എമ്പുരാന്' വിവാദങ്ങള്‍ കത്തുന്നതിനിടെ നായകന്‍ മോഹന്‍ലാലിന് പിന്തുണയുമായി നടന്‍ അപ്പാനി ശരത്ത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പില്‍ ചിത്രം കട്ടുകള്‍ നടത്തി റീ-സെന്‍സര്‍ ചെയ്തതിനെയും ശരത് വിമര്‍ശിച്ചു.വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ടെന്നും എന്നാല്‍ കത്രിക വയ്ക്കാനും കത്തി വയ്ക്കാനും അവകാശമില്ലെന്നും ഫേസ്ബുക്കിലൂടെ ശരത് പ്രതികരിച്ചു. നിങ്ങള്‍ വാളോങ്ങുന്നത് രാജാവിനെയാണെന്നും, ഈ ജനത അദ്ദേഹത്തിന് പിന്നില്‍ ഉണ്ടാവുമെന്നും ശരത് പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം
'തലയില്‍ പൂടയുണ്ടോ എന്ന് സംശയം ഉള്ളവനാണ് 'കള്ളാ' എന്ന വിളി കേള്‍ക്കുമ്പോ കൊള്ളുന്നത്. I repeate കൊള്ളുന്നത് എന്നാണ് ഞാന്‍ പറഞ്ഞത് 'നിങ്ങള്‍ കൊല്ലുന്നത്' എന്നല്ല. ഒരു മുള്ള് കൊണ്ടാല്‍ റോസാ ചെടി മുഴുവന്‍ അരിഞ്ഞു കളയണം എന്ന് വാദിക്കാം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും കോടതിയിലും ഭരണഘടനയിലും ഞങ്ങള്‍ക്ക് വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് ഞങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്തതെന്നും വാദിക്കാം.
പക്ഷെ നിങ്ങള്‍ ചെയ്തതെല്ലാം ചരിത്ര വസ്തുതകളായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 'ബാലിയുടെ കഥ പറയുമ്പോള്‍ രാമന്‍ ജനിച്ചത് മുതല്‍ വിവരിക്കാത്തത് എന്തേ.?' എന്ന് നിങ്ങള്‍ പറയുന്നത് ചെയ്ത തെറ്റ് മറച്ച് പിടിക്കാനുള്ള അടവായിട്ട് മാത്രേ എനിക്ക് തോന്നുന്നുള്ളു. കക്ഷി രാഷ്ട്രീയമന്യേ എല്ലാര്‍ക്കും അമ്പ് കൊണ്ട ഒരു കലാസൃഷ്ടിയില്‍ നിങ്ങള്‍ക്ക് മാത്രം നൊന്തു എങ്കില്‍ നിങ്ങള്‍ തെറ്റ് ചെയ്തു എന്ന് തന്നെയാണ് അര്‍ത്ഥം. മായ്ച്ചു കളയാന്‍ ഉദ്ദേശിക്കുന്ന ഒരു ചരിത്രം പുതിയ തലമുറയിലേക്ക് എത്തരുത് എന്ന് തന്നെയാണ് ഉദ്ദേശം. വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ട്. പക്ഷെ കത്രിക വയ്ക്കാനും കത്തി വയ്ക്കാനും ഇല്ല തന്നെ.
ഒരു കാര്യം മാത്രം നിങ്ങള്‍ ഓര്‍ക്കുക നിങ്ങള്‍ വാളോങ്ങുന്നത് രാജാവിനെയാണ്. 46 വര്‍ഷങ്ങള്‍ കൊണ്ട് മലയാളത്തിന്റെ മനസ്സുകളില്‍ ജാതി മത വര്‍ണ്ണ വര്‍ഗ ലിംഗ വ്യത്യാസമില്ലാതെ തന്റെ സിംഹാസനം ഉറപ്പിച്ച മഹാരാജാവിനെ. അഭിനയത്തിന്റെ ചെങ്കോല്‍ ഏന്തുന്ന സാമ്രാട്ടിനെതിരെ. മലയാളികള്‍ സ്‌നേഹം കൊണ്ട് കിരീടം ചാര്‍ത്തിക്കൊടുത്ത ഒരേ ഒരു രാജാവിനെ. കുറിച്ചു വച്ചോളൂ ഈ ജനതയുണ്ടാവും അദ്ദേഹത്തിന്റെ പിന്നില്‍. നിങ്ങള്‍ എന്തിന് വേണ്ടി പടയെടുത്തോ അത് നിങ്ങളുടെ കഴുത്തിലെ കുരുക്കാവും. കാരണം ഇവിടെ മതം കൊണ്ടല്ല മനുഷ്യരെ അളക്കുന്നത് സ്‌നേഹം കൊണ്ടാണ്,' ശരത് കുറിച്ചു.