Latest News

അന്ന് പൊട്ടിച്ചിരിപ്പിച്ച ആ മനുഷ്യന്‍ ഇന്ന് കരയിപ്പിക്കുന്ന കാഴ്ച; പ്രിയ കൂട്ടുകാരന്റെ വിയോഗം താങ്ങാനാകാതെ നടന്‍ മമ്മൂട്ടി; എല്ലാമെല്ലാമെന്ന് കരുതിയവര്‍ പെട്ടെന്ന് ഒരു വാക്ക് പോലും പറയാതെ ജീവിതത്തില്‍ നിന്ന് വിട പറയുന്ന കാഴ്ച; മൃതദേഹത്തിന് അരികില്‍ വിങ്ങിപൊട്ടി ദിലീപ്;വിയോഗത്തില്‍ നെഞ്ചുതകര്‍ന്ന് മുഖ്യമന്ത്രി വി.ഡി സതീശനും

Malayalilife
അന്ന് പൊട്ടിച്ചിരിപ്പിച്ച ആ മനുഷ്യന്‍ ഇന്ന് കരയിപ്പിക്കുന്ന കാഴ്ച; പ്രിയ കൂട്ടുകാരന്റെ വിയോഗം താങ്ങാനാകാതെ നടന്‍ മമ്മൂട്ടി; എല്ലാമെല്ലാമെന്ന് കരുതിയവര്‍ പെട്ടെന്ന് ഒരു വാക്ക് പോലും പറയാതെ ജീവിതത്തില്‍ നിന്ന് വിട പറയുന്ന കാഴ്ച; മൃതദേഹത്തിന് അരികില്‍ വിങ്ങിപൊട്ടി ദിലീപ്;വിയോഗത്തില്‍ നെഞ്ചുതകര്‍ന്ന് മുഖ്യമന്ത്രി വി.ഡി സതീശനും

നടന്‍ സലിംകുമാറിന്റെ വിയോഗത്തില്‍ അതീവ വൈകാരികമായി പ്രതികരിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. സലിംകുമാറിന്റെ അപ്രതീക്ഷിത വിയോഗം തനിക്ക് നല്‍കുന്നത് തീരാത്ത വേദനയാണെന്ന് വ്യക്തമാക്കുന്നതാണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്. മലയാള സിനിമയിലെ തന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്റെ വേര്‍പാടില്‍ സിനിമാ ലോകം ഒന്നടങ്കം വിറങ്ങലിച്ചു നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മമ്മൂട്ടിയുടെ ഹൃദയസ്പര്‍ശിയായ വാക്കുകള്‍ പുറത്തുവന്നത്. 

'ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോള്‍ കരയിപ്പിക്കുക മാത്രമാണ്. തീരാത്ത സങ്കടമായി സഹോദരാ നിന്റെ വിയോഗം...' മമ്മൂട്ടി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു. ചിരിയുടെ തമ്പുരാനായി തിളങ്ങിനിന്ന സലിംകുമാറിന്റെ വേര്‍പാട് വ്യക്തിപരമായി തനിക്ക് എത്രത്തോളം വലിയ നഷ്ടമാണെന്ന് മമ്മൂട്ടിയുടെ വാക്കുകളില്‍ വ്യക്തമാണ്. 

മലയാള ചലച്ചിത്ര ചരിത്രത്തില്‍ മമ്മൂട്ടിയും സലിംകുമാറും ഒന്നിച്ച് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. മായാവിയിലെ 'കണ്ണാടി വിശ്വന്‍', തുറുപ്പുഗുലാനിലെ 'അഡ്വക്കേറ്റ് മുകുന്ദനുണ്ണി', അണ്ണന്‍ തമ്പി, പോക്കിരിരാജ തുടങ്ങിയ ചിത്രങ്ങളിലെ ഇവരുടെ കോമ്പിനേഷന്‍ രംഗങ്ങള്‍ തിയേറ്ററുകളില്‍ വലിയ രീതിയില്‍ ചിരി പടര്‍ത്തിയവയാണ്. മമ്മൂട്ടിയുടെ മാസ്സ് പ്രകടനങ്ങള്‍ക്കൊപ്പം സലിംകുമാറിന്റെ ടൈമിംഗ് കോമഡികള്‍ കൂടിയായപ്പോള്‍ അത് പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത ദൃശ്യവിരുന്നായി മാറി. 

തന്റെ ഉറ്റസുഹൃത്തിന്റെ മൃതദേഹത്തിന് അരികില്‍ വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി നില്‍ക്കുന്ന നടന്‍ ദിലീപിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ നോവായി മാറുകയാണ്.പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ പ്രിയ കൂട്ടുകാരന്‍ കലാഭവന്‍ മണി മരിച്ചപ്പോഴാണ് ഇതുപോലെ ഹൃദയം തകര്‍ന്ന് നില്‍ക്കുന്ന ദിലീപിനെ മലയാളി പ്രേക്ഷകര്‍ ഇതിന് മുമ്പ് കണ്ടിട്ടുള്ളത്. 

മിമിക്രിയുടെയും സിനിമയുടെയും തുടക്കകാലം മുതല്‍ തനിക്കൊപ്പം തോള്‍ ചേര്‍ന്ന് നടന്നവരെല്ലാം ഒന്നൊന്നായി പോയി മറയുന്നത് ദിലീപിനെ എത്രത്തോളം ആഴത്തില്‍ വേദനിപ്പിക്കുന്നുണ്ടെന്ന് പുറത്തുവരുന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. നഷ്ടബോധത്തിന്റെ കനത്ത ഭാരത്തോടെ സലിംകുമാറിന് അരികില്‍ നില്‍ക്കുന്ന ദിലീപ് കണ്ടുനില്‍ക്കുന്നവരുടെ കണ്‍കോണുകളെയും ഈറനണിയിക്കുകയാണ്.


സിനിമയ്ക്ക് അകത്തും പുറത്തും ദിലീപുമായി ഏറ്റവും അടുത്ത ആത്മബന്ധം പുലര്‍ത്തിയ വ്യക്തികളില്‍ ഒരാളായിരുന്നു സലിംകുമാര്‍. മിമിക്രി വേദികള്‍ തൊട്ടുള്ള ഇവരുടെ സൗഹൃദം ചലച്ചിത്ര മേഖലയിലും ശക്തമായി തുടര്‍ന്നു. സലിംകുമാറിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്തയറിഞ്ഞയുടന്‍ തന്നെ നാദിര്‍ഷയും ദിലീപും വിവരങ്ങള്‍ അന്വേഷിച്ച് ഓടിയെത്തിയിരുന്നു. പ്രിയ സുഹൃത്തിന്റെ ജീവനായി പ്രാര്‍ത്ഥനയോടെ കാത്തിരുന്ന അവര്‍ക്ക് ഒടുവില്‍ കണ്ണീരോടെ ആ വിയോഗം ഉള്‍ക്കൊള്ളേണ്ടി വരികയായിരുന്നു. ഇന്നലെവരെ ഒപ്പമിരുന്ന് സംസാരിച്ചവര്‍, ഒരുമിച്ച് ചായ കുടിച്ചവര്‍, നമ്മുടെ സങ്കടങ്ങളില്‍ തോളില്‍ തട്ടി ആശ്വസിപ്പിച്ചവര്‍ പെട്ടെന്നൊരു നിമിഷം ഓര്‍മ്മയായി മാറുമ്പോള്‍ ആദ്യം അനുഭവപ്പെടുന്നത് ഒരു തരം മരവിപ്പാണ്. മരണത്തിന്റെ വാര്‍ത്ത വിശ്വസിക്കാന്‍ മനസ്സ് വിസമ്മതിക്കും.

മലയാള സിനിമയില്‍ ദിലീപും സലിംകുമാറും ഒന്നിച്ച് ജനപ്രിയമാക്കിയ കഥാപാത്രങ്ങള്‍ നിരവധിയാണ്. 'തെങ്കാശിപ്പട്ടണ'ത്തിലെ ഉണ്ണിയുടെ അളിയന്‍, 'ഈ പറക്കും തളിക'യിലെ ഭൂവനചന്ദ്രന്റെ ഉമാകാന്തന്‍, 'കല്യാണരാമനി'ലെ കുഞ്ഞന്റെ ചന്ദ്രന്‍, 'സി.ഐ.ഡി മൂസ'യിലെ മൂസയുടെ ഭ്രാന്തന്‍, 'ഗ്രാമഫോണി'ലെ സച്ചിയുടെ തബല ഭാസ്‌കരന്‍, 'തുറുപ്പുഗുലാനി'ലെ മാധവന്റെ വക്കീല്‍ മുകുന്ദനുണ്ണി, 'ചാന്തുപൊട്ടി'ലെ രാമന്റെ പ്യാരി, 'തിളക്ക'ത്തിലെ ഗോപാലന്റെ ലക്ഷ്മണന്‍ എന്നിങ്ങനെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഒട്ടനവധി കോമ്പോകള്‍ ഇരുവരും ചേര്‍ന്ന് വെള്ളിത്തിരയില്‍ സമ്മാനിച്ചു.

ശനിയാഴ്ച രാത്രി 10.43ഓടെയായിരുന്നു കൊച്ചി അമൃത ആശുപത്രിയില്‍ വെച്ച് സലിംകുമാര്‍ അന്തരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഡോക്ടര്‍മാരുടെ പരമാവധി ശ്രമങ്ങള്‍ നടന്നെങ്കിലും ഒടുവില്‍ ശനിയാഴ്ച രാത്രിയോടെ മലയാളത്തിന്റെ പ്രിയ താരം മരണത്തിന് കീഴടങ്ങുകയായിരുന്നു.

പ്രിയ കലാകാരന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഞായറാഴ്ച രാവിലെ മുതല്‍ വടക്കന്‍ പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. ചലച്ചിത്ര-രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പ്രമുഖരടക്കം വന്‍ ജനപ്രവാഹമാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. പൊതുദര്‍ശനത്തിന് ശേഷം ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ പറവൂരിലെ വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

സലിം കുമാര്‍ എന്ന വ്യക്തി തനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ലെന്നും, തന്റെ കൂടപ്പിറപ്പും കുടുംബാംഗവും സഹോദരനുമായിരുന്നുവെന്നും വി.ഡി. സതീശന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. അവസാനമായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പറവൂരിലെ ജനങ്ങള്‍ തനിക്ക് നല്‍കിയ സ്വീകരണ വേദിയായിരുന്നു സലിം കുമാറിന്റെ അവസാന പൊതുപരിപാടിയെന്നും ആ മുഖത്ത് എന്തൊരു സന്തോഷമായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. ക്ഷീണിച്ച മുഖത്തെ ആ ചിരി ഇപ്പോഴും തന്റെ മാത്രമല്ല, പറവൂരുകാരുടെ മുഴുവന്‍ മനസ്സിലുമുണ്ടാകുമെന്നും അദ്ദേഹം കുറിച്ചു.

വടക്കന്‍ പറവൂരിന്റെ വലിയൊരു അഭിമാനമായിരുന്നു സലിം കുമാറെന്ന് വി.ഡി. സതീശന്‍ അനുസ്മരിച്ചു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ചലച്ചിത്ര മേഖലയിലെ പലരും കൃത്യമായ നിലപാടുകള്‍ പറയാന്‍ മടിച്ചുനിന്നപ്പോഴും, ഒന്നും ആഗ്രഹിക്കാതെ കോണ്‍ഗ്രസ് രാഷ്ട്രീയം പൊതുവേദികളില്‍ തുറന്നുപറയാന്‍ അദ്ദേഹം എപ്പോഴും തയ്യാറായിരുന്നു. ദാരിദ്ര്യവും കഷ്ടപ്പാടുമുള്ള സാധാരണ കുടുംബത്തില്‍ ജനിച്ച് കഠിനാധ്വാനത്തിലൂടെ ദേശീയ പുരസ്‌കാര നിറവിലേക്കും ഓസ്‌കാര്‍ നോമിനേഷനിലേക്കും വരെ എത്തിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.

തന്റെ എല്ലാ തിരഞ്ഞെടുപ്പുകളിലും ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത് സലിം കുമാറായിരുന്നുവെന്ന് വി.ഡി. സതീശന്‍ ഓര്‍മ്മിച്ചു. അത് തന്റെ മാത്രം അവകാശമായി കണ്ട് അദ്ദേഹം എല്ലാ തവണയും ഏറ്റെടുക്കുകയായിരുന്നു. ഏറ്റവും അവസാനം നടന്ന തിരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയായിരുന്നു ഉദ്ഘാടകന്‍. തന്റെ വിജയത്തിലും സ്ഥാനലബ്ധിയിലും ഇത്രയേറെ സന്തോഷിച്ച മറ്റൊരു കൂടപ്പിറപ്പില്ലെന്നും, ആ മുഖം മനസ്സില്‍ നിന്നും മറക്കാന്‍ ആവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

mammotty and satheeshan and dileep about salim kumar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES