Latest News

രമേഷ് പിഷാരടിയും ധ്യാന്‍ ശ്രീനിവാസനും ഉള്‍പ്പെടുന്ന സമിതി വേണമെന്ന് അന്‍സിബ; 'ഓരോരുത്തര്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കലല്ല അമ്മയുടെ രീതി'യെന്ന് കുക്കു പരമേശ്വരന്‍; അമ്മയില്‍ നിഷ്പക്ഷ സമിതിയെച്ചൊല്ലിയും തര്‍ക്കം; കുക്കുവിനെതിരെ ഗുരുതര ആരോപണവുമായി മാനേജര്‍ അതുല്യ 

Malayalilife
 രമേഷ് പിഷാരടിയും ധ്യാന്‍ ശ്രീനിവാസനും ഉള്‍പ്പെടുന്ന സമിതി വേണമെന്ന് അന്‍സിബ; 'ഓരോരുത്തര്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കലല്ല അമ്മയുടെ രീതി'യെന്ന് കുക്കു പരമേശ്വരന്‍; അമ്മയില്‍ നിഷ്പക്ഷ സമിതിയെച്ചൊല്ലിയും തര്‍ക്കം; കുക്കുവിനെതിരെ ഗുരുതര ആരോപണവുമായി മാനേജര്‍ അതുല്യ 

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ' യിലെ ചേരിപ്പോരും വിഭാഗീയതും മൂര്‍ച്ഛിക്കുന്നു. ഭാരവാഹികളുടെ രാജിയും, സഹപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഗുരുതരമായ ആരോപണങ്ങളും, പോലീസില്‍ നല്‍കിയ പരാതികളും ചേര്‍ന്ന് സംഘടനയ്ക്കുള്ളില്‍ വലിയൊരു പൊട്ടിത്തെറിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അടുത്തിടെ 'അമ്മ'യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവച്ച നടി അന്‍സിബ ഹസന്‍ ഉന്നയിച്ച ആവശ്യങ്ങളും അതിനോടുള്ള സംഘടനയുടെ പ്രതികരണവുമാണ് പൊട്ടിത്തെറിയിലേക്ക് എത്തിയിരിക്കുന്നത്. 

ഭരണസമിതി അംഗങ്ങളായ ടിനി ടോം, ലക്ഷ്മി പ്രിയ എന്നിവര്‍ക്കെതിരെ മാധ്യമങ്ങളിലൂടെ അന്‍സിബ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ടിനി ടോം തനിക്കെതിരെ അവിഹിത കഥകള്‍ പ്രചരിപ്പിച്ചെന്നും, തന്നെ ഒരു മതപരിവര്‍ത്തന ഏജന്റായ ജിഹാദിയായി ചിത്രീകരിച്ചെന്നുമാണ് അന്‍സിബയുടെ പരാതി. കൂടാതെ, ലക്ഷ്മി പ്രിയ തങ്ങളുടെ കുടുംബപ്രശ്നത്തില്‍ തന്നെ കരുവാക്കി പോലീസ് സ്റ്റേഷനില്‍ കയറ്റിയെന്നും നടി ആരോപിക്കുന്നു. തനിക്കെതിരെയുള്ള വ്യാജ പരാതിക്ക് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്നാണ് അന്‍സിബയുടെ പക്ഷം. 

ഈ തര്‍ക്കങ്ങളില്‍ അന്‍സിബയുടെ ഭാഗം കേള്‍ക്കുന്നതിനായി ജൂണ്‍ ആദ്യവാരം നേരിട്ട് ഹാജരാകാന്‍ 'അമ്മ' നേതൃത്വം കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി അന്‍സിബ മുന്നോട്ടുവെച്ച നിബന്ധനകളാണ് സംഘടനയെ ചൊടിപ്പിച്ചിരിക്കുന്നത്. തന്റെ പരാതികള്‍ കേള്‍ക്കാന്‍ രമേഷ് പിഷാരടി, ധ്യാന്‍ ശ്രീനിവാസന്‍, മാലാ പാര്‍വതി എന്നിവര്‍ ഉള്‍പ്പെടുന്ന നിഷ്പക്ഷമായ ഒരു പ്രത്യേക സമിതി രൂപീകരിക്കണമെന്നാണ് അന്‍സിബ ആവശ്യപ്പെട്ടത്. നിര്‍ദ്ദേശിക്കപ്പെട്ടവരില്‍ ആരെങ്കിലും ലഭ്യമാകാതിരിക്കുകയോ താല്പര്യമില്ലായ്മ പ്രകടിപ്പിക്കുകയോ ചെയ്താല്‍, തന്നോട് കൂടി ആലോചിച്ച ശേഷമേ മറ്റ് ബദല്‍ അംഗങ്ങളെ തീരുമാനിക്കാവൂ എന്നും കത്തിലുണ്ട്. 

ഇതോടൊപ്പം, ഹിയറിങ് നടപടികള്‍ പൂര്‍ണ്ണമായും റെക്കോര്‍ഡ് ചെയ്യണമെന്നും, ഈ റെക്കോര്‍ഡിങ്ങുകള്‍ അമ്മയുടെ ഔദ്യോഗിക രേഖകളില്‍ സൂക്ഷിക്കുന്നതിനൊപ്പം അതിന്റെ പകര്‍പ്പുകള്‍ തനിക്കും എതിര്‍കക്ഷികള്‍ക്കും നല്‍കണമെന്നും അന്‍സിബ ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍, അന്‍സിബയുടെ ഈ ആവശ്യങ്ങള്‍ സംഘടന പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. 'ഓരോരുത്തര്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കലല്ലല്ലോ അമ്മയുടെ രീതി' എന്ന് വ്യക്തമാക്കിക്കൊണ്ട് സംഘടനയുടെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ അന്‍സിബയുടെ ആവശ്യങ്ങള്‍ നിരാകരിച്ചു. ഇതിനിടയില്‍, ലക്ഷ്മി പ്രിയയ്ക്കും തൃപ്പൂണിത്തുറ സബ് ഇന്‍സ്പെക്ടര്‍ രേഷ്മയ്ക്കുമെതിരെ അന്‍സിബ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിട്ടുണ്ട്. ലക്ഷ്മി പ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്നും, വനിതാ പോലീസ് ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തുവെന്നുമാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. 

തനിക്കുണ്ടായ അപമാനത്തിന് ഒരു കോടി രൂപയുടെ നഷ്ടപരിഹാരവും അന്‍സിബ ആവശ്യപ്പെട്ടിട്ടുണ്ട്. അന്‍സിബയുടെ വിവാദങ്ങള്‍ക്ക് പുറമേ, 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് സംഘടനയിലെ മാനേജര്‍ അതുല്യ രംഗത്തെത്തിയതോടെ പ്രതിസന്ധി ഇരട്ടിയായിരിക്കുകയാണ്. തനിക്ക് അതുല്യയുമായി അപകീര്‍ത്തികരമായ ബന്ധമുണ്ടെന്ന് പറയാന്‍ സെക്യൂരിറ്റി ജീവനക്കാരനായ മുഹമ്മദിനെ കുക്കു പരമേശ്വരന്‍ നിര്‍ബന്ധിച്ചുവെന്നാണ് അതുല്യയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് അതുല്യ പരാതി നല്‍കിയിട്ടുണ്ട്. ഉണ്ണി ശിവപാലിന് വേണ്ടി കുക്കു പരമേശ്വരന്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും, തനിക്കെതിരെ തൊഴില്‍ പീഡനവും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയും നടന്നതായും അതുല്യ ആരോപിക്കുന്നു. 

ഇതിന് തെളിവായി, ഭീഷണിയും ഗൂഢാലോചനയും നടന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ സമ്മതിക്കുന്ന ഓഡിയോ സംഭാഷണവും അതുല്യ പുറത്തുവിട്ടിട്ടുണ്ട്. ഭാരവാഹികള്‍ തമ്മിലുള്ള ചേരിപ്പോരും വ്യക്തിപരമായ ആക്ഷേപങ്ങളും നിയമപോരാട്ടങ്ങളും കാരണം താരസംഘടനയായ 'അമ്മ' മുന്‍പെങ്ങുമില്ലാത്തവിധം കടുത്ത ആഭ്യന്തര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

Read more topics: # അമ്മ
athulya complaint against kuku parameswaran

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES