നടി അഹാന കൃഷ്ണയുടെ പ്രീ-വെഡ്ഡിങ് ആഘോഷമായ 'അമ്മു-നിമ്മു' കാര്‍ണിവലുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. പൊക്കം കുറഞ്ഞവരെ വിനോദത്തിനായി അലങ്കാര വസ്തുക്കളാക്കി ഉപയോഗിച്ചുവെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വിമര്‍ശനം. ഇതിന് അഹാന തന്നെ സമൂഹമാധ്യമത്തിലൂടെ മറുപടി നല്‍കി
എന്നാല്‍, ഈ വിമര്‍ശനങ്ങള്‍ തള്ളി അഹാനയും മറുപടിയുമായി എത്തി. ഒരു ഏജന്‍സി വഴിയാണ് ഇവരെ ബുക്ക് ചെയ്തതെന്നും ഉയരമോ ലിംഗഭേദമോ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും അവരില്‍ തങ്ങളെല്ലാം സന്തുഷ്ടരായിരുന്നുവെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അഹാന കുറിച്ചു.
'പൊക്കം കുറഞ്ഞ ആളുകളെ വസ്തുവത്കരിക്കുന്നതും, വെറുമൊരു സൗന്ദര്യപരമായ അലങ്കാരവസ്തുവായി ഉപയോഗിക്കുന്നതും കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ വലിയ അസ്വസ്ഥത തോന്നുന്നു'.- എന്നായിരുന്നു അഹാനയുടെ കാര്‍ണിവല്‍ പോസ്റ്റില്‍ വന്ന വിമര്‍ശന കമന്റ്.
'ഒരു ഏജന്‍സി വഴിയാണ് ഞങ്ങള്‍ ജഗ്ഗ്‌ലര്‍മാരെയും കാര്‍ണിവല്‍ കലാകാരന്മാരെയും ബുക്ക് ചെയ്തത്. അത് പ്രൊഫഷണലും മാന്യവുമായ ഒരു ജോലിയാണ്. ഉയരം, ലിംഗഭേദം, അല്ലെങ്കില്‍ ശരീരപ്രകൃതി എന്നിവ നോക്കി ഞങ്ങള്‍ ഒരിക്കലും ആരെയും ആവശ്യപ്പെട്ടിട്ടില്ല. അത് ഞങ്ങള്‍ക്ക് ഒരു ഘടകമേ ആയിരുന്നില്ല.
പ്രൊഫഷണല്‍ കലാകാരന്മാരെയാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്, ഏജന്‍സി അവരുടെ പക്കലുള്ള ടീമിനെ അയച്ചു. അവിടെ എത്തിയതില്‍ അവര്‍ സന്തോഷവാന്മാരായിരുന്നു, ഞങ്ങള്‍ക്കെല്ലാവര്‍ക്കും മികച്ച ഒരു അനുഭവം ലഭിക്കുകയും ചെയ്തു. അവര്‍ ഞങ്ങളുടെ ചടങ്ങിലെ കലാകാരന്മാരായിരുന്നു, അല്ലാതെ അലങ്കാര വസ്തുക്കളായിരുന്നില്ല.
കാര്യം മനസ്സിലാക്കാതെ വിധി എഴുതുമ്പോള്‍, ഒബ്‌ജെക്ടിഫിക്കേഷന്‍ നടത്തുന്നത് ഞങ്ങളല്ല എന്നാണ് ഞാന്‍ കരുതുന്നത്'.- അഹാന കുറിച്ചു.
അതേസമയം, അഹാനയെ പിന്തുണച്ച് നിരവധി ആളുകളാണെത്തിയത്. ഒരു തരത്തില്‍ ആ കലാകാരന്മാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമല്ലേ ലഭിക്കുന്നതെന്നും മറ്റ് ജോലികളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്ന വിഭാഗങ്ങള്‍ക്ക് ഇത്തരം അവസരങ്ങള്‍ ഉപജീവനത്തിന് സഹായകരമാകുമെന്ന അഭിപ്രായങ്ങളും ഉയര്‍ന്നു.