താരസംഘടനയായ 'അമ്മ'യില്‍ ഭാരവാഹികള്‍ക്കിടയിലെ ആഭ്യന്തര തര്‍ക്കങ്ങളും ചേരിതിരിവും മറനീക്കി പുറത്തുവരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അന്‍സിബ ഹസന്റെ അപ്രതീക്ഷിത രാജിയും ഓഫീസിലെ മുന്‍ ജീവനക്കാരിയായ അതുല്യ ഉന്നയിച്ച ഗുരുതരമായ തൊഴില്‍ പീഡന പരാതിയും സംഘടനയെ വന്‍ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. സംഘടനയ്ക്കുള്ളിലെ ഭരണപരമായ സ്വേച്ഛാധിപത്യവും ഭാരവാഹികളുടെ സ്ത്രീവിരുദ്ധ നിലപാടുകളുമാണ് ഈ പൊട്ടിത്തെറിക്ക് പിന്നിലെന്ന് സൂചിപ്പിക്കുന്ന പരാതിയുടെ പകര്‍പ്പ് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍, ട്രഷറര്‍ ഉണ്ണി ശിവപാല്‍ എന്നിവര്‍ക്കെതിരെയാണ് ഓഫീസിലെ മുന്‍ ജീവനക്കാരി രംഗത്തെത്തിയത്.
ട്രഷററില്‍ നിന്ന് നേരിട്ട മോശം പെരുമാറ്റത്തെക്കുറിച്ച് ജനറല്‍ സെക്രട്ടറിയോട് പരാതിപ്പെട്ടപ്പോള്‍, തന്നെ സംരക്ഷിക്കുന്നതിന് പകരം ഭീഷണിപ്പെടുത്തുകയും ഏകപക്ഷീയമായി ജോലിയില്‍ നിന്ന് പുറത്താക്കുകയുമാണ് ഉണ്ടായതെന്ന് അതുല്യ ആരോപിക്കുന്നു. 'ഒരാളെ ഇഷ്ടമല്ലെങ്കില്‍ അയാളെ വെട്ടിമാറ്റുന്നതാണ് ശീലം' എന്ന കുക്കു പരമേശ്വരന്റെ പ്രസ്താവന സംഘടനയ്ക്കുള്ളിലെ ജനാധിപത്യവിരുദ്ധമായ പോക്കിന്റെ തെളിവായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അന്‍സിബ ഹസന്റെ രാജിക്ക് പിന്നിലും സമാനമായ കാരണങ്ങളുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഭരണസമിതിയിലെ ചില അംഗങ്ങളുടെ ഏകാധിപത്യപരമായ തീരുമാനങ്ങളിലും സ്ത്രീകളോടുള്ള മോശം സമീപനത്തിലും പ്രതിഷേധിച്ചാണ് അന്‍സിബ പടിയിറങ്ങിയത്. പരാതി നല്‍കുന്ന ജീവനക്കാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുന്ന രീതിയാണ് സംഘടനയില്‍ നിലനില്‍ക്കുന്നതെന്ന് അതുല്യയുടെ പരാതി അടിവരയിടുന്നു. പ്രസിഡന്റ് പോലും അറിയാതെയാണ് തന്നെ പിരിച്ചുവിട്ടതെന്ന അതുല്യയുടെ വെളിപ്പെടുത്തല്‍ സംഘടനയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണ്.
സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ട്രഷററുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകള്‍ ചോദ്യം ചെയ്യുന്നവരെ ശത്രുക്കളായി കാണുന്ന രീതിയും 'അമ്മ'യുടെ ഓഫീസിനുള്ളില്‍ നിലനില്‍ക്കുന്നതായി ആരോപണമുണ്ട്. താരസംഘടനയിലെ വനിതാ ഭാരവാഹികള്‍ തന്നെ മറ്റൊരു സ്ത്രീയോട് ഇത്തരത്തില്‍ പെരുമാറുന്നത് സംഘടനയുടെ മൂല്യങ്ങളെ തകര്‍ക്കുന്നതാണെന്ന വിമര്‍ശനം ഇതിനോടകം ശക്തമായിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സംഘടനയ്ക്കുള്ളിലെ ഈ അധികാര വടംവലി വലിയ നിയമപോരാട്ടങ്ങളിലേക്കും ഭരണപരമായ മാറ്റങ്ങളിലേക്കും നയിച്ചേക്കാം.
താരസംഘടനയായ 'അമ്മ'യുടെ ഓഫീസില്‍ നടന്ന ഭരണപരമായ സ്വേച്ഛാധിപത്യവും, സാമ്പത്തിക ക്രമക്കേടുകളും, വ്യക്തിപരമായ അധിക്ഷേപങ്ങളും അക്കമിട്ട് നിരത്തുന്നതാണ് പുറത്തുവന്ന അതുല്യയുടെ കത്തിന്റെ പൂര്‍ണ്ണരൂപം. സംഘടനയെ പിടിച്ചുലയ്ക്കുന്ന അതീവ ഗുരുതരമായ ആരോപണങ്ങളാണ് കത്തിലുള്ളത്. ട്രഷറര്‍ ഉണ്ണി ശിവപാലിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെട്ടതിനാണ് തന്നെ ജോലിയില്‍ നിന്ന് പുറത്താക്കിയതെന്ന് അതുല്യ വ്യക്തമാക്കുന്നു. പരാതി പറഞ്ഞതിന് പിന്നാലെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ തന്നെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി. 'ഉണ്ണിക്ക് ഒരാളെ ഇഷ്ടമല്ലെങ്കില്‍ വെട്ടിമാറ്റുന്ന സ്വഭാവമാണെന്നും, അദ്ദേഹം ഒറ്റയ്ക്ക് കഴിയുന്ന ആളായതിനാല്‍ ഞാന്‍ അഡ്ജസ്റ്റ് ചെയ്യണം' എന്നുമാണ് ജനറല്‍ സെക്രട്ടറി പറഞ്ഞത്. പ്രസിഡന്റിനോട് പരാതി പറയരുതെന്ന് തന്നെ വിലക്കിയതായും കത്തില്‍ പറയുന്നു.
സംഘടനയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളെപ്പോലും അശ്ലീലം കലര്‍ന്ന ഭാഷയില്‍ ട്രഷററും സെക്രട്ടറിയും അധിക്ഷേപിക്കാറുണ്ടെന്ന് അതുല്യ ആരോപിക്കുന്നു. ജോയിന്റ് സെക്രട്ടറി, സരയു, കൈലാഷ്, സിജോയ് വര്‍ഗീസ് തുടങ്ങിയവരെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് താന്‍ നേരിട്ട് കേട്ടിട്ടുണ്ട്. സരയുവിനെ കണ്ടാല്‍ വിടില്ല..ക്യാമറ ഉണ്ടെങ്കില്‍ എവിടെ ഇരിക്കുന്നു എന്നുവരെ നോക്കാറുണ്ട്. ഒരു നടനെ ചേര്‍ത്ത് അശ്ലീലം പറയുന്നതും കേട്ടിട്ടുണ്ട്. ഹൗസ് കീപ്പിങ് ബോയ്യോട് രഹസ്യമായി പലതും ചോദിക്കും. തന്നെയും സെക്യൂരിറ്റിയെയും ചേര്‍ത്ത് അനാവശ്യമായ സംശയങ്ങള്‍ ഉന്നയിച്ച് അപമാനിക്കാന്‍ ട്രഷറര്‍ ശ്രമിച്ചതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സംഘടനയില്‍ നടക്കുന്ന സാമ്പത്തിക ഇടപാടുകള്‍ പ്രസിഡന്റ് അറിയാതിരിക്കാന്‍ സെക്രട്ടറി ജാഗ്രത പുലര്‍ത്തിയിരുന്നു. ബാങ്ക് ട്രാന്‍സാക്ഷന്‍ വിവരങ്ങള്‍ പ്രസിഡന്റിനെ അറിയിക്കരുതെന്ന് നിര്‍ദ്ദേശിച്ചു. അച്ചടക്ക സമിതിയുടെ പേരിലും ടിഎ ഇനത്തിലും ലക്ഷക്കണക്കിന് രൂപ ചെലവാകുന്നുണ്ട്. ട്രഷറര്‍ പഴയ തീയതി വെച്ച് ചെക്കുകള്‍ എഴുതാറുണ്ടെന്നും, സ്വന്തം ആവശ്യങ്ങള്‍ക്കായി ചെലവാക്കുന്ന പണത്തിന് രേഖകളില്ലാതെ സെക്രട്ടറി അപ്രൂവല്‍ നല്‍കാറുണ്ടെന്നും അതുല്യ ആരോപിക്കുന്നു.
അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ജനറല്‍ സെക്രട്ടറി ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തി. ലക്ഷ്മിപ്രിയയ്ക്കെതിരെ മെയില്‍ അയക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയും അച്ചടക്ക സമിതി ഉണ്ടാക്കി പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കുകയും ചെയ്തു. ടിനി ടോമിനെപ്പോലുള്ളവര്‍ക്ക് ചായ ഉണ്ടാക്കി നല്‍കരുതെന്ന് വിലക്കിയപ്പോള്‍, മായാ വിശ്വനാഥിന് ചായയുണ്ടാക്കി നല്‍കാന്‍ തന്നെ അവധി ദിവസത്തില്‍ പോലും വിളിച്ചുവരുത്തി 'അടിമപ്പണി' ചെയ്യിച്ചതായും കത്തില്‍ പറയുന്നു.
ഓഫീസില്‍ പുതിയ ക്യാമറകള്‍ സ്ഥാപിച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നു. ഓരോ മെമ്പറും എപ്പോള്‍ വന്നു, എവിടെ ഇരുന്നു തുടങ്ങിയ കാര്യങ്ങള്‍ തന്നോട് ചോദിച്ച് മനസ്സിലാക്കുമായിരുന്നു. ഒടുവില്‍ തനിക്കെതിരെ കള്ളപ്പരാതി നല്‍കാന്‍ സെക്യൂരിറ്റി ജീവനക്കാരന് ഓഫറുകള്‍ നല്‍കി സ്വാധീനിക്കാന്‍ സെക്രട്ടറി ശ്രമിച്ചതായും അതുല്യ വെളിപ്പെടുത്തി.
കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ... 'അമ്മ'യുടെ ഓഫിസില്‍ ട്രഷററില്‍ നിന്നുണ്ടായ ചില മോശം പെരുമാറ്റങ്ങളും മാനസിക പീഡനവും ജനറല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഓഫിസ് മാനേജര്‍ ആയിരുന്ന എന്നെ ടെര്‍മിനേറ്റ് ചെയ്യുന്ന നടപടി ആണ് ജനറല്‍ സെക്രട്ടറിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഈ ഒരു ടെര്‍മിനേഷന്‍ തന്നതിന്റെ കാരണം അറിയാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നു. എന്റെ ജോലികള്‍ തൃപ്തികരമല്ല എന്ന് എനിക്ക് ലഭിച്ച കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പ്രൊബേഷന്‍ പീരീഡ് മാര്‍ച്ചില്‍ കഴിഞ്ഞതാണ്. തൃപ്തികരമല്ലെങ്കില്‍ മാര്‍ച്ചില്‍ ലെറ്റര്‍ തരേണ്ടതാണ്. ഏപ്രില്‍ 30 ആയപ്പോള്‍ മാത്രം തൃപ്തികരമല്ല എന്ന് പറഞ്ഞത് ഞാന്‍ ട്രഷറര്‍ക്ക് എതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണെന്നുള്ളത് എനിക്കറിയാം.
ഒരു വനിത സ്റ്റാഫിനു ട്രഷററിന്റെ ഭാഗത്തു നിന്നും മോശമായ പെരുമാറ്റം ഉണ്ടായി എന്ന് പറയുമ്പോള്‍ കുറഞ്ഞപക്ഷം കാര്യങ്ങള്‍ എന്താണെന്നു അന്വേഷിക്കുന്നതിനു പകരം ജനറല്‍ സെക്രട്ടറി എന്നെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. പരാതി പറഞ്ഞാല്‍ പിന്നെ ഞാന്‍ ഓഫിസില്‍ തുടരാന്‍ പാടില്ല. ലെറ്റര്‍ ഇട്ടാല്‍ അപ്പോഴേ ഓഫിസില്‍ നിന്നും ഞാന്‍ പൊക്കോളണം. ഉണ്ണിക്ക് ഒരാളെ ഇഷ്ടമല്ലെങ്കില്‍ അയാളെ കട്ട് ചെയുന്ന സ്വഭാവം ആണ്. ഉണ്ണി ഒറ്റയ്ക്കു ജീവിക്കുന്ന ഒരുപാട് പ്രശ്‌നങ്ങളുള്ള ആളാണ് എന്നൊക്കെയാണ് ജനറല്‍ സെക്രട്ടറി പറഞ്ഞത്. കൂടാതെ ഞാന്‍ പരാതിപ്പെട്ട ശേഷം കഴിഞ്ഞമാസങ്ങളില്‍ പലതവണ ഞാന്‍ ഓഫിസില്‍ നിന്നും എപ്പോഴാണ് ജോലി അവസാനിപ്പിച്ചു പോകുന്നതെന്ന് എന്നോട് ജനറല്‍ സെക്രട്ടറി ഫോണിലൂടെയും നേരിട്ടും ചോദിക്കുകയുണ്ടായി.
ഓഫിസില്‍ നടക്കുന്ന കാര്യങ്ങള്‍ ഞാന്‍ പ്രസിഡന്റിനെ അറിയിക്കുന്നു എന്നുപറഞ്ഞ്, ഇതുപോലെ മുന്‍പ് ഫോണില്‍ വിളിച്ചും അല്ലാതെയും ജനറല്‍ സെക്രട്ടറി എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. ട്രഷറര്‍ ഉണ്ണി ശിവപാലിനെ കുറിച്ച് ഞാന്‍ ഒരു പരാതിയും പ്രസിഡന്റിനോട് പറയരുതെന്ന് പറഞ്ഞിട്ടുണ്ട്. ഓഫിസില്‍ നടക്കുന്ന കാര്യങ്ങള്‍ പ്രസിഡന്റിനോട് പറയരുതെന്ന് പറഞ്ഞിട്ടുണ്ട്. ബൈലോ പ്രകാരം ജനറല്‍ സെക്രട്ടറി ആണ് അവിടെ മുഴുവന്‍ ഉത്തരവാദിത്തവും അല്ലാതെ പ്രസിഡന്റിന് അല്ല എന്നും ഓഫിസ് മാനേജര്‍ ആയ എന്നോട് ജനറല്‍ സെക്രട്ടറി പറഞ്ഞിട്ടുണ്ട്.
എന്നെ ജോലിക്കെടുത്തതിന്റെ പിറ്റേന്ന് മുതല്‍ ട്രഷറര്‍ ഈ ഈഗോ യുദ്ധം തുടങ്ങിയതാണ്. തികച്ചും അണ്‍പ്രഫഷനല്‍ ആയിട്ടാണ് കുക്കു നിങ്ങളെ ഇന്റര്‍വ്യൂ ചെയ്തത്, എന്റെ അഭിപ്രായത്തില്‍ നിങ്ങള്‍ ശരാശരിയില്‍ താഴെ ആണ് എന്നുതുടങ്ങി ഒരു മാസം ആയപ്പോഴേക്കും കുക്കു ഞാന്‍ പറയുന്നതിനപ്പുറം പോവില്ല, നിങ്ങളെ ഞാന്‍ പറഞ്ഞുവിടുന്നത് നിങ്ങള്‍ക്ക് കാണണോ എന്നൊക്കെ പറയുകയുണ്ടായി. ഇതിനൊക്കെ പുറമെ ഈ അടുത്ത് ഒരു ദിവസം ഞാന്‍ ജോലി കഴിഞ്ഞു പോകാനിറങ്ങിയ നേരത്തു ട്രഷറര്‍ വരികയും തപാല്‍ അയയ്ക്കാന്‍ സെക്യൂരിറ്റിയെ ഏല്‍പ്പിക്കുകയും ചെയ്തു. സെക്യൂരിറ്റിയും ഞാനും പോയി കഴിഞ്ഞിട്ട് അതുല്യയും സെക്യൂരിറ്റിയും ഒരു വണ്ടിയിലാണോ പോയതെന്ന് ഹൗസ് കീപ്പിങ് ബോയ്യോട് രഹസ്യമായി ചോദിച്ചതായും ഞാന്‍ അറിഞ്ഞു.
എക്‌സിക്യൂട്ടീവ് മെംമ്പേര്‍സിനെ കുറിച്ചുള്ള സെക്രട്ടറിയുടെയും ട്രഷററിന്റെയും നിലവാരം ഇല്ലാത്ത പല കമന്റുകളും കേള്‍ക്കാന്‍ ഇടയായിട്ടുള്ളതിനാല്‍ അത്തരം ഒരു ചോദ്യം ചോദിച്ചത് സ്വാഭാവികം ആയി കരുതാനെ കഴിയുള്ളൂ. ഞാന്‍ ജോലിക്ക് കയറിയ സമയത്ത് പബ്ലിക് ആയി ഇരുന്ന് ജോയിന്റ് സെക്രട്ടറിയെ സ്വഭാവഹത്യ ചെയ്തുകൊണ്ട് വളരെ മോശമായ രീതിയില്‍ നടനെ ചേര്‍ത്ത് അശ്ലീലം പറഞ്ഞതും സരയുവിനെയും കൈലാഷിനെയും ചേര്‍ത്ത് പലതവണ ഇതേ രീതിയില്‍ പറഞ്ഞിട്ടുള്ളതിനും ഞാന്‍ സാക്ഷി ആണ്.
ആയതുകൊണ്ട് തന്നെ ജനറല്‍ സെക്രട്ടറിയുടെയും ട്രഷററുടെയും ചിന്തയുടെ അങ്ങേയറ്റം ഇതാണെന്നുള്ളതും വ്യക്തമാണ്. എക്‌സിക്യൂട്ടീവ് മെമ്പര്‍ ആയ സരയു മെയില്‍ ചെക്ക് ചെയ്യുന്നതിന് മെയിലിന്റെ പാസ്സ്വേര്‍ഡ് മാറ്റുകയും ലോഗൗട്ട് ചെയുകയും ചെയ്തിട്ടുണ്ട്. സരയു, സിജോയ്, ടിനി ടോം, കൈലാഷ് എന്നിവര്‍ ആരെങ്കിലും ഓഫിസില്‍ വന്നിട്ടുണ്ടെങ്കില്‍ ക്യാമറ ഒക്കെ ഇവിടെ ഉണ്ടെങ്കില്‍ പോലും അവര്‍ എപ്പോള്‍ വന്നു എവിടെ ഇരുന്നു, ഏതു ഫ്‌ലോറില്‍ കയറി, എന്നോട് എന്ത് ചോദിച്ചു, സംസാരിച്ചു എന്നൊക്കെ മാറിയും തിരിഞ്ഞും ട്രഷററും സെക്രട്ടറിയും ചോദിക്കാറുണ്ട്. അതേസമയം ട്രഷററും ജനറല്‍ സെക്രട്ടറിയും ഉള്ളപ്പോള്‍ അവരെ കാണാന്‍ വരുന്നവര്‍ റജിസ്റ്ററില്‍ എഴുതാറില്ല. പ്രത്യേകിച്ച് അഞ്ചു മണിക്ക് ശേഷം വരുന്നവര്‍.
ഒരിക്കല്‍ സെക്യൂരിറ്റിയോട് ആളു വരുന്നത് റജിസ്റ്ററില്‍ എഴുതിക്കാത്തത് എന്താണെന്നു ഞാന്‍ ചോദിച്ചതിന് അവിടെ ആളുകള്‍ 5 മണിക്ക് ശേഷം വരികയും പോവുകയും ചെയുന്നത് അതുല്യ എങ്ങനെ അറിഞ്ഞു, അതുല്യയോട് എന്തിനു നിങ്ങള്‍ അറിയിക്കുന്നു എന്നൊക്കെ ചോദിച്ചു ജനറല്‍ സെക്രട്ടറി വഴക്ക് പറയുകയുണ്ടായി. അവിടെ കൃത്യമായി വര്‍ക്ക് ചെയ്തിരുന്ന ക്യാമറകള്‍ മാറ്റി പുതിയ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതുപോലെ ഇത്തരത്തിലുള്ള അധിക ചെലവുകള്‍ പുറത്തറിയാതിരിക്കാന്‍ ആവണം ബാങ്ക് ട്രാന്‍സാക്ഷന്‍സ് ഒന്നും പ്രസിഡന്റിനെ അറിയിക്കാന്‍ പാടില്ല എന്നും ജനറല്‍ സെക്രട്ടറിയും ട്രഷററും പലതവണ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അച്ചടക്ക കമ്മറ്റിയുടെ പേരിലും ഒരു ലക്ഷം രൂപയില്‍ പുറത്തു ചെലവ് വന്ന വിവരവും നിങ്ങളുടെ അറിവിലേക്കായി പങ്കുവയ്ക്കുകയാണ്.
ഓണ്‍ലൈന്‍ മീറ്റിങും ഓഫ്ലൈന്‍ മീറ്റിങും ചേര്‍ത്ത് കഴിഞ്ഞ ടിഎ പോയിരിക്കുന്നത് 95,000 രൂപയാണ്. ഏപ്രില്‍ 29 നടന്നതിന്റെ ടിഎ പോയിട്ടില്ല. ആളുകളെ അങ്ങോട്ട് ഫോണില്‍ വിളിച്ച് ഇവിടേക്ക് ലക്ഷ്മിപ്രിയയ്ക്ക് എതിരെ മെയില്‍ ഇടാന്‍ പ്രേരിപ്പിച്ചു. അതിന് ഒരു അച്ചടക്ക കമ്മറ്റി രൂപീകരിച്ചു. അതിനൊരു ചെയര്‍മാനെയും വച്ചു. അയാളുടെ പേരില്‍ സീല്‍ ഒക്കെ ഉണ്ടാക്കി, പുതിയൊരു ലോകം തന്നെ ഈ കുറഞ്ഞ സമയം കൊണ്ട് ജനറല്‍ സെക്രട്ടറി സൃഷ്ടിച്ചു. ഇതിനൊക്കെ ഞാന്‍ സാക്ഷിയുമാണ്. രണ്ടു എക്‌സിക്യൂട്ടീവ് മെംമ്പേര്‍സ് തമ്മിലുള്ള പ്രശ്‌നം തീര്‍ക്കാനല്ല, ഒരു വലിയ പ്രശ്‌നം ആയിട്ട് ആളിക്കത്തിക്കാനാണ് അവരുടെ ശ്രമമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. കുടുംബ സംഗമം നടത്തിയതിന്റെ ഭാഗമായി നടന്ന പരിപാടികളെക്കുറിച്ചും ആര്‍ട്ടിസ്റ്റുകള്‍ക്ക് കൊടുത്ത പേയ്മെന്റുകളെ കുറിച്ചും അഴിമതി ആണ് എന്നുള്ള രീതിയില്‍ മായാ വിശ്വനാഥ് എന്ന നടിയെ വിളിച്ചു ഡീറ്റൈലിങ് നടത്തിയതിന്റെ ഭാഗമായി അവരുടെ വക വന്ന ഒരു മെയില്‍ ഓഫിസില്‍ ഉണ്ട്.
ഇത്തരത്തില്‍ സംഘടനയ്ക്ക് അകത്തു കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന ജനറല്‍ സെക്രട്ടറി സ്റ്റാഫിനോട് എന്തു മര്യാദ കാട്ടനാണെന്നു ഊഹിക്കാമല്ലോ. കുടുംബ സംഗമ സമയത്ത് ഒരു രൂപശ്രീ എന്ന നടി ഇന്‍ഷുറന്‍സിലെ ഒക്കെ പേര് മാറ്റണം എന്ന് പറഞ്ഞു റിസപ്ഷനില്‍ എന്നോട് സംസാരിച്ചു. അവര്‍ക്കൊപ്പം മായ വിശ്വനാഥ് ഉണ്ടായിരുന്നു. ഈ പേര് മാറ്റണം എന്നു പറഞ്ഞ നടിയോട് പേരും, മാറ്റേണ്ട പേരും തരാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ അഭിനേതാക്കളുടെ പേരറിയാതെ ആണോ ഇവിടെ കയറി ഇരിക്കുന്നത് എന്ന് അവര്‍ എന്നോട് ചോദിച്ചു. സിനിമയിലോ സീരിയലിലോ അഭിനയിക്കുന്ന എല്ലാവരെയും എല്ലാവരും അറിഞ്ഞിരിക്കണമെന്ന നിയമം എന്നെ ജോലിക്കെടുത്ത സമയത്ത് ആരും അറിയിച്ചിരുന്നില്ല. നടീ നടന്മാരെ അറിയാത്തവര്‍ക്കാണ് മുന്‍ഗണന കൊടുക്കുന്നത് എന്നാണ് ജനറല്‍ സെക്രട്ടറി ഇന്റര്‍വ്യൂയില്‍ എന്നോട് പറഞ്ഞത്. ഈ സംഭവത്തിന് ശേഷം മായാ വിശ്വനാഥ് എനിക്ക് ഭയങ്കര ആറ്റിറ്റിയൂഡ് ആണെന്നും നടിമാരേക്കാള്‍ വലിയ ആളാണോ റിസപ്ഷനില്‍ എന്നൊക്കെ ഉള്ള രീതിയില്‍ പല കമന്റുകളും ജനറല്‍ സെക്രട്ടറിയോടും മറ്റു ചില മെമ്പര്‍മാരോടും നടത്തിയതായും ഞാന്‍ അറിയുകയുണ്ടായി.
കുടുംബ സംഗമം കഴിഞ്ഞ് വന്ന ഞായറാഴ്ച ഉച്ചയോടെ ജനറല്‍ സെക്രട്ടറി എന്നെ അത്യാവശ്യം ആയി ഓഫിസില്‍ വരാന്‍ പറഞ്ഞു വിളിക്കുകയും ഞാന്‍ ചെല്ലുകയും ചെയ്തു. അപ്പോള്‍ എന്നോട് പറഞ്ഞത്, 'മായ വിശ്വനാഥ് ഇവിടെ ഉണ്ട്. ഒന്ന് നൈസ് ആയി ഹാന്‍ഡില്‍ ചെയ്യൂ അവര്‍ക്ക് ഒരു ചായ ഇട്ട് കൊടുക്കൂ' എന്നൊക്കെ. മായാ വിശ്വനാഥിനു ചായയിടാന്‍ എന്നെ ആലുവയില്‍ നിന്ന് നട്ടുച്ച നേരത്ത് വിളിച്ചു വരുത്തേണ്ടത് ഉണ്ടോ എന്ന് ചോദിച്ചതിന് എനിക്കും ഉണ്ണിക്കും കൂടി ഓരോ ചായ വേണം എന്ന് പറയുകയും എന്നെകൊണ്ട് ചായ ഉണ്ടാക്കിക്കുകയും ചെയ്തു. ഇതേ ജനറല്‍ സെക്രട്ടറി എക്‌സിക്യൂട്ടീവ് മെമ്പര്‍ ആയ ടിനി ടോമിനു ഞാന്‍ ചായയോ കോഫിയോ ഉണ്ടാക്കി കൊടുക്കരുത് എന്നും എന്നോട് പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഞാനത് അനുസരിക്കാറില്ല എന്നുള്ളതും എന്നോട് ജനറല്‍ സെക്രട്ടറിക്കുള്ള ദേഷ്യത്തിന്റെ ഒരു കാരണമാണ്. അതുപോലെ സിജോയ് വര്‍ഗീസ് എന്ന എക്‌സിക്യൂട്ടീവ് മെമ്പര്‍ 'അമ്മ' സംഘടനയെ വിറ്റു ജീവിക്കുകയാണെന്നും കൈലാഷ് എന്ന എക്‌സിക്യൂട്ടീവ് മെമ്പര്‍ തന്ത്രശാലി ആണെന്നും 'അമ്മ' അസോസിയേഷനെ ചൂഷണം ചെയുന്നവരാണെന്നുമൊക്കെ ജനറല്‍ സെക്രട്ടറിയും ട്രഷററും എന്റെ മുന്നില്‍ വച്ചു പലതവണ പറഞ്ഞിട്ടുണ്ട്.
ഈ കഴിഞ്ഞ ദിവസങ്ങളില്‍ സെക്യൂരിറ്റി മുഹമ്മദിനെ ഫോണില്‍ വിളിച്ചിട്ട് അതുല്യയ്ക്ക് എതിരെ മുഹമ്മദ് കംപ്ലയിന്റ് പറയണം എന്നു പറഞ്ഞു പല രീതിയിലുള്ള ഓഫറുകളും ജനറല്‍ സെക്രട്ടറി നല്‍കിയതായും ഞാനറിഞ്ഞു. സെക്യൂരിറ്റിയെ അവിടെ പെര്‍മനന്റ് സ്റ്റാഫ് ആക്കാന്‍ വരെ ജനറല്‍ സെക്രട്ടറിയും ട്രഷററും തീരുമാനിച്ചിട്ടുണ്ടെന്നും കുക്കു പരമേശ്വരനുവേണ്ടി, 'അമ്മ' സംഘടനയ്ക്കുവേണ്ടി അവര്‍ക്കൊപ്പം നില്‍ക്കണമെന്നും പറഞ്ഞതായി അറിഞ്ഞു. ഒടുവില്‍, പുറത്തുനിന്നു വന്ന ആരും വിചാരിച്ചാല്‍ ജനറല്‍ സെക്രട്ടറിയെയും ട്രഷററെയും ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നും സെക്യൂരിറ്റിയോട് പറഞ്ഞതായി അറിഞ്ഞു. മറ്റു ചില കാര്യങ്ങള്‍ കൂടി സൂചിപ്പിച്ചുകൊള്ളട്ടെ. ട്രഷറര്‍ ഇന്‍ഷുറന്‍സിന്റെയും മറ്റും ചെക്കുകള്‍ എഴുതുമ്പോള്‍ ചെക്കുകള്‍ നേരത്തെ എഴുതിയതാണ് പേയ്മെന്റുകള്‍ വൈകുന്നത്, ട്രഷററിന്റെ തെറ്റില്ല എന്ന് കാണിക്കാന്‍ കഴിഞ്ഞുപോയ ഡേറ്റ് ഇട്ട് ചെക്കുകള്‍ എഴുതുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇസി മെംമ്പേര്‍സ് ഇരിക്കുന്ന കാബിന്റെ കീ മാസങ്ങള്‍ക്ക് മുന്‍പേ എന്റെ കയ്യില്‍ നിന്നും വാങ്ങുകയും അദ്ദേഹം 5 മണിക്ക് ശേഷം വരുന്നതിനാല്‍ സെക്യൂരിറ്റിയെ ഏല്‍പിക്കാമെന്നു പറഞ്ഞിട്ട് അത് അദ്ദേഹത്തിന്റെ കയ്യില്‍നിന്ന് എവിടെയോ കളഞ്ഞുപോകുകയും ചെയ്തിട്ടുണ്ട്.
ജനറല്‍ സെക്രട്ടറി ഒരിക്കല്‍ ഇതെക്കുറിച്ച് ചോദിക്കുകയും ഇങ്ങനെ ട്രഷറര്‍ കളഞ്ഞു എന്ന് ഞാന്‍ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. ഈ കഴിഞ്ഞ ദിവസം ആ ഡോറിന്റെ ലോക്ക് തന്നെ ട്രഷറര്‍ ഇളക്കി മാറ്റിയിട്ടുണ്ട്. അതുപോലെ ഈദ് ഗിഫ്റ്റ് പാക്ക് ചെയ്യുന്നതിന് തെസ്നി ഖാനെയും ബീന ആന്റണിയെയുമൊക്കെ എന്തിന് വിളിച്ചു വരുത്തി, ആര് വിളിച്ചുവരുത്തി, വേറെ ആരെയും പാക്ക് ചെയ്യാന്‍ കിട്ടിയില്ലേ എന്നൊക്കെ ജനറല്‍ സെക്രട്ടറി ചോദ്യം ചെയ്യുകയുമുണ്ടായി. ഈദ് ഗിഫ്റ്റ് പാക്ക് ചെയ്യാന്‍ നൈറ്റ് നിന്നവര്‍ക്ക് ഈവനിങ് സ്‌നാക്ക്‌സ് വാങ്ങി കൊടുത്തിരുന്നു. അത് ആരൊക്കെ കഴിച്ചു എത്രയെണ്ണം കഴിച്ചു എന്നൊക്കെ വിശദമായി പേര് സഹിതം ഞാന്‍ കണക്ക് കാണിക്കണമെന്ന് ട്രഷററും സെക്രട്ടറിയും പറഞ്ഞു. അതേസമയം ക്രിക്കറ്റിന്റെ പേരില്‍ ട്രഷററുടെ ഒരു വലിയ ഫുഡ് ബില്‍ ഫ്രണ്ട് ഓഫിസില്‍ നിന്നും പേ ചെയ്തതില്‍ ആര് കഴിച്ചെന്നോ എത്ര ക്വാണ്ടിറ്റി കഴിച്ചെന്നോ ഒന്നും ഒരു രേഖകളും ഇല്ലാതെ ജനറല്‍ സെക്രട്ടറി അപ്രൂവല്‍ കൊടുത്തു പേയ്മെന്റ് കൊടുത്തിട്ടുണ്ട്. 9 മണിമുതല്‍ 5 മണി വരെ ജോലി സമയം പറഞ്ഞ എനിക്ക് ന്യായമായും എന്നെ 5 മണിക്ക് ശേഷം ജോലി ചെയ്യിപ്പിച്ചതിന്റെ പ്രതിഫലം നല്‍കേണ്ടതുണ്ട്. ഇതൊന്നും ഇല്ലാതെ മതിയായ കാരണങ്ങള്‍ നല്‍കാതെ ഇത്തരത്തില്‍ നടപടി എടുത്തത് ജനറല്‍ സെക്രട്ടറിയുടെയും ട്രഷററുടെയും സ്വയം സംരക്ഷണത്തിന്റെ ഭാഗമാണെന്നുള്ളതും ഞാന്‍ പ്രസിഡന്റിനെയും എക്‌സിക്യൂട്ടീവ് മെംമ്പേര്‍സിനെയും അറിയിക്കുകയാണ്. എന്ന് അതുല്യ''