അമ്മ ഭരണസമിതി പിരിച്ചുവിട്ടതോടെ,സംഘടന നേരിടുന്നത് ചരിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ്. സംഘടന രൂപീകരിച്ച ശേഷം ഇതാദ്യമായാണ് ഭരണസമിതിയില്‍ ഒരു കൂട്ടരാജി ഉണ്ടാകുന്നത്.പുതിയ ഭാരവാഹികള്‍ ആരാകണം എന്നത് സംബന്ധിച്ച് സംഘടനയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.
ജഗദീഷ്, രമേശ് പിഷാരടി, പൃഥ്വിരാജ്, അന്‍സിബ തുടങ്ങിയവരെ പ്രധാന സ്ഥാനങ്ങളിലേക്ക് പരിഗണിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. പ്രസിഡന്റ് / ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ ഏതെങ്കിലും ഒന്നിലേക്ക് വനിതയെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം, വെല്ലുവിളി നിറഞ്ഞ പുതിയ കമ്മിറ്റിയിലെ നേതൃസ്ഥാനത്തേക്ക് പ്രമുഖ താരങ്ങള്‍ മുന്നോട്ടുവരാനുള്ള സാധ്യതയും വിരളമാണ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആരോപണ വിധേയല്ലാത്തവര്‍ ഭാരവാഹി സ്ഥാനത്തേക്ക് വരട്ടെ എന്നാണ് വനിതകള്‍ ഉള്‍പ്പെടെ ബഹുഭൂരിപക്ഷം അമ്മ അംഗങ്ങളുടെയും നിലപാട്.നടന്മാര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഇന്നലയൊണ് അമ്മ ഭരണസമിതി പിരിച്ചുവിട്ടത്.
സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മോഹന്‍ലാല്‍ രാജി വയ്ക്കുകയും ചെയ്തു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. 17 ഭരണസമിതി അംഗങ്ങളും രാജിവെച്ചു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്തം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നുവെന്നായിരുന്നു വിശദീകരണം.
യുവനടിയുടെ ലൈംഗികാരോപണത്തിനു പിന്നാലെ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ധിഖ് രാജിവെച്ചിരുന്നു. പിന്നാലെ അമ്മ അംഗങ്ങളായ മുകേഷ് അടക്കമുള്ളവര്‍ക്കെതിരെ ആരോപണം ഉയരുകയുണ്ടായി. സിദ്ദിഖിന്റെ രാജിക്ക് പിന്നാലെ ജനറല്‍ സെക്രട്ടറിയുടെ താല്കാലിക ചുമതല വഹിച്ചിരുന്ന നടന്‍ ബാബു രാജിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മ സ്വീകരിച്ച നിലപാടില്‍ വലിയ വിമര്‍ശനം സംഘടനയ്ക്ക് ഉള്ളില്‍ നിന്ന് തന്നെ ഉയരുന്നതിനിടെയാണ് ഭരണ സമിതി പിരിച്ചുവിട്ടത്.
പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിരുന്നില്ല എന്നതും വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.മോഹന്‍ലാല്‍, ജദഗീഷ്, ജയന്‍ ചേര്‍ത്തല, സിദ്ദിഖ്, ബാബുരാജ്, ഉണ്ണിമുകുന്ദന്‍, അനന്യ, അന്‍സിബ ഹസ്സന്‍, ജോയ് മാത്യു, ജോമോള്‍, കലാഭവന്‍ ഷാജോണ്‍, സരയൂ മോഹന്‍, സുരാജ് വെഞ്ഞാറമ്മൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹന്‍ എന്നിവരായിരുന്നു അമ്മയുടെ ഭരണസമിതി അംഗങ്ങള്‍.'
'നിവര്‍ത്തികേടു കൊണ്ടാണ് രാജി എന്ന് മാധ്യമങ്ങള്‍ കരുതുന്നുവെങ്കില്‍ അങ്ങനെ തന്നെ കരുതിക്കോളൂ. 506 മെമ്പര്‍മാരില്‍ ആരോപണം വരുന്നത് തലപ്പത്തിരിക്കുന്നവര്‍ തൊട്ടാണ്. അത് തങ്ങള്‍ക്ക് വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ എന്ന അമ്മയുടെ നിലപാടില്‍ മാറ്റമില്ല', ജയന്‍ ചേര്‍ത്തല പറഞ്ഞു.
രാജി തീരുമാനം ഐകകണ്ഠേനയാണെന്നും ആരും മാറി ചിന്തിച്ചിട്ടില്ലെന്നും അദേഹം വ്യക്തമാക്കി. 'മോഹന്‍ലാലുമായി രാവിലെ മൂന്ന് വട്ടം സംസാരിച്ചിരുന്നു. അമ്മയില്‍ എല്ലാവര്‍ക്കും സമ്മതമായിട്ടുള്ള പുതിയ ഭാരവാഹികള്‍ ജയിച്ചു കയറി വരും. അതാകുമ്പോള്‍ ആര്‍ക്കും പരാതി പറയാന്‍ ഉണ്ടാകില്ല. അമ്മ ഒരിക്കലും അനാഥമാകില്ല', ആദേഹം പറഞ്ഞു.
'അമ്മ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. 116 പേര്‍ക്ക് 5000 രൂപ വീതം പെന്‍ഷന്‍ കൊടുക്കേണ്ടതാണ്. ഒരുപാട് ഉത്തരവാദിത്വങ്ങള്‍ അമ്മ നേതൃത്വത്തിനുണ്ട്. അതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ആരും തയ്യാറല്ല.അഡ് ഹോക്ക് കമ്മിറ്റിയുമായി മുന്നോട്ടു പോകുകയാണ്. കുറച്ചു കഴിയുമ്പോള്‍ കേസിന്റെ കാര്യങ്ങള്‍ മാറും'. അഗ്നിശുദ്ധി വരുത്തി ആരോപണ വിധേയര്‍ക്ക് തിരിച്ചു വരാമല്ലോ എന്നുപറഞ്ഞ അദേഹം ജനങ്ങള്‍ അമ്മയെ തിരിച്ചറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും വ്യക്തമാക്കി.
'മൂന്നരക്കോടി ജനം അമ്മയെ വിലയിരുത്തുന്നത് മാധ്യമങ്ങളിലൂടെ. ഞങ്ങളുടെ ഭാഗത്ത് ഞങ്ങള്‍ സത്യസന്ധമായി തന്നെ പോകുന്നു. ഞങ്ങള്‍ ഇരയ്ക്കൊപ്പം തന്നെയാണ് വേട്ടക്കാര്‍ക്ക് ഒപ്പം അല്ല.
താരങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ പല ഭാഗത്തുനിന്നും വരുന്നു. തമാശയ്ക്ക് ചിലര്‍ പറയുന്ന കാര്യങ്ങള്‍ പോലും ആരോപണങ്ങളായി വരുന്നു. ചില മാധ്യമങ്ങള്‍ അതിനെ വേറൊരു രീതിയില്‍ വ്യാഖ്യാനിക്കുന്നു. അതും ഒരു പീഡന ശ്രമം എന്ന നിലയില്‍ വ്യാഖ്യാനിക്കുന്നു. അതിനകത്ത് ഒരു പൊളിറ്റിക്സ് ഉണ്ട്.
ജനങ്ങളെ സാക്ഷി നിര്‍ത്തിക്കൊണ്ട് മുന്നോട്ട് നീങ്ങാം. ജനങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഞങ്ങള്‍ എല്ലാവരും രാജിവച്ച് ഒഴിയുന്നു. അഡ്ഹോക്ക് കമ്മിറ്റി രണ്ടുമാസം ഭരിക്കും', ജയന്‍ ചേര്‍ത്തല പറഞ്ഞു.