ആഷിഖ് അബു സംവിധാനം ചെയ്യുന്ന നിപ പ്രമേയമായ ചിത്രം വൈറസ്സില്‍ ഫഹദ് ഫാസിലും, ഇന്ദ്രജിത്തും വേഷമിടും. ഇക്കഴിഞ്ഞ ദിവസം ഇന്ദ്രജിത് ചിത്രത്തിന്റെ സെറ്റില്‍ ചേര്‍ന്നു. നിപ പനിക്കു കടിഞ്ഞാണിടുന്ന സംഘത്തിലെ ഒരു പ്രധാന ഉദ്യോഗസ്ഥന്റെ റോളാവും ഇന്ദ്രജിത് ചെയ്യുക. ജനുവരി ഏഴാം തിയ്യതിയാണ് വൈറസിന് കോഴിക്കോട് തുടക്കമായത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആയിരുന്നു ആരംഭം. മലയാള സിനിമാ രംഗത്തെ മുന്‍ നിര താരങ്ങളില്‍ ഒട്ടു മിക്കവാറും അണി നിരക്കുന്നുവെന്ന പ്രത്യേകതയുമായാണ് വൈറസ് പുറത്തു വരുന്നത്. 17 ജീവനുകള്‍ കവര്‍ന്ന പനിയെ പ്രമേയമാക്കി മലയാളത്തില്‍ ഇറങ്ങുന്ന ഏക ചിത്രമാണ് വൈറസ്. നിപ്പ ബാധിച്ച കോഴിക്കോട് ജില്ലയാണ് ചിത്രീകരണത്തിന് വേദിയാവുക. ആമേനില്‍ ഫഹദും ഇന്ദ്രജിത്തും ഒന്നിച്ചഭിനയിച്ചിരുന്നു
രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ വന്‍ താര നിരയാണ് ചിത്രത്തില്‍ അണി നിരക്കുക. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ വേഷത്തിലെത്തുക രേവതിയായിരിക്കും. കളക്ടര്‍ യു.വി. ജോസ് ആവുന്നത് ടൊവിനോ. നിപ ബാധിതരെ ചികില്‍സിച്ചു ജീവന്‍ വെടിഞ്ഞ നേഴ്‌സ് ലിനിയായി റിമയാവും വേഷമിടുക.
ചലച്ചിത്ര രംഗത്തെ പ്രഗത്ഭരുടെ വന്‍നിര പിന്നണിയിലുമുണ്ട്. രാജീവ് രവിയാണ് ക്യാമറ. എഡിറ്റിംഗ് സൈജു ശ്രീധരന്‍. സംഗീതം സുഷിന്‍ ശ്യാം. വരത്തന്‍ ചിത്രത്തിന്റെ തിരക്കഥ രചിച്ച സുഹാസ്-ഷറഫു കൂട്ടുകെട്ട് മുഹ്സിന്‍ പരാരിയുമായി കൈകോര്‍ക്കുന്നതാവും സ്‌ക്രിപ്റ്റ്. സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ് ചിത്രത്തിന്റെ സംഭാഷണം രചിച്ചത് മുഹ്സിനാണ്. ഒ.പി.എം. പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം വിഷു റിലീസ് ആയാവും എത്തുകയെന്നു പ്രതീക്ഷിക്കുന്നു