ ആന്റണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ഫസ്റ്റ് ഡാന്‍ ബ്‌ളാക് ബെല്‍റ്റ് കരസ്ഥമാക്കിയ ആര്‍തര്‍ ഓഡിഷനിലൂടെയാണ് 'ദ ഗ്രേറ്റ് എസ്‌കേപ്പ്' എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍പ് ഇടുക്കി ഗോള്‍ഡിലും ആര്‍തര്‍ ചെറിയൊരു വേഷം ചെയ്തിരുന്നു.