സിനിമ റിലീസ് ചെയ്ത ദിവസം തന്നെ യൂട്യൂബ് റിവ്യൂവറായ അശ്വന്ത് കോക്ക് തന്റെ ചിത്രത്തെ മോശമായി ചിത്രീകരിച്ച് തകര്‍ത്തുവെന്ന് ആരോപിച്ച് 'അങ്കം അട്ടഹാസം' എന്ന സിനിമയുടെ സംവിധായകന്‍ സുജിത് എസ്. നായര്‍ രംഗത്ത്. അശ്വന്ത് കോക്കിന് എഴുതിയ തുറന്ന കത്തിലാണ് അതീവ വൈകാരികമായി സംവിധായകന്‍ പ്രതികരിച്ചത്.
ചിത്രത്തിന് മോശം റിവ്യൂ നല്‍കാതിരിക്കാന്‍ അശ്വന്ത് കോക്ക് പണം ആവശ്യപ്പെട്ടുവെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ഇതിന് തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് അശ്വന്ത് കോക്കും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന്‍ സുജിത് എസ്. നായരുടെ പ്രതികരണം.
സുജിത് എസ് നായരുടെ കുറിപ്പ് ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത് അത്യന്തം വേദനയോടെയാണ്. ഞാന്‍ സംവിധാനം ചെയ്ത അങ്കം അട്ടഹാസം എന്ന സിനിമയെ അശ്വന്ത് കോക്കിനെ പോലെ സ്വയം പ്രഖ്യാപിത റിവ്യൂവര്‍മാരില്‍ പലരും ഒടുങ്ങാത്ത പകയോടെ, കടുത്ത മുന്‍ വൈരാഗ്യത്തോടെന്ന പോലെ മെയ് 8 ന് സിനിമ റിലീസ് ചെയത ദിവസം തന്നെ കൊന്നു കൊല വിളിച്ചു. ഞങ്ങളുടെ പണം, ഞങ്ങളുടെ അത്യദ്ധ്വാനം എന്ന പതിവ് ന്യായങ്ങളൊന്നും പറയുന്നില്ല. സിനിമ ടിക്കറ്റെടുത്ത് കാണുന്ന ആര്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ സഭ്യമായി, സത്യസന്ധമായി രേഖപ്പെടുത്താം.
പക്ഷേ സഭ്യതയുടെ, മര്യാദയുടെ സകല സീമകളും ലംഘിച്ചുകൊണ്ടുള്ള വ്യക്തിപരമായ അധിക്ഷേപം, ആക്രമണം എന്തിനായിരുന്നു? നിങ്ങളുടെ അജണ്ട കാരണമല്ലേ റിലീസ് ചെയ്ത് ആറാം നാള്‍ ഞങ്ങള്‍ക്ക് എല്ലാ തിയേറ്ററുകളില്‍ നിന്നും ഞങ്ങളുടെ സിനിമ പിന്‍വലിക്കേണ്ടി വന്നത്? കോടികള്‍ മുടക്കിയ, ഇരുന്നൂറോളം പേരുടെ അദ്ധ്യാനത്തിന് പുല്ലു വില കല്പിച്ച് യൂ ട്യൂബ്, ഫേസ് ബുക്ക് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന മോണിട്ടൈസേഷന്‍ കൂടാതെ പോസിറ്റീവ് പറയാനും കാശ് വേണമെന്ന അത്യാര്‍ത്തി തുറന്ന് കാട്ടിയപ്പോള്‍ അശ്വന്ത് കോക്കിന് നൊന്തോ?
ഞങ്ങളുടെ നോവിനേക്കാള്‍ വലിയ നോവല്ലെടാ അത്. നീ ഒരു അദ്ധ്യാപകനായിരുന്നു അല്ലേ? ഇന്നലെ രാത്രി ഏതോ ലഹരിയുടെ ഉന്മാദത്തില്‍ ഉറഞ്ഞ് തുള്ളിയ നിന്റെ വൃത്തികെട്ട വായില്‍ നിന്ന് വീണ അതിനേക്കാള്‍ വൃത്തികെട്ട വാക്കുകള്‍ കേട്ടവരൊക്കെ നീ പഠിപ്പിച്ച ആ പാവം വിദ്യാര്‍ത്ഥികളെയോര്‍ത്ത് നൊന്തതിനേക്കാള്‍ വലിയ നോവാണോടാ പാവപ്പെട്ട കലാകാരന്മാരുടെ അന്നത്തില്‍ മണ്ണ് വാരിയിട്ട് അന്നം കണ്ടെത്തുന്ന കാട്ടാളനായ നിന്റെ നോവ്? ഒരു സിനിമ റിലീസ് ചെയിത് 3 മണിക്കൂര്‍ ആകുന്നതിനു മുന്നേ ആ സിനിമയുടെ കഥ പറയാന്‍ ആരാണ് അവകാശം തന്നത്? ഇത് എവിടെത്തെ അഭിപ്രായ സ്വാതന്ത്ര്യം ആണ്? എന്റെ സിനിമ തിയേറ്ററില്‍ എത്തി മണിക്കൂറിനുള്ളില്‍ അതിന്റെ കഥ മുഴുവന്‍ പറഞ്ഞ് നശിപ്പിച്ചിട്ടു നിനക്കൊക്കെ കിട്ടിയത് ഒന്നോ രണ്ടോ ലക്ഷം രൂപയായിരിക്കും.
പക്ഷെ ഇതിന്റെ പിന്നില്‍ കാശ് മുടക്കിയവര്‍ അവരുടെ കുടുംബം, ഇനി ഉള്ള അവരുടെ ജീവിതം ഇതൊക്കെ നീയൊക്കെ ചിന്തിക്കാറുണ്ടോ? ഇത്രയൊക്കെ ചെയ്തിട്ടും വീണ്ടും വീണ്ടും പച്ച തെറിയാണ് നിന്റെ വായില്‍ നിന്നും വരുന്നത്. നിന്നെ സപ്പോര്‍ട്ട് ചെയ്യാനും നിന്നെ പേടിച്ച് നില്ക്കാനും സിനിമാ രംഗത്ത് തന്നെ ചിലരുണ്ടെന്നറിയാം; ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവര്‍, നിന്നെപ്പോലെയുള്ളവരുടെ സംഘത്തില്‍ ചേര്‍ക്കാന്‍ സര്‍വ്വഥാ യോഗ്യരായവര്‍.
ഞങ്ങള്‍ക്കുള്ളത് കുറെ നല്ല മനുഷ്യരുടെ മനസ് കൊണ്ടുള്ള സപ്പോര്‍ട്ട് മാത്രം... എന്റെ ജീവിതം ഉള്ളംകൈയില്‍ വച്ചാണ് ഞാനീ സിനിമയൊരുക്കിയത്. അത്രയ്ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ എനിക്കുമുണ്ട്. ഈ സിനിമയെ നിന്നെപ്പോലെയുള്ളവരുടെ മൃഗീയാക്രമണം തകര്‍ത്തതോടെ ഇനി പിടിച്ചു നില്‍ക്കാന്‍ പോലും എനിക്ക് പാടാണ്. ഈ വിഷയത്തില്‍ ഒരു പക്ഷേ ഇത് എന്റെ അവസാന പോസ്റ്റ് ആയിരിക്കാം. ഇത് വായിക്കുന്ന എന്റെ സുഹൃത്തുക്കള്‍ ഒന്ന് മാത്രം മനസിലാക്കിയാല്‍ മതി. ഞാന്‍ വേദനിക്കുന്നത് എന്റെ സിനിമയെ മോശം പറഞ്ഞത് കൊണ്ടല്ല.
വര്‍ഷങ്ങളായി കഷ്ടപ്പെട്ട് ഉണ്ടാക്കിയ സിനിമയുടെ കഥ റിലീസ് ആയി മണിക്കൂറിനുള്ളില്‍ സീന്‍ ബൈ സീന്‍ പറഞ്ഞ് ഒരു തിയേറ്ററില്‍ പത്ത് പേരെ പോലും കയറ്റാതെ എന്നെയും എന്റെ നിര്‍മാതാക്കളെയും വിസ്മൃതിയിലാക്കിയതിന് എതിരെയാണ് ഞങ്ങളുടെ പ്രതിക്ഷേധം. ഈ ഒരു സിനിമയോട് കൂടിയെങ്കിലും നിര്‍മ്മാതാക്കളുടെ കണ്ണീര് കൊണ്ട് നീയൊക്കെ അരിവാങ്ങുന്നത് അവസാനിക്കും. കാലം ഇതും കടന്നുപോകും - സുജിത് എസ് നായര്‍