മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം ആന്‍ മരിയയുടെ കുടുംബവിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഫുഡ് വ്‌ലോഗര്‍ ഷാന്‍ ജിയോയുമായുള്ള വേര്‍പിരിയലിന് പിന്നാലെ തന്റെ ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ചും മകള്‍ നല്‍കുന്ന പിന്തുണയെക്കുറിച്ചും ആന്‍ മരിയ മനസ്സ് തുറന്നു. രണ്ട് വിവാഹബന്ധങ്ങള്‍ തകര്‍ന്നപ്പോഴും തളരാതെ കൂടെനിന്നത് മകളാണെന്ന് താരം പറയുന്നു.
വീട്ടുകാര്‍ക്കും കൂടെയുള്ളവര്‍ക്കും വേണ്ടി മാത്രം ജീവിക്കുന്ന തന്റെ പ്രകൃതം മാറണമെന്ന് മകള്‍ ആഗ്രഹിക്കുന്നതായി ആന്‍ മരിയ പറഞ്ഞു. 'മമ്മിക്ക് സെല്‍ഫ് ലവ് ഇല്ല, സെല്‍ഫ് കെയര്‍ ഇല്ല എന്നാണ് മോള്‍ പറയുന്നത്. മമ്മി ഇനിയെങ്കിലും ഇഷ്ടമുള്ളത് പോലെ ജീവിക്കണം, എന്നെ നോക്കണ്ട, മറ്റുള്ളവര്‍ എന്ത് പറയും എന്ന് ആലോചിക്കണ്ട എന്നൊക്കെ അവള്‍ പറയും. കൂടെയുള്ളവര്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന പ്രകൃതമാണ് എന്റേത്. പക്ഷേ, എനിക്ക് വേണ്ടി കൂടി ഞാന്‍ ജീവിക്കണമെന്നാണ് അവളുടെ പക്ഷം'- ആന്‍ മരിയ വ്യക്തമാക്കി.
ബന്ധങ്ങളില്‍ അമിതമായ ആത്മബന്ധം കാണിക്കുമ്പോള്‍ താന്‍ തന്നെ തകര്‍ന്നുപോകുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്ന് താരം സമ്മതിക്കുന്നു. 'സെപ്പറേറ്റായതിന് ശേഷം ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ബന്ധങ്ങള്‍ വേണം, പക്ഷേ ചത്ത് കിടന്നുള്ളത് വേണ്ട. ഒരു കൈ അകലത്തില്‍ മതി ബന്ധങ്ങള്‍ എന്ന് തിരിച്ചറിഞ്ഞു. മോളുടെ തീരുമാനവും എന്നെ സംബന്ധിച്ച് വലുതായിരുന്നു. എല്ലാം മനസ്സിലാക്കാവുന്ന പ്രായമായപ്പോള്‍, 'മമ്മി മമ്മിയുടെ തീരുമാനം എടുത്തോളൂ' എന്നാണ് അവള്‍ പറഞ്ഞത്.'
മകളെ എല്ലാ കാര്യങ്ങളും അറിയിച്ചുതന്നെയാണ് താന്‍ വളര്‍ത്തുന്നതെന്ന് ആന്‍ മരിയ പറയുന്നു. തന്റെ അമ്മ തന്നെ വളര്‍ത്തിയ അതേ മാതൃകയാണ് താനും പിന്തുടരുന്നത്. ചോദിക്കുന്നതെല്ലാം സാധിച്ചുകൊടുക്കാറില്ലെന്നും, വിഷമങ്ങളും ഇല്ലായ്മകളും അറിയിച്ചുതന്നെയാണ് മകളെ വളര്‍ത്തുന്നതെന്നും ആന്‍ മരിയ ഒരു അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.