കാന്‍ ഫിലിം ഫെസ്റ്റിവലിലെ 2024ലെ പിയര്‍ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരം പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്. രാജ്യാന്തര തലത്തില്‍ പ്രഗത്ഭരായ ഛായാഗ്രാഹകര്‍ക്ക് നല്‍കിവരുന്ന പുരസ്‌കാരമാണിത്. ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് സന്തോഷ് ശിവന്‍കാന്‍ ഫിലിംഫെസ്റ്റിവലിനോടനുബന്ധിച്ച് ലോകത്തെ ഏറ്റവും മികച്ച ഛായാഗ്രാഹകരെ ആദരിക്കുന്നതിനായി നല്‍കിവരുന്ന പുരസ്‌കാരമാണിത്
ഛായാഗ്രഹണ മേഖലയില്‍ സന്തോഷ് ശിവന്‍ നല്‍കിയ സംഭാവനകളും അദ്ദേഹം കൈവരിച്ച നേട്ടങ്ങളും പരിഗണിച്ചാണ് അംഗീകാരം. ഫ്രാന്‍സിലെ കാന്‍ ചലച്ചിത്രോത്സവ വേദിയില്‍ മേയ് 24ന് ബഹുമതി സമര്‍പ്പിക്കും.റെഡ് കാര്‍പ്പറ്റ് വരവേല്‍പ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇക്കൊല്ലം മേയ് 14 മുതല്‍ 25 വരെയാണ് കാന്‍ ഫിലിംഫെസ്റ്റിവല്‍. യുവതലമുറയുമായി അനുഭവങ്ങള്‍ പങ്കിടുന്നതിന് സന്തോഷ് ശിവനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു മാസ്റ്റര്‍ ക്ലാസ് മേയ് 23ന് നടത്തുന്നുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
ആധുനിക സൂം ലെന്‍സിന്റെ സ്രഷ്ടാക്കളില്‍ ഒരാളായ ഫ്രഞ്ച് എന്‍ജിനിയര്‍ പിയര്‍ ആന്‍ജെനോയുടെ പേരില്‍ നല്‍കുന്ന ബഹുമതി 2013ലാണ് നിലവില്‍ വന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ, ഫിലിപ്പ് റോസലോട്ട്, റോജര്‍ ഡീക്കിന്‍സ്, എഡ്വേഡ് ലേക്മാന്‍, ക്രിസ്റ്റര്‍ ഡോയ്ല്‍, ബാരി ആക്രോയ്ഡ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇതിഹാസ ഛായാഗ്രാഹകരെ ഈ അംഗീകാരം തേടിയെത്തിയിട്ടുണ്ട്.
റോജ, യോദ്ധ, ദില്‍സേ, ഇരുവര്‍, കാലാപാനി, വാനപ്രസ്ഥം തുടങ്ങി അനേകം ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് വേറിട്ട കാഴ്ചാനുഭവം സമ്മാനിച്ച ഛായാഗ്രാഹകനാണ് സന്തോഷ് ശിവന്‍. അനന്ദഭദ്രം, അശോക, ഉറുമി തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകന്‍ എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. 12 ദേശീയ പുരസ്‌കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്‌കാരങ്ങളും മൂന്ന് തമിഴ്നാട് സംസ്ഥാന പുരസ്‌കാരങ്ങളും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.