താരസംഘടനയായ അമ്മയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നു. അഡ്ഹോക്ക് കമ്മിറ്റിയുടെ കണ്‍വീനറായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലാണ് പ്രശ്നപരിഹാര ശ്രമങ്ങള്‍ നടക്കുന്നത്. 'അമ്മ'യില്‍ നിന്ന് രാജിവച്ച അംഗങ്ങളെ തിരിച്ചെത്തിക്കുമെന്ന് നടനും പാലക്കാട് എംഎല്‍എ കൂടിയാ രമേശ് പിഷാരടി പറഞ്ഞു. 'അമ്മ'യുടെ അഡ്ഹോക്ക് കമ്മിറ്റി യോഗം ഇന്നലെ ചേര്‍ന്നുവെന്നും ഉടന്‍ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്തുമെന്നും അദ്ദേഹം കൊച്ചിയില്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞു.
അമ്മ'യുടെ സ്ഥിരം കമ്മിറ്റിയുടെ ഭാരവാഹിത്വം താന്‍ ഏറ്റെടുക്കില്ലെന്നും പരിഹരിക്കപ്പെടാവുന്ന വിഷയങ്ങള്‍ മാത്രമാണ് സംഘടനയില്‍ ഉള്ളതെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. ''അഡ്ഹോക്ക് കമ്മിറ്റിയെന്ന് സാങ്കേതികമായി ഒരു കടലാസ് കമ്മിറ്റിയാണ്. എത്രയും പെട്ടന്ന് തിരഞ്ഞെടുപ്പ് നടത്തി അടുത്ത ഭാരവാഹികളെ കണ്ടെത്തുക എന്നതാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രധാന ഉത്തരവാദിത്വം. 'അമ്മ'യുടെ പോളിസി മേക്കിങിലോ സാമ്പത്തികമായ ഇടപാടുകളിലോ ഒന്നും മാറ്റമുണ്ടാക്കാന്‍ അധികാരമുള്ള കമ്മിറ്റിയല്ല ഇത്.
പക്ഷേ സംഘടന എന്ന നിലയില്‍ വ്യക്തിപരമായ പ്രശ്നങ്ങളില്‍ പരമാവധി ഇടപെട്ടു കൊണ്ട് എങ്ങനെ പരിഹരിക്കാം എന്ന ചര്‍ച്ചകളും അതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. അഡ്ഹോക്ക് കമ്മിറ്റി ആദ്യത്തെ യോഗം കൂടി. ഗണേഷേട്ടനും ഷാജോണും ഓണ്‍ലൈനില്‍ ജോയിന്‍ ചെയ്തു. കുറച്ച് തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അത് ഇപ്പോള്‍ മാധ്യമങ്ങളോട് പറയാനാകില്ല. തിരഞ്ഞെടുപ്പ് എത്രയും പെട്ടന്ന് നടത്തുക എന്നതാണ് ലക്ഷ്യം.
അമ്മ'യുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ ഒരംഗം എന്ന നിലയില്‍ മാനസികമായ വേദന എല്ലാവര്‍ക്കുമുള്ളപോലെ എനിക്കുമുണ്ട്. വ്യക്തികള്‍ തമ്മിലുള്ള പ്രശ്നങ്ങളും കമ്യൂണിക്കേഷന്‍ ഗ്യാപ്പുകളുമൊക്കെ പരിഹരിക്കപ്പെടണം. അത്തരം പ്രശ്നങ്ങളില്‍ വളരെ കാര്യക്ഷമമായി ഇടപെട്ട് പരിഹാരം കണ്ടെത്തേണ്ട ഒരു കമ്മിറ്റിയെ ഇത് ഏല്‍പ്പിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. രാജിവച്ചുപോയ എല്ലാവരെയും തിരിച്ചുവിളിക്കും. ശ്വേത മേനോന്‍, അന്‍സിബ, മല്ലിക ചേച്ചി, ബാബുരാജ്, മമ്മൂക്ക, ലാലേട്ടന്‍ ഇവരോട് എല്ലാവരോടും പല ദിവസങ്ങളിലായി ഫോണില്‍ ഒരുപാട് സമയം സംസാരിച്ചു. അന്‍സിബയോടൊക്കെ ഒരുമണിക്കൂര്‍ സംസാരിച്ചിരുന്നു. അവരെയെല്ലാം കേള്‍ക്കുന്നുണ്ട്. പ്രശ്നങ്ങള്‍ എന്തുകൊണ്ട് ഉണ്ടായി, നിലവില്‍ എങ്ങനെ പരിഹരിക്കാം എന്നതൊക്കെയാണ് ചര്‍ച്ച ചെയ്യുന്നത്.
എല്ലാക്കാര്യത്തിലും രണ്ട് വശങ്ങളും കേള്‍ക്കണം. ചിലര്‍ പൊതു മാധ്യമങ്ങളില്‍ വൈകാരികമായി പ്രതികരിച്ചു. ഗൗരവമേറിയ വിഷയങ്ങളുണ്ട്, അതല്ലാത്തതുമുണ്ട്. പുതിയ കമ്മിറ്റി വരും ഇതൊക്കെ പരിഹരിക്കപ്പെടും. ഒരു സ്ഥിരം ഭാരവാഹിത്വത്തിലേക്ക് ഞാന്‍ വരില്ല, എനിക്ക് ഇവിടെ പാലക്കാടുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളുണ്ട്. അന്ന് വാര്‍ത്തയിലൂടെയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ ഉത്തരവാദിത്വം എനിക്ക് വന്നത് കേട്ടത്. രാവിലെ പറഞ്ഞിരുന്നു, എന്തെങ്കിലും വന്നാല്‍ ഏറ്റെടുക്കേണ്ടി വരുമെന്ന്. അതൊക്കെ നമ്മള്‍ ചെയ്യണം. എല്ലാവരും നമ്മുടെ സഹപ്രവര്‍ത്തകരും നല്ല ആളുകളുമാണ്, ഇതൊക്കെ പരിഹരിക്കപ്പെടാവുന്ന പ്രശ്നങ്ങളെ ഒള്ളൂ.''രമേഷ് പിഷാരടിയുടെ വാക്കുകള്‍.
അതേസമയം മുന്‍ അധ്യക്ഷ ശ്വേതാ മേനോന്‍ ഇന്ന് നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാറ്റിവെച്ചു. അമ്മയിലെ പൊട്ടിത്തെറിയും ശ്വേതാ മേനോന്റെ അധ്യക്ഷതയിലുള്ള ഭരണസമിതി കൂട്ടത്തോടെ രാജിവച്ചതും സംഘടനയിലെ ഗ്രൂപ്പിസം വര്‍ദ്ധിപ്പിക്കുകയാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ അഡ്‌ഹോക്ക് കമ്മിറ്റിക്ക് ഉത്തരവാദിത്വങ്ങളും കൂടുതലാണ്.
മുന്‍ അദ്ധ്യക്ഷ ശ്വേതാ മേനോന്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. അസുഖം ആയതിനാല്‍ മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ഭരണസമിതികളുടെയും മുഴുവന്‍ കണക്കുകളും വിശദമായ ഓഡിറ്റിന് വിധേയമാക്കണമെന്നാണ് ഒരു വിഭാഗം മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യം. ഇക്കാര്യത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി എടുക്കുന്ന തീരുമാനവും നിര്‍ണായകമാകും. അങ്ങനെ ഉണ്ടായില്ലെങ്കില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ വന്ന കമ്മിറ്റിയെ താഴെയിറക്കാന്‍ ബോധപൂര്‍വമായ അജണ്ട സൃഷ്ടിച്ചുവെന്ന വാദത്തിന് ബലം നല്‍കും.