തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 'അതിമനോഹര'ത്തിന് ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് ദേവസ്വം ബോര്‍ഡ് അതിവേഗം അനുമതി നല്‍കിയ നടപടി പുതിയ നിയമ-വിശ്വാസ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതുറക്കുന്നു. കോടിക്കണക്കിന് അയ്യപ്പഭക്തര്‍ എത്തുന്ന പുണ്യസങ്കേതമായ ശബരിമലയില്‍ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോ മേല്‍നോട്ടമോ ഇല്ലാതെ ദേവസ്വം ബോര്‍ഡിന് മാത്രമായി ഇത്തരമൊരു തീരുമാനമെടുക്കാന്‍ അധികാരമുണ്ടോയെന്ന ചോദ്യമാണ് നിയമവൃത്തങ്ങളില്‍ ഉയരുന്നത്.
ഇതിനുമുന്‍പ് അനുരാജ് മനോഹരന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് ശബരിമലയില്‍ ഷൂട്ടിംഗ് അനുമതി നിഷേധിച്ച ദേവസ്വം ബോര്‍ഡ് തന്നെയാണ് ഇപ്പോള്‍ സൂപ്പര്‍താര ചിത്രത്തിന് വി ഐ പി പരിഗണനയോടെ അതിവേഗം പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ചെറിയ ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിക്കുകയും വന്‍കിട സിനിമകള്‍ക്ക് നിര്‍ബാധം വഴിതുറന്നുകൊടുക്കുകയും ചെയ്യുന്ന ദേവസ്വം ബോര്‍ഡിന്റെ ഇരട്ടത്താപ്പാണ് ഇതോടെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുന്നത്.
വിശ്വാസങ്ങളെ ഹനിക്കുന്നതോ പവിത്രതയ്ക്ക് കോട്ടം വരുത്തുന്നതോ ആയ രംഗങ്ങള്‍ പാടില്ലെന്നും, ഷൂട്ടിംഗിന് മുന്‍പ് തിരക്കഥ ദേവസ്വം ബോര്‍ഡിന് നല്‍കണമെന്നുമുള്ള കര്‍ശന ഉപാധികളോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 'അതിമനോഹര'ത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് അനുമതി പത്രം കൈമാറിയിരിക്കുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ 'ലൗലജന്‍' എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്.
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ശബരിമല സന്നിധാനത്ത് ഔദ്യോഗികമായി ഒരു സിനിമയുടെ ചിത്രീകരണത്തിന് അനുമതി ലഭിക്കുന്നത്. 1986-ല്‍ പുറത്തിറങ്ങിയ 'നമ്പിനോര്‍ കെടുത്തവതില്ലെ...' എന്ന തമിഴ് സിനിമയുടെ ചിത്രീകരണം വലിയ വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും വഴിവെച്ചിരുന്നു. അന്ന് യുവതികളായ നടിമാരെ മലകയറ്റി പതിനെട്ടാംപടിക്കല്‍ നൃത്തം ചെയ്യിച്ചെന്ന കേസില്‍ സംവിധായകനും നിര്‍മാതാവിനും അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. ഭാസ്‌കരന്‍ നായര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ക്കും കോടതി പിഴ ശിക്ഷ വിധിച്ചിരുന്നു.
ഇത്തരം ചരിത്രപരമായ വിവാദങ്ങളും ഹൈക്കോടതിയുടെ കര്‍ശന നിരീക്ഷണവുമുള്ള ശബരിമലയില്‍, കോടതിയുടെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ദേവസ്വം ബോര്‍ഡ് സ്വന്തം നിലയ്ക്ക് ഷൂട്ടിംഗിന് പച്ചക്കൊടി കാട്ടിയത് വരുംദിവസങ്ങളില്‍ വലിയ നിയമപ്രശ്നങ്ങളിലേക്ക് വഴിവെച്ചേക്കാം. സന്നിധാനത്തെ സുരക്ഷയെയും ഭക്തരുടെ സൗകര്യങ്ങളെയും ബാധിക്കുന്ന തീരുമാനത്തില്‍ കോടതി എങ്ങനെ ഇടപെടും എന്നത് നിര്‍ണായകമാണ്.
അയ്യപ്പന്റെ ചരിത്രവും പൂങ്കാവനവും പശ്ചാത്തലമാക്കി 'ശബരിമല ശ്രീ ധര്‍മ്മശാസ്താ' (1970), 'സ്വാമി അയ്യപ്പന്‍' (1975) തുടങ്ങിയ പുരാണ-ഭക്തിചിത്രങ്ങളും, ലാല്‍ ജോസ് സംവിധാനം ചെയ്ത 'നാല്‍പ്പത്തിയൊന്ന്' (2019) എന്ന സാമൂഹിക ചിത്രവുമെല്ലാം മുന്‍പ് വന്നിട്ടുണ്ടെങ്കിലും സന്നിധാനത്തെ ചിത്രീകരണങ്ങള്‍ക്ക് എപ്പോഴും കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ചിത്രത്തിന് മാത്രം ലഭിച്ച ഈ പ്രത്യേക ആനുകൂല്യം സിനിമാ മേഖലയ്ക്കുള്ളിലും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.
തൊടുപുഴ പ്രധാന ലൊക്കേഷനായ 'അതിമനോഹര'ത്തിന്റെ ഏറ്റവും നിര്‍ണായകമായ ഭാഗങ്ങളാണ് സന്നിധാനത്ത് ചിത്രീകരിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഭക്തര്‍ക്കൊപ്പം പോലീസ് യൂണിഫോമില്‍ നില്‍ക്കുന്ന മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മീര ജാസ്മിന്‍ നായികയാകുന്ന ചിത്രം ഡിസംബര്‍ റിലീസായാണ് അണിയറപ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്യുന്നത്. തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് രതീഷ് രവിയാണ് തിരക്കഥ ഒരുക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. വമ്പന്‍ അണിയറപ്രവര്‍ത്തകര്‍ അണിനിരക്കുന്ന ചിത്രത്തിന് ശബരിമലയിലെ അനുമതി വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും, ഇതിനുപിന്നിലെ നിയമവശങ്ങളും വിവേചനവും വിവാദങ്ങള്‍ക്ക് തിരികൊളുത്തിക്കഴിഞ്ഞു.
സാധാരണക്കാരായ സിനിമാപ്രവര്‍ത്തകര്‍ അപേക്ഷ നല്‍കുമ്പോള്‍ സുരക്ഷയും തീര്‍ത്ഥാടന തടസ്സവും ചൂണ്ടിക്കാട്ടി തള്ളിക്കളയുന്ന ദേവസ്വം ബോര്‍ഡ്, സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് മുന്നില്‍ നിബന്ധനകള്‍ ലഘൂകരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യം ഭരണതലത്തിലും ഉയരുന്നുണ്ട്. സന്നിധാനത്തിന്റെ വിശുദ്ധിയും സുരക്ഷയും ഉറപ്പുവരുത്താന്‍ ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടം വേണമെന്ന ആവശ്യവും ശക്തമാകുകയാണ്. നിയമപരമായ കടമ്പകളും ഉയര്‍ന്നുവരുന്ന വിവാദങ്ങളും മറികടന്ന് 'അതിമനോഹര'ത്തിന്റെ സന്നിധാനത്തെ ചിത്രീകരണം സുഗമമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്നാണ് സിനിമാ ലോകവും അയ്യപ്പഭക്തരും ഉറ്റുനോക്കുന്നത്. വിഷയം കോടതിയുടെ പരിഗണനയിലേക്ക് എത്തിയാല്‍ ദേവസ്വം ബോര്‍ഡിന് വ്യക്തമായ മറുപടി നല്‍കേണ്ടി വരും.