Latest News

കുറേ ദിവസങ്ങളായി ആശുപത്രികള്‍ കയറിയിറങ്ങുന്നു;നഗരഹൃദയത്തിലെ വമ്പന്‍ ബ്ലോക്ക് പോലെ ഹൃദയത്തെ ബ്ലോക്കുകള്‍ ചുറ്റി വരിഞ്ഞിരിക്കുന്നു;ബൈപ്പാസ്സ് ശസ്ത്രക്രിയക്ക് വിധേയനാകണം;താങ്ങാന്‍ പറ്റാത്ത അത്ര ഒരു തുക ആശുപത്രിയില്‍ ചിലവിലേല്‍ക്കാവും; ആശുപത്രി കിടക്കയില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ച് കണ്ണന്‍ സാഗര്‍

Malayalilife
 കുറേ ദിവസങ്ങളായി ആശുപത്രികള്‍ കയറിയിറങ്ങുന്നു;നഗരഹൃദയത്തിലെ വമ്പന്‍ ബ്ലോക്ക് പോലെ ഹൃദയത്തെ ബ്ലോക്കുകള്‍ ചുറ്റി വരിഞ്ഞിരിക്കുന്നു;ബൈപ്പാസ്സ് ശസ്ത്രക്രിയക്ക് വിധേയനാകണം;താങ്ങാന്‍ പറ്റാത്ത അത്ര ഒരു തുക ആശുപത്രിയില്‍ ചിലവിലേല്‍ക്കാവും; ആശുപത്രി കിടക്കയില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ച് കണ്ണന്‍ സാഗര്‍

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി സജീവമാണ് കണ്ണന്‍ സാഗര്‍. പ്രേക്ഷകരെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് അദ്ദേഹം അവതരിപ്പിക്കാറുള്ളത്. ജീവിത വിശേഷങ്ങളെല്ലാം അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അടുത്തിടെയായിരുന്നു മകന്റെ വിവാഹം കഴിഞ്ഞത്. കുടുംബത്തിലേക്ക് പുതിയൊരാളെത്തിയ വിശേഷങ്ങള്‍ അദ്ദേഹം പങ്കിട്ടിരുന്നു. ഇപ്പോഴിതാ ആരോഗ്യപരമായി അത്ര നല്ല അവസ്ഥയിലൂടെയല്ല താന്‍ കടന്നുപോവുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയും സഹായം അഭ്യര്‍ത്ഥിച്ചുമാണ് നടന്‍ എത്തിയത്.  ആന്‍ജിയോഗ്രാം ചെയ്തപ്പോള്‍ ഹൃദയത്തില്‍ ബ്ലോക്ക് കണ്ടെത്തിയെന്നും എത്രയും വേഗം ബൈപ്പാസ് സര്‍ജറി ചെയ്യണമെന്നും കണ്ണന്‍ സാഗര്‍ പറയുന്നു. തന്നെക്കൊണ്ട് ഇപ്പോള്‍ താങ്ങാന്‍ പറ്റാത്ത അത്ര തുക ആശുപത്രിയില്‍ ചിലവിലേക്ക് ആവുമെന്നും സംഘടനയിലും ചില സഹപ്രവര്‍ത്തകരേയും വിളിച്ച് തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തിതായും അദ്ദേഹം വ്യക്തമാക്കി.


കണ്ണന്‍ സാഗറിന്റെ വാക്കുകള്‍ ഇങ്ങനെ

ജീവിതത്തിലെ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും സാമ്പത്തിക പരാദീനതയും സന്തോഷവും സമാധാനവും സംരക്ഷണയും കരുതലും ആഗ്രഹിക്കാത്തവരായി ഈ ലോകത്ത് ആരും ഉണ്ടാകില്ല. ഉള്ള വരുമാനത്താല്‍ കുടുംബവും പോറ്റി മക്കളേയും വളര്‍ത്തി അവര്‍ക്കൊരു നല്ലതിനായി പ്രാര്‍ത്ഥിച്ചും അവര്‍ക്കുവേണ്ടി പ്രയത്‌നിച്ചും, ആവുന്നത്ര ഉള്ളതില്‍ നിന്നും മറ്റുള്ളവരെ സഹായിച്ചും സന്തോഷിപ്പിച്ചും പോകുന്ന പോക്കിലാണ് വെള്ളിടി വെട്ടുമ്പോലെ കുടുംബ ജീവിതത്തിലേക്ക് അസുഖം എന്ന അതിഥി കടന്നുവരുന്നതും, അല്‍പ്പം ദുഃഖിപ്പിച്ചും വേദനിപ്പിച്ചും കൂടെയുള്ളവരുടെ സമയം കെടുത്തിയും ഒരു ബാധ്യതക്കു വഴിയൊരുക്കി ഇനിയെങ്ങനെ മുന്നോട്ട് എന്ന ചോദ്യശരങ്ങളുമായി വഴിമുടക്കിയും ഇനി ഞാന്‍ പറഞ്ഞിട്ടു മുന്നോട്ട് പോയാല്‍ മതിയെന്ന ശാഠ്യവുമായി അസുഖങ്ങള്‍ വിലങ്ങനെ കടന്നു നില്‍ക്കുന്നതും.

എന്നാല്‍ നോക്കട്ടെയെന്ന ധൃഠനിശ്ചയത്തോടെ നേരിടാന്‍ തയ്യാറായാലും സാമ്പത്തികം ഒരു വലിയ ഘടകമാണ്. അവിടെയാണ് നമ്മള്‍ ഒന്നുമല്ലെന്ന ബോധം വരുന്നതും മറ്റുള്ളവരുടെ സഹായം തേടുന്നതും. അതൊരു കുറച്ചിലായി ഞാനും കാണുന്നില്ല. നമ്മുടെ ആവശ്യങ്ങള്‍ പറഞ്ഞാലല്ലേ മറ്റുള്ളവര്‍ അറിയുക. സന്മനസുള്ളവര്‍ സഹായിക്കാന്‍ തയ്യാറാകൂ.

കുറേ ദിവസങ്ങളായി ഞാന്‍ ആശുപത്രികള്‍ കയറിയിറങ്ങുന്നു. ഇന്നലെ ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ്,തോമസ് ഹോസ്പിറ്റലില്‍ ആന്‍ജിയോഗ്രാം ചെയ്തു. നഗരഹൃദയത്തിലെ വമ്പന്‍ ബ്ലോക്ക് പോലെ എന്റെ ഹൃദയത്തെ ബ്ലോക്കുകള്‍ ചുറ്റി വരിഞ്ഞിരിക്കുന്നു. ഉടനെ ബൈപ്പാസ്സ് ശസ്ത്രക്രിയക്ക് വിധേയനാകണം എന്നാണ് ഡോക്ടര്‍ പറയുന്നത്. അതിലേക്ക് മറ്റൊരു ആശുപത്രിയുടെ സേവനവും ആവശ്യമായി വരുമെന്നും ഡോക്ടര്‍ അറിയിച്ചു. അതറിഞ്ഞപ്പോള്‍ മുതല്‍ ഭാര്യയും മക്കളും നല്ല വിഷമത്തിലാണ്. ഞാന്‍ അവരെ സമാധാനിപ്പിച്ചു പിടിച്ച് നില്‍ക്കുന്നു.

എന്നൊക്കൊണ്ട് ഇപ്പോള്‍ താങ്ങാന്‍ പറ്റാത്ത അത്ര ഒരു തുക ആശുപത്രിയില്‍ ചിലവിലേല്‍ക്കാവും. ഞാന്‍ സംഘടനയിലും ചില സഹപ്രവര്‍ത്തകരേയും വിളിച്ചു എന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. ഇന്ന് പരുമലയിലുള്ള ഹോസ്പിറ്റലില്‍ ചെക്കപ്പിന് വീണ്ടും പോകുകയാണ്. പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥന എന്റേയും കുടുംബത്തിന്റേയും കൂടെ ഉണ്ടാവണം. ക്ഷണിക്കാതെ കടന്നുവന്ന അസുഖമെന്ന അതിഥിയെ ഒന്ന് പറഞ്ഞുവിടുന്ന തിരക്കിലാണ് ഞാനും. എന്ന് നടന്‍ പറയുന്നു.

artist kannan sagar needs bypass

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES