Latest News

അമ്മ'യുടെ കുടുംബമേളയ്ക്ക് പണം കൊടുത്തത് വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രം; സംഭാവനയ്ക്ക് പകരം സ്പോണ്‍സര്‍ഷിപ്പ് ആക്കി മാറ്റിയത് ശ്വേത മേനോന്‍; സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പിട്ടത് നന്ദകുമാറും കുക്കു പരമേശ്വരനും; എല്ലാം അശരണരായ കലാകാരന്മാരെ സഹായിക്കാന്‍!അമ്മയിലെ ഭിന്നതയ്ക്ക് വഴിവച്ച 75 ലക്ഷത്തിന്റെ 'വിവാദ' സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ രേഖ പുറത്ത് 

Malayalilife
 അമ്മ'യുടെ കുടുംബമേളയ്ക്ക് പണം കൊടുത്തത് വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രം; സംഭാവനയ്ക്ക് പകരം സ്പോണ്‍സര്‍ഷിപ്പ് ആക്കി മാറ്റിയത് ശ്വേത മേനോന്‍; സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പിട്ടത് നന്ദകുമാറും കുക്കു പരമേശ്വരനും; എല്ലാം അശരണരായ കലാകാരന്മാരെ സഹായിക്കാന്‍!അമ്മയിലെ ഭിന്നതയ്ക്ക് വഴിവച്ച 75 ലക്ഷത്തിന്റെ 'വിവാദ' സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ രേഖ പുറത്ത് 

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യില്‍ (AMMA) ഭിന്നതയും തര്‍ക്കങ്ങളും രൂക്ഷമാകുന്നതിനിടെ, വിവാദങ്ങള്‍ക്ക് വഴിവെച്ച കുടുംബസംഗമത്തിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട കോടികളുടെ സ്പോണ്‍സര്‍ഷിപ്പ് കരാറിന്റെ വിശദാംശങ്ങള്‍ പുറത്ത്. കഴിഞ്ഞ ഫെബ്രുവരി 14-ന് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന 'അമ്മ'യുടെ കുടുംബസംഗമത്തിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട ധാരണാപത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിവാദ നായകന്‍ ദല്ലാള്‍ നന്ദകുമാര്‍ ചെയര്‍മാനായ കൊച്ചിയിലെ വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രമാണ് 75 ലക്ഷം രൂപയ്ക്ക് ഈ പരിപാടിയുടെ പ്രധാന സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത്. 

ക്ഷേത്രം പ്രസിഡന്റ് ടി.ജി. നന്ദകുമാറും 'അമ്മ' ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മിലാണ് ഈ ഔദ്യോഗിക കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഒരു മതസ്ഥാപനത്തില്‍ നിന്നും താരസംഘടന പണം കൈപ്പറ്റുന്നതിനെച്ചൊല്ലി ഭാരവാഹികള്‍ക്കിടയില്‍ കടുത്ത ആഭിമുഖ്യ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നുവെന്നും ഇതിന്മേല്‍ സംഘടനയ്ക്കുള്ളില്‍ വോട്ടെടുപ്പ് വരെ നടന്നിരുന്നുവെന്നുമാണ് സൂചനകള്‍. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ചാരിറ്റി സംഘടന മതസ്ഥാപനങ്ങളില്‍ നിന്നും പണം വാങ്ങരുതെന്ന ശക്തമായ നിലപാടാണ് 'അമ്മ' ജോയിന്റ് സെക്രട്ടറിയും നടിയുമായ അന്‍സിബ ഹസന്‍ സ്വീകരിച്ചത്. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ അന്‍സിബ ഈ കരാറിനെ പരസ്യമായി എതിര്‍ത്തുവെങ്കിലും ഭൂരിപക്ഷ പിന്തുണയോടെ സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാന്‍ സംഘടന തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അന്‍സിബയുടെ ഈ ആക്ഷേപങ്ങളെ പ്രസിഡന്റ് ശ്വേതാ മേനോന്‍ പൂര്‍ണ്ണമായി തള്ളിപ്പറഞ്ഞു. 

ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് 'അമ്മ' എന്നതിനാല്‍ അശരണരായ കലാകാരന്മാരെ സഹായിക്കാന്‍ ആരില്‍ നിന്നും സംഭാവന സ്വീകരിക്കുന്നതിന് യാതൊരുവിധ നിയമതടസ്സങ്ങളുമില്ലെന്നാണ് ശ്വേതയുടെ വാദം. അശരണരെ സഹായിക്കാന്‍ ക്ഷേത്രം നല്‍കാന്‍ തീരുമാനിച്ച തുക, സംഭാവനയായി സ്വീകരിക്കുന്നതിന് പകരം സ്പോണ്‍സര്‍ഷിപ്പ് ആക്കി മാറ്റിയത് ശ്വേതാ മേനോനാണെന്നും ഇതിനായി അവരുടെ അടുത്ത ഒരു വ്യക്തി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതായും ചില ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. 

വിവാദ കരാറിനെക്കുറിച്ച് വെണ്ണല ക്ഷേത്രക്കമ്മിറ്റി ചെയര്‍മാന്‍ ദല്ലാള്‍ നന്ദകുമാറും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. 'അമ്മ'യുടെ കുടുംബസംഗമം നടത്തുന്നതിനായി ഒരു സ്പോണ്‍സറെ ആവശ്യമുണ്ടെന്ന് ക്ഷേത്രത്തില്‍ വന്നപ്പോള്‍ പ്രസിഡന്റ് ശ്വേതാ മേനോനാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് നന്ദകുമാര്‍ വെളിപ്പെടുത്തി. നല്ലൊരു തുക ലഭിച്ചാല്‍ അത് സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് ശ്വേത പറഞ്ഞതിനെ തുടര്‍ന്നാണ് 75 ലക്ഷം രൂപയുടെ കരാറില്‍ ഏര്‍പ്പെട്ടത്. ഇതില്‍ ആദ്യഗഡുവായ 30 ലക്ഷം രൂപ മുന്‍കൂറായി സംഘടനയ്ക്ക് നല്‍കിക്കഴിഞ്ഞു. ബാക്കി നല്‍കാനുള്ള 45 ലക്ഷം രൂപ മെയ് 31-നകം നല്‍കുമെന്നും തുക നല്‍കുന്നതില്‍ യാതൊരുവിധ തര്‍ക്കവുമില്ലെന്നും, എന്നാല്‍ ബില്ല് കിട്ടുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ കാത്തിരിക്കുന്നതെന്നും നന്ദകുമാര്‍ വ്യക്തമാക്കി. 

പണ്ട് കെഎസ്ആര്‍ടിസി ബസുകളില്‍ ദേവാലയങ്ങളുടെ പരസ്യം നല്‍കാന്‍ അനുവാദമില്ലാതിരുന്ന കാലത്ത് നിയമപോരാട്ടത്തിലൂടെ ആദ്യമായി പരസ്യം ചെയ്തത് തങ്ങളാണെന്നും, പരസ്യം നല്‍കിയതില്‍ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രത്തില്‍ ജാതി-മത പരിഗണനകളൊന്നുമില്ലെന്നും നടി അന്‍സിബയും ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുമെല്ലാം മുന്‍പ് തങ്ങളുടെ ക്ഷേത്രത്തിലെ പരിപാടികള്‍ക്ക് വന്നിട്ടുണ്ടെന്നും നന്ദകുമാര്‍ ഓര്‍മ്മിപ്പിച്ചു. 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങള്‍ തങ്ങള്‍ നോക്കേണ്ട കാര്യമില്ല. അന്‍സിബ സ്പോണ്‍സര്‍ഷിപ്പിനെ എതിര്‍ത്ത കാര്യം അറിഞ്ഞിരുന്നു. കഴിഞ്ഞ മെയ് രണ്ടിന് അന്‍സിബ ക്ഷേത്രത്തില്‍ സര്‍പ്രൈസ് സന്ദര്‍ശനം നടത്തിയപ്പോള്‍ ഇതിനെക്കുറിച്ച് ചോദിച്ചിരുന്നുവെന്നും എന്നാല്‍ അത് സംഘടനയുടെ ആഭ്യന്തര കാര്യമാണെന്നാണ് അവര്‍ മറുപടി നല്‍കിയതെന്നും നന്ദകുമാര്‍ പറഞ്ഞു. 

അതേസമയം, കരാര്‍ പ്രകാരം ക്ഷേത്രത്തിന്റെ പരസ്യങ്ങള്‍ കുടുംബസംഗമ വേദിയില്‍ അര്‍ഹിക്കുന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ചില്ല എന്നതില്‍ ക്ഷേത്ര ഭാരവാഹികള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. ഈ പരാതി നിലനില്‍ക്കെയാണ് ബാക്കി തുക നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കുന്നത്. പണമിടപാടുകളിലെ സുതാര്യതക്കുറവും സ്പോണ്‍സര്‍ഷിപ്പിലെ ധാര്‍മ്മികതയും വരും ദിവസങ്ങളില്‍ താരസംഘടനയ്ക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.

Read more topics: # അമ്മ
amma association vennala temple

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES