ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ അഭിനയത്തില്‍ മാത്രമല്ല വാനനിരീക്ഷണത്തിലും അതീവ താല്‍പര്യമുള്ള ആളാണ്. ഇപ്പോഴിതാ ആകാശക്കാഴ്ചകളിലെ അത്ഭുതമായി ഒരേ നിരയില്‍ 5 ഗ്രഹങ്ങള്‍ പ്രത്യക്ഷമായ കാഴ്ചയാണ് ബച്ചന്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇരുണ്ട ആകാശത്തില്‍ ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, യുറാനസ് എന്നീ ഗ്രഹങ്ങളാണ് ഒരേ നിരയില്‍ അണിനിരന്നത്.
'T 4600- എന്തൊരു മനോഹരമായ കാഴ്ച... ഇന്ന് അഞ്ച് ഗ്രഹങ്ങള്‍ ഒരുമിച്ച് വിന്യസിച്ചു... മനോഹരവും അപൂര്‍വവുമാണ്... നിങ്ങളും ഇതിന് സാക്ഷ്യം വഹിച്ചുവെന്ന് പ്രതീക്ഷിക്കുന്നു,'' എന്നാണ് ബിഗ് ബി ചിത്രത്തിനൊപ്പം കുറിച്ചത്.
നിമിഷങ്ങള്‍ക്കകം തന്നെ 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ മൂന്ന് ലക്ഷത്തിലധികം കാഴ്ചകളും 17,000 ലൈക്കുകളും ലഭിച്ചു. ഇന്‍സ്റ്റഗ്രാമിലും ബിഗ് ബി ഇതേ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 'പ്രോജക്റ്റ് കെ' യുടെ ഹൈദരാബാദ് സെറ്റില്‍ ഒരു ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കുന്നതിനിടെ അമിതാഭ് ബച്ചന്‍ പരിക്കില്‍ നിന്ന് സുഖം പ്രാപിക്കുന്നുണ്ട്.
ക്ഷീരപഥത്തിലെ അഞ്ചു ഗ്രഹങ്ങളാണ് ഭൂമിയില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന വിധത്തില്‍ ഒരേനിരയില്‍ കാണപ്പെട്ടത്. താഴെ ചക്രവാളത്തോട് ചേര്‍ന്ന് നിന്ന ബുധനും വ്യാഴവും ഏറ്റവും തിളക്കത്തോടെ കണ്ടു. അതിനു മുകളില്‍ ശുക്രനുമുണ്ടായിരുന്നു. ദൂരദര്‍ശിനികളുടെ സഹായത്തോടെ മാത്രമേ യുറാനസിനേയും ചൊവ്വയേയും കാണാന്‍ കഴിയുമായിരുന്നുള്ളൂ. രണ്ടോ മൂന്നോ ഗ്രഹങ്ങളെ ഒരേനിരയില്‍ പലപ്പോഴും കാണാറുണ്ട്, പക്ഷേ അഞ്ച് ഗ്രഹങ്ങള്‍ കാണുന്നത് അപൂര്‍വ്വമാണ്.
കഴിഞ്ഞ വര്‍ഷം ഉത്തരാര്‍ധഗോളത്തിലുള്ളവര്‍ക്ക് ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ ഒന്നിച്ചു കണ്ടിരുന്നു. ആകാശത്ത് 50 ഡിഗ്രി ചരിവിലാണ് അഞ്ചു ഗ്രഹങ്ങളും പ്രത്യക്ഷമായത്. ഇത്തവണ ദൃശ്യം കാണാത്തവര്‍ വിഷമിക്കേണ്ട കാര്യമില്ല, കാരണം ഏപ്രില്‍ 24ന് ചൊവ്വ, ശുക്രന്‍, യുറാനസ്, ബുധന്‍ എന്നീ ഗ്രഹങ്ങളെ ഒരേ ഭാഗത്ത് കാണാനാകും.